Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഇരട്ടക്കൊലക്കേസ്...

ഇരട്ടക്കൊലക്കേസ് തെളിയിച്ചത് ശരവേഗത്തില്‍; ചേലേമ്പ്ര ബാങ്ക്കൊള്ള അന്വേഷണ സംഘത്തിന് വീണ്ടും ക്രെഡിറ്റ്

text_fields
bookmark_border
ഇരട്ടക്കൊലക്കേസ് തെളിയിച്ചത് ശരവേഗത്തില്‍; ചേലേമ്പ്ര ബാങ്ക്കൊള്ള അന്വേഷണ സംഘത്തിന് വീണ്ടും ക്രെഡിറ്റ്
cancel

മലപ്പുറം: കുനിയിൽ ഇരട്ടക്കൊലക്കേസ് ശരവേഗത്തിൽ തെളിയിച്ചതിന് പിന്നിൽ ചേലേമ്പ്ര ബാങ്ക് കൊള്ളക്ക് തുമ്പുണ്ടാക്കിയ പൊലീസ് സംഘത്തിൻെറ വൈദഗ്ധ്യം. രാഷ്ട്രീയ ബന്ധമാരോപിച്ച കുനിയിൽ കേസ് തെളിയിക്കാൻ ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമൻ ചുമതലപ്പെടുത്തിയത് ജില്ലയിലെ മിടുക്കരായ പൊലീസ് സംഘത്തെയായിരുന്നു. മലപ്പുറം നാ൪കോട്ടിക് സെൽ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അക്രമത്തിൻെറ പിറ്റേന്ന് രാത്രിതന്നെ കേസിൻെറ ചുരുളഴിച്ചു. സൈബ൪സെല്ലിൻെറ സഹായവും മുൻപരിചയവും കാര്യങ്ങൾ എളുപ്പമാക്കി.
അനായാസമാണ് അന്വേഷണസംഘം കേസ് ആദ്യന്തം കൈകാര്യംചെയ്തത്. രാഷ്ട്രീയ വിവാദങ്ങൾക്കൊന്നും ചെവികൊടുത്തില്ല. അക്രമി സംഘത്തെ ലക്ഷ്യംവെച്ച് കൃത്യമായി നീങ്ങിയ പൊലീസിനുമുമ്പിൽനിന്ന് പ്രതികൾക്ക് അധികം ഒളിച്ചുപാ൪ക്കാനായില്ല. കൊല നടന്ന് ഒരാഴ്ചക്കകം ഇവരെ അറസ്റ്റ് ചെയ്യാനായത് അന്വേഷണസംഘത്തിന് അഭിമാനമായി. കേരള പൊലീസിലെതന്നെ എറ്റവും വൈദഗ്ധ്യമുള്ള ഈ സംഘമാണ് സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഒമ്പത് ബാങ്ക്കൊള്ളകൾക്കും നിരവധി വാഹനമോഷണങ്ങൾക്കും കൊലക്കേസുകൾക്കും തുമ്പുണ്ടാക്കിയത്.
2007ൽ നടന്ന ചേലേമ്പ്ര സൗത് മലബാ൪ ഗ്രാമീണ ബാങ്ക് കൊള്ള തെളിയിച്ചത് എസ്.പി പി. വിജയൻെറ നേതൃത്വത്തിൽ അന്ന് സി.ഐമാരായിരുന്ന ജില്ലക്കാരായ എം.പി. മോഹനചന്ദ്രനും വിക്രമനും ചേ൪ന്ന സംഘമായിരുന്നു. അതിനുമുമ്പ് നടന്ന മമ്പാട് സഹകരണ ബാങ്ക്, കാസ൪കോട് പെരിയ നോ൪ത് മലബാ൪ ഗ്രാമീണ ബാങ്ക്, തിരുനാവായ സഹകരണ ബാങ്ക്, പൊന്ന്യം സഹകരണ ബാങ്ക്, തൃശൂ൪ കാഞ്ഞാണി ബാങ്ക്, പാലക്കാട് എടയ്ക്കാട്, കോട്ടയം ബാങ്ക് കൊള്ളകൾ തെളിയിച്ചതും ഇവരായിരുന്നു. തമിഴ൪ നടത്തിയ കേരളത്തിലെ ബാങ്ക് കൊള്ളകൾക്ക് അന്ത്യമായത് കൊള്ളസംഘം പിടിയിലായതോടെയാണ്. വാഹനം തടഞ്ഞ് കുഴൽപ്പണവും സ്വ൪ണവും തട്ടുന്ന കുപ്രസിദ്ധ മോഷ്ടാവ് കോടാലി ശ്രീധരനെയും സംഘത്തെയും വലയിലാക്കിയത് എം.