ചന്ദ്രശേഖരന്‍ വധം: പ്രതികളെ വലയിലാക്കിയത് പൊലീസിന്റെ 'ഹൈടെക് തന്ത്രം'
text_fieldsവടകര: ടി.പി. ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതികളെ പിടികൂടാൻ സഹായിച്ചത് കേരളപൊലീസിന്റെ സൈബ൪ സെല്ലിന്റെ തന്ത്രപരമായ നീക്കം. തിരുവനന്തപുരം ഹൈടെക് സെല്ലിന്റെയും വടകര, കണ്ണൂ൪ എസ്.പി ഓഫിസുകളിലെ സൈബ൪സെല്ലിന്റെയും നീക്കമാണ് പ്രതികളെ പിടികൂടാൻ സഹായമായത്. മൊബൈൽ ടവ൪ കേന്ദ്രീകരിച്ച ശാസ്ത്രീയ അന്വേഷണമാണ് ഹൈടെക് സെൽ നടത്തിവരുന്നത്.
മേയ് നാലിന് രാത്രി 10.15ഓടെ വള്ളിക്കാട് ടൗണിലാണ് ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. ഇതിനുശേഷം ഒഞ്ചിയം ഏരിയയിലെ മൊബൈൽ ടവറുകളിൽ നിന്ന് പുറത്തേക്കും അകത്തേക്കും 1000ത്തിലേറെ ഫോൺ കോളുകൾ പോയതായി അന്വേഷണത്തിൽ മനസ്സിലായി. ഇതോടൊപ്പം മേയ് നാലിന് രാത്രി 10വരെ ഒഞ്ചിയം മേഖലയിലെ സി.പി.എം നേതാക്കളുടെ ലാൻഡ്, മൊബൈൽ ഫോൺ എന്നിവ പരിശോധിച്ചു. സംശയമുള്ളവരുടെ നമ്പറുകൾ വിശദമായ പരിശോധിച്ചപ്പോൾ കേസന്വേഷണത്തിന് സഹായകരമായ ഒട്ടനവധി വിവരങ്ങൾ ലഭിച്ചതായി അന്വേഷണസംഘം വ്യക്തമാക്കുന്നു.
കൊലപാതകത്തിന് ശേഷം ഒകെ, സക്സസ്, ഡൺ എന്നിങ്ങനെയുള്ള മെസേജുകൾ അയച്ചവരെയും സൈബ൪ സെൽ വഴി തിരിച്ചറിയാൻ കഴിഞ്ഞു. സംഭവം നടക്കുമ്പോൾ സ്ഥലത്തില്ലെന്ന് തെറ്റിദ്ധരിപ്പിച്ചവരെ പിടികൂടാൻ ടവ൪ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ സാധിച്ചു. ന്യൂമാഹി ഇരട്ടക്കൊലക്കേസിൽ കൊടി സുനിയെ പിടികൂടിയത് മൊബൈൽഫോൺ പിന്തുട൪ന്നാണ്. ഇതറിയാവുന്നത് കൊണ്ടാണ് ഒഞ്ചിയത്ത് ചന്ദ്രശേഖരനെ വധിക്കാനായി എത്തുമ്പോൾ തന്റെ കേന്ദ്രത്തിൽതന്നെ സുനി ഫോൺ സൂക്ഷിച്ചത്. സംഘത്തിൽപ്പെട്ടവരെല്ലാം സംഭവം നടന്നശേഷം മറ്റുള്ളവരുടെ ഫോണാണ് ഉപയോഗിച്ചത്. എന്നാൽ അതും മനസ്സിലാക്കാൻ സൈബ൪ സെൽ വഴി കഴിഞ്ഞു. കൊലയാളി സംഘത്തിലുണ്ടായിരുന്ന സിജിത്ത് ഫോൺ മൈസൂരിലെ താമസസ്ഥലത്താണ് സൂക്ഷിച്ചത്. കേസിലെ നി൪ണായക കണ്ണിയായ കുഞ്ഞനന്തൻ താവളം മാറ്റുന്നതിനെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കുന്നത് സൈബ൪ സെൽ വഴിയാണ്. കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ഹെഡ്ക്വാ൪ട്ടേഴ്സ് എ.ഐ.ജി അനൂപ് കുരുവിള ജോൺ സംസ്ഥാന ഹൈടെക് സെൽ മോധാവികൂടിയായത് കേസന്വേഷണം എളുപ്പമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
