നെയ്യാറ്റിന്‍കരയില്‍ വിധി നിര്‍ണയിച്ചത് ഉച്ചക്ക് ശേഷം വീണ വോട്ടുകള്‍
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ ജനവിധി യു.ഡി.എഫിന് അനുകൂലമാക്കിയത് ഉച്ചക്ക് ശേഷം വീണ വോട്ടുകളാണെന്ന് മുന്നണികളുടെ വിലയിരുത്തലുകൾ. ഉച്ചക്ക് ഒരു മണിയോടെ 50.5 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ മൂന്നര വരെ കാര്യമായ പോളിങ് നടന്നില്ല. അതിന് ശേഷം പോൾ ചെയ്ത വോട്ടുകളാണ് യു.ഡി.എഫിനെ തുണച്ചത്. യു.ഡി.എഫിന് നി൪ണായക ഭൂരിപക്ഷം നേടിക്കൊടുത്ത കുളത്തൂ൪, ചെങ്കൽ പഞ്ചായത്തുകളിലെ പോളിങ് ശതമാനം ഇക്കാര്യം ശരിവെക്കുന്നു.
നെയ്യാറ്റിൻകരയിൽ ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത് തിരുപുറം, ചെങ്കൽ പഞ്ചായത്തുകളിലാണ്. തിരുപുറത്ത് 83.8 ശതമാനവും ചെങ്കലിൽ 81 ശതമാനത്തോളവുമാണ് പോളിങ്. ശെൽവരാജിന് തുണയായത് ഈ പഞ്ചായത്തുകളാണ്. നാടാ൪ സമുദായത്തിലെ വ്യക്തിയെ തന്നെ ജയിപ്പിക്കണമെന്ന ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉച്ചക്ക് ശേഷം കൂട്ടത്തോടെ സമുദായാംഗങ്ങൾ ബൂത്തുകളിലെത്തിയെന്ന് ചില നാടാ൪ സമുദായ നേതാക്കൾ അവകാശപ്പെട്ടുകഴിഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള വിലയിരുത്തലിൽ ഈ കാര്യങ്ങൾ യു.ഡി.എഫ് പരിശോധിക്കുകയും വിജയം ഉറപ്പിക്കുകയും ചെയ്തത് അതിനാലാണ്. എന്നാൽ ഭൂരിപക്ഷം 10,000ത്തിന് മുകളിലായിരിക്കുമെന്ന പ്രതീക്ഷയാണ് അവ൪ക്കുണ്ടായിരുന്നത്. അതിൽ മാത്രം തെറ്റുപറ്റി. നാടാ൪ സമുദായ വോട്ടുകൾ ഏകീകരിക്കാൻ കഴിഞ്ഞതാണ് യു.ഡി.എഫിന്റെ വിജയത്തിന് കാരണമായതെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. ബി.ജെ.പിക്ക് ലഭിക്കാൻ സാധ്യതയുള്ള വോട്ടുകളെല്ലാം തന്നെ ഉച്ചയോടെ പോൾ ചെയ്തിരുന്നു. അതിയന്നൂരിലെ ഏഴ് ബൂത്തുകളിലും മുനിസിപ്പാലിറ്റിയിലെ 15 ബൂത്തുകളിലേയും വോട്ടിങ് ഇക്കാര്യം ശരിവെക്കുകയാണ്.
എന്നാൽ പരാജയത്തിന്റെ ഉത്തരവാദിത്തവും സി.പി.എം വി.എസ്. അച്യുതാനന്ദനിൽ കെട്ടിവെക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. തെരഞ്ഞെടുപ്പ് ദിനം തന്നെ വി.എസ് ഒഞ്ചിയത്തെ ചന്ദ്രശേഖരന്റെ വീട് സന്ദ൪ശിച്ചത് വോട്ട൪മാ൪ക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന വിലയിരുത്തൽ സി.പി.എം പ്രാദേശിക നേതൃത്വത്തിനുണ്ട്. ഇക്കാര്യം ച൪ച്ച ചെയ്യുമെന്ന് പാ൪ട്ടിയുടെ മുതി൪ന്ന നേതാവ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.വി.എസിന്റെ സന്ദ൪ശനവും അവിടത്തെ വികാരനി൪ഭര രംഗങ്ങളും നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ദൃശ്യമാധ്യമങ്ങളിൽ നഷ്ടപ്പെടുത്തിയെന്നും ഈ വാ൪ത്ത കണ്ട എൽ.ഡി.എഫ് അനുകൂലികളിൽ ചില൪ വോട്ട് ചെയ്യാനെത്തിയില്ലെന്നും ചില൪ മാറി ചിന്തിച്ചുവെന്നും സി.പി.എം വിലയിരുത്തുന്നു.
കേന്ദ്ര നേതൃത്വത്തിന്റെ നി൪ദേശാനുസരണം നടക്കുന്ന സി.പി.എം സംസ്ഥാന യോഗങ്ങളിൽ നെയ്യാറ്റിൻകര പരാജയത്തിൽ വി.എസിന്റെ പങ്ക് സംബന്ധിച്ച കുറ്റപത്രവും ഔദ്യോഗിക നേതൃത്വം അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
