ഗ്രീസില്‍ നിര്‍ണായക തെരഞ്ഞെടുപ്പ്
text_fieldsഏതൻസ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ഗ്രീസിന്റെ ഭാവി നിശ്ചയിക്കപ്പെടുന്ന നി൪ണായക പാ൪ലമെന്റ് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടന്നു. രാജ്യത്തെ, 98 ലക്ഷം വോട്ട൪മാ൪ സമ്മതിദാനാവകാശം വിനിയോഗിച്ചു. മേയ് ആറിന് നടന്ന തെരഞ്ഞെടുപ്പിൽ ആ൪ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് ഗ്രീസിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്.
രാജ്യത്തെ പ്രബല വലതുപക്ഷ രാഷ്ട്രീയ പാ൪ട്ടിയായ ന്യൂ ഡെമോക്രസിയും ഇടതുപാ൪ട്ടിയായ സൈറിസയും തമ്മിലാണ് പ്രധാന മത്സരം. അഭിപ്രായ സ൪വേകളിൽ ഇരു പാ൪ട്ടികളും ഒപ്പത്തിനൊപ്പമായതിനാൽ, പാ൪ലമെന്റിൽ കൂട്ടുകക്ഷി ഭരണം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിന്റെ രണ്ടാഴ്ച മുമ്പ് തന്നെ അഭിപ്രായവോട്ടെടുപ്പുകൾക്ക് തെരഞ്ഞെടുപ്പു കമീഷൻ വിലക്കേ൪പ്പെടുത്തിയിരുന്നു. ഫലം തിങ്കളാഴ്ച പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് സാമ്പത്തിക അച്ചടക്കം നടപ്പാക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ സംവാദങ്ങൾക്കിടെയാണ് ഗ്രീക് ജനത ഒന്നര മാസത്തിനിടെ രണ്ടാം തവണയും പോളിങ് ബൂത്തിലെത്തുന്നത്. യൂറോപ്യൻ യൂനിയന്റെ നി൪ദേശാനുസരണം രാജ്യത്ത് സാമ്പത്തിക അച്ചടക്കം നടപ്പാക്കണമെന്നാണ് ന്യൂ ഡെമോക്രസി പാ൪ട്ടിയുടെ വാദം. പാ൪ട്ടി നേതാവ് അന്റോണിസ് സമരാസ് ഞായറാഴ്ച വോട്ടുരേഖപ്പെടുത്തിയതിന് ശേഷവും ഇക്കാര്യം ആവ൪ത്തിച്ചു. ഗ്രീക് ജനതക്ക് പുതിയ യുഗമാണ് തങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു.
സൈറിസ് പാ൪ട്ടിയുടെ കടുത്ത നിലപാട് രാജ്യം യൂറോസോണിൽ നിന്ന് പുറന്തള്ളപ്പെടുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. എന്നാൽ, രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും സാമ്പത്തിക അച്ചടക്ക നടപടികളെ എതി൪ക്കുന്നവരാണെന്നും അവ൪ തങ്ങളോടൊപ്പമായിരിക്കുമെന്നും സൈറിസ നേതാവ് അലക്സിസ് ത്സിപ്രാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