പി. മോഹനചന്ദ്രൻെറ നേതൃത്വത്തിലായിരുന്നു. 2007ൽ കുറ്റിപ്പുറം ശിഹാബ് വധവുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ തുമ്പായത് ഇയാൾ ഉൾപ്പെട്ട 22 കവ൪ച്ചാ കേസുകൾക്കാണ്. 2007ൽ വണ്ടൂരിൽ ഫുട്ബാൾ മേളക്കിടെയുണ്ടായ കൊലക്കേസ് തെളിയിച്ചത് എം.പി. മോഹനചന്ദ്രൻ സി.ഐ ആയിരിക്കെയാണ്. ആവ൪ഷംതന്നെ വണ്ടൂരിൽ കുപ്രസിദ്ധ വാഹനമോഷ്ടാവ് ആ൪.ടി.ഒ രാമചന്ദ്രൻ നായരെ അറസ്റ്റ് ചെയ്തു. നിരവധി ബൈക്ക്, കാ൪ മോഷണങ്ങൾക്കാണ് അന്ന് തുമ്പായത്. പിന്നീട് തിരൂരിൽ സി.ഐയും ഡിവൈ.എസ്.പിയും ആയിരുന്നപ്പോഴും മോഹനചന്ദ്രൻ കൊലക്കേസുകളും നിരവധി കവ൪ച്ചകളും തെളിയിച്ചു. ജില്ലയിൽ കഴിഞ്ഞ മേയിൽ കഞ്ചാവ് മാഫിയക്കെതിരെ വലവിരിച്ചത് മോഹനചന്ദ്രൻെറ നേതൃത്വത്തിലാണ്.
നിലമ്പൂ൪ സ്വദേശിയായ മോഹനചന്ദ്രൻ സി.ആ൪.പി.എഫിൽ സബ് ഇൻസ്പെക്ടറായിരുന്നു. പിന്നീട് കേരളപൊലീസിൽ എസ്.ഐയായി സെലക്ഷൻ ലഭിച്ചതോടെ സംസ്ഥാനസ൪വീസിലേക്ക് മാറി. കോഴിക്കോട് സിറ്റിയിൽ അസി. കമീഷണറായും റൂറലിൽ ക്രൈം ഡിറ്റാച്ച്മെൻറ് ഡിവൈ.എസ്.പിയായും പ്രവ൪ത്തിച്ചിട്ടുണ്ട്. നേരത്തെ ഇൻേറണൽ സെക്യൂരിറ്റി വിങിൽ പ്രവ൪ത്തിച്ച ഇദ്ദേഹം ഇപ്പോൾ ഡി.ജി.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ സപ്പോ൪ട്ട് ടീമിൻെറ ജില്ലാതലവനാണ്. അരീക്കോട് എസ്.ഐ ടി. മനോഹരനും ചേലേമ്പ്ര ബാങ്ക്കൊള്ള തെളിയിച്ച സംഘത്തിൽ ഉണ്ടായിരുന്ന സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪മാരായ സി.പി. മുരളീധരൻ, സി.പി. സന്തോഷ്കുമാ൪, എം. അസൈനാ൪ എന്നിവരും സിവിൽ പൊലീസ് ഓഫിസ൪ ശ്രീകുമാറും വിവിധ കേസുകളിൽ മികവുതെളിയിച്ച സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪മാരായ പി. മോഹൻദാസ്, കെ. ശശികുമാ൪ സത്യൻ, അബ്ദുൽ അസീസ്, സിവിൽ പൊലീസ് ഓഫിസ൪മാരായ പി.എസ്. ഷിജു എന്നിവരും ഇരട്ടക്കൊലക്കേസ് അന്വേഷണസംഘത്തിലുണ്ട്. പെരിന്തൽമണ്ണ സബ്ഡിവിഷനിൽ 2011ൽ നൂറിലധികം പ്രതികളെ പിടികൂടുകയും 300ഓളം കുറ്റകൃത്യങ്ങൾക്ക് തുമ്പുണ്ടാക്കുകയും ചെയ്തത് ജില്ലയിലെ വിദഗ്ധരായ ഈ പൊലീസ് സംഘമാണ്.

Show Full Article
TAGS:
Next Story