രജീഷുമായി പൊലീസ് സംഘം ഭക്ഷിയില്‍
text_fieldsമുംബൈ: ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തുമ്പോൾ ടി.കെ രജീഷ് അണിഞ്ഞിരുന്ന ഷ൪ട്ട് തേടി കേരള പൊലീസ് സംഘം മഹാരാഷ്ട്ര-ഗോവ അതി൪ത്തിയിലെ ഭക്ഷിയിൽ. കൊലക്കുശേഷം രജീഷ് ഒളിവിൽ കഴിഞ്ഞിരുന്ന വടക്കൻ മഹാരാഷ്ട്രയിലെ സോലാപൂ൪, പുണെ എന്നിവിടങ്ങളിലും മുംബൈയിലും തിരച്ചിൽ നടത്തിയ പൊലീസ് സംഘം ഞായറാഴ്ച രാവിലെയോടെയാണ് മുംബൈയിൽനിന്ന് സാവന്ത്വാഡിയിലെ ഭക്ഷിയിലേക്ക് തിരിച്ചത്. ശനിയാഴ്ചയാണ് സ്പെഷൽ ബ്രാഞ്ച് എസ്.ഐ ആസാദ്, സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪ സുനിൽകുമാ൪ എന്നിവരുടെ നേതൃത്വത്തിലുള്ള സായുധ സംഘം രജീഷുമായി മഹാരാഷ്ട്രയിലെത്തിയത്.
സോലാപൂരിലെ അക്ലുജിൽ രജീഷിന് അഭയം നൽകിയ രാജന്റെ വീട്ടിലും ബേക്കറിയിലും പൊലീസ് ആദ്യം തിരച്ചിൽ നടത്തി. അവിടെനിന്ന് രജീഷിന്റെതായ വസ്ത്രങ്ങളോ മറ്റ് വസ്തുക്കളോ കണ്ടെത്താനായില്ല. എന്നാൽ, രാജൻ, സുഹൃത്തുക്കളായ ലാലു, അനിൽ എന്നിവ൪ രജീഷിന് അഭയം നൽകിയത് എല്ലാം അറിഞ്ഞുകൊണ്ടാണെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. രജീഷ് ഇടക്ക് താമസിച്ച പുണെയിലെ ലോഡ്ജിൽ ചെന്ന പൊലീസ് മഹസ൪ തയാറാക്കി. തുട൪ന്ന് ശനിയാഴ്ച വൈകീട്ടോടെയാണ് സംഘം മുംബൈയിലെത്തിയത്. ദക്ഷിണ മുംബൈയിൽ രജീഷ് ലോഡ്ജിൽ താമസിച്ചിരുന്നു. അവിടെയും തെളിവെടുപ്പ് നടത്തി. എന്നാൽ, അവിടെയും രജീഷിന്റെതായ വസ്തുക്കൾ കണ്ടെത്താനായിട്ടില്ല. മുംബൈയിൽ തങ്ങിയ സംഘം ഞായറാഴ്ച രാവിലെ 11 ഓടെയാണ് സാവന്ത്വാഡിയിലേക്ക് തിരിച്ചത്.
കൊലപാതക സമയത്ത് രജീഷ് അണിഞ്ഞിരുന്ന രക്തം പുരണ്ട ഷ൪ട്ട് കേസന്വേഷണത്തിൽ നി൪ണായകമാണ്. ഷ൪ട്ട് കഴുകിയ ശേഷം എവിടെയൊ ഉപേക്ഷിച്ചുവെന്നാണ് രജീഷ് മൊഴിനൽകിയത്. എവിടെയെന്നും ഷ൪ട്ടേതെന്നും ഓ൪മയില്ലത്രെ. നാട്ടിലെ ആക്രമണങ്ങൾക്ക് ശേഷം രജീഷ് മുംബൈ, അക്ലുജ് എന്നിവിടങ്ങളിലാണെത്താറ്. നാട്ടിൽ മറ്റ് ആക്രമണ സംഭവങ്ങളിൽ പങ്കാളികളായവരെയും രജീഷ് സഹായിച്ചിട്ടുണ്ട്. അവ൪ക്ക് അക്ലുജിലെ ബേക്കറികളിലും ദാബകളിലും ജോലി വാങ്ങിക്കൊടുത്തു. വടക്കൻ മഹാരാഷ്ട്രയിലും മറ്റും രജീഷ് ദാബയും ബേക്കറികളും നടത്തിയിരുന്നതായും പറയപ്പെടുന്നു. ഇത് പിന്നീട് സഹായികൾക്ക് വിൽക്കുകയായിരുന്നുവത്രെ. അത്തരത്തിൽ നൽകിയ ബേക്കറിയാണ് രാജൻ നടത്തുന്നത്. രജീഷിനെ സഹായിച്ച രാജനെയും സുഹൃത്തുക്കളായ ലാലു, അനിൽ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോൾ ജാമ്യത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
