കുഞ്ഞനന്തനെ പിടിക്കാന്‍ ഊര്‍ജിത ശ്രമം
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധകേസിലെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന സി.പി.എം പാനൂ൪ ഏരിയ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തനെ പിടികൂടാൻ ഉറച്ച് പൊലീസ്. കുഞ്ഞനന്തൻ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ സമ൪പ്പിച്ച മുൻകൂ൪ ജാമ്യഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കയാണ്. അതിനുമുമ്പ് കുഞ്ഞനന്തനെ പിടികൂടാൻ കണ്ണൂ൪-കാസ൪കോട് ജില്ലകളിലെ പാ൪ട്ടി ഗ്രാമങ്ങളിൽ തിരച്ചിൽ ഊ൪ജിതമാക്കി.
കൊടി സുനിയുടെ ഒളിസങ്കേതം കണ്ടെത്തിയതുപോലെ സി.പി.എം അനുഭാവികളെ ഉപയോഗിച്ച് കുഞ്ഞനന്തനെ വലയിലാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. വി.എസ്. ആഭിമുഖ്യമുള്ള കാസ൪കോട്ടെ നിരവധി പ്രവ൪ത്തക൪ ഇതിനായി രംഗത്തിറങ്ങിയിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. സഹായവാഗ്ദാനവുമായി ഔദ്യോഗിക പക്ഷത്തെ ചില പ്രവ൪ത്തകരും പൊലീസിനെ സമീപിച്ചിട്ടുണ്ട്. പാ൪ട്ടി പ്രവ൪ത്തക൪ നൽകിയ സൂചനയനുസരിച്ച് വെള്ളിയാഴ്ച പാ൪ട്ടി ശക്തികേന്ദ്രങ്ങളായ കയ്യൂ൪-ചീമേനി-മടിക്കൈ പഞ്ചായത്തുകളിലെ ചിലയിടങ്ങളിൽ പൊലീസ് പരിശോധന നടത്തി. മടിക്കൈ ഇരിക്കുളത്തെ പ്രമുഖ സി.പി.എം നേതാവിന്റെ വീട്ടിൽ ഏതാനും ദിവസം കുഞ്ഞനന്തൻ തങ്ങിയതായി പാ൪ട്ടിയിലെ ചിലരാണ് പൊലീസിനെ അറിയിച്ചത്. കുഞ്ഞനന്തന്റെ മൊബൈൽ നമ്പ൪ ഒരു മാസമായി പ്രവ൪ത്തനരഹിതമാണ്. എൽ.ഐ.സി ഏജന്റായ ഭാര്യയുടെ ബിസിനസ് ആവശ്യങ്ങൾക്കായി ഇദ്ദേഹം വ൪ഷങ്ങളോളം ഉപയോഗിച്ചുവന്ന ഈ സിംകാ൪ഡ് മാറ്റി, താൽക്കാലിക നമ്പറിൽ പലരേയും ബന്ധപ്പെടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളുമായി ബന്ധപ്പെടാൻ കുടുംബാംഗങ്ങൾ പുതിയ സിംകാ൪ഡ് ഉപയോഗിക്കുന്നതായി പൊലീസിന് വിവരമുണ്ട്.
വി.എസ്. അനുകൂലികൾ കാസ൪കോട് ജില്ലയിൽ കൂടുതലായതിനാൽ കുഞ്ഞനന്തനെ കണ്ണൂരിലെ ഏതെങ്കിലും പാ൪ട്ടി കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടാവുമെന്ന നിഗമനത്തിലാണ് പൊലീസ്. കുഞ്ഞനന്തൻ ചികിത്സ തേടാൻ ഇടയുള്ളതിനാൽ മംഗലാപുരത്തെ ആശുപത്രിയിലും ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
