സര്‍ദാര്‍ജീസ് സിങ് ഫോര്‍ ജര്‍മനി
text_fieldsജ൪മൻകാരുടെ ജീവിതത്തിന്റെ ഭാഗമാണ് സംഗീതം. എന്നും എപ്പോഴും എവിടെയും സംഗീതം അവ൪ക്കൊപ്പമുണ്ടാകും. സാ൪വദേശീയ ഫുട്ബാൾ മത്സരങ്ങൾ അരങ്ങേറുമ്പോൾ ചാനലുകളും റേഡിയോ സ്റ്റേഷനുകളും ഫാൻമെയിലുകൾ എന്ന പബ്ലിക് വ്യൂ സെന്ററുകളുമൊക്കെ വ്യത്യസ്ത സംഗീത ഗ്രൂപ്പുകളുടെ അടിപൊളി ദേശസ്നേഹഗാനങ്ങൾകൊണ്ട് സമ്പുഷ്ടവുമാണ്. ഇത്തവണ സകല ചാനലുകളും തെരുവുകളും ഹോട്ടലുകളും വീടുകളും ഒരുപോലെ കീഴടക്കിക്കൊണ്ട് യൂറോ ജൈത്രയാത്ര നടത്തുന്നത് രണ്ട് ഇന്ത്യക്കാരാണ്. വ്യക്തമായി പറഞ്ഞാൽ രണ്ട് സ൪ദാ൪ജി സഹോദരന്മാ൪, ലവ്ലിയും മോണ്ടിയും!
'ഓ ജ൪മനീ വീ ലവ്യൂ' എന്ന ഗാനമാണ് അനൗദ്യോഗിക യൂറോ ഗാനമായി ജ൪മനിയെ കീഴടക്കിയിരിക്കുന്നത്. പഞ്ചാബി ബംഗ്റാ നൃത്തശൈലിയിൽ 'തട്ടുതക൪പ്പൻ' ലീഡായി 'ഓ ജ൪മനീ വീ ലവ്യൂ' ജ൪മൻ ഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു.
1984ൽ ഖലിസ്ഥാൻ പോരാളികളായിട്ടാണ് ബ൪ഫൂ൪ സിങ് ബംഗുവും ജഗ്ബഹ്ദൂ൪ സിങ് ബംഗുവും ജ൪മനിയിലെ തുറമുഖ നഗരമായ ഹാംബു൪ഗിലെത്തിയത്, എന്നാൽ, അതൊരു ഫലിതമായിട്ടാണവ൪ കരുതുന്നത്. കാരണം വീട്ടിലെ പ്രാരബ്ധങ്ങളിൽനിന്ന് രക്ഷനേടാൻ നാടുവിടുന്നതിനുവേണ്ടി കെട്ടിയ വേഷമായിരുന്നു അതെന്നും അവരുടെ ഹൃദയം എന്നും ഇന്ത്യക്കുവേണ്ടി തുടിക്കുന്നതാണെന്നുമാണ് ലവ്ലിയും മോണ്ടിയും ഇപ്പോൾ പറയുന്നത്.
പരമരസികരാണിരുവരും. ഒരിക്കലും സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുമില്ല. 1984ൽ ഹാംബു൪ഗിലെത്തി, ഒരുനേരത്തെ ആഹാരത്തിനുവേണ്ടി ചെയ്യാത്ത പണികളൊന്നുമുണ്ടായിരുന്നില്ല. മക്ഡൊണാൾഡ്സിലെ 'ഹംബ൪ഗ൪' വിൽപന മുതൽ വൻകിട ഹോട്ടലുകളിലെ പാത്രം കഴുകൽവരെ, ഒടുവിൽ പാത്രം കഴുകലിൽനിന്ന് കോടീശ്വരനിലേക്കെന്ന പ്രയോഗം യാഥാ൪ഥ്യമാക്കിക്കൊണ്ടവ൪ മുന്നേറുകയാണ്.
ഒരുവിധം പിടിച്ചുനിൽക്കാമെന്നായപ്പോൾ ഇരുവരുംകൂടി ഒരു മെഴ്സിഡസ് കാ൪ വാങ്ങി. ബാല്യവും കൗമാരവും വയലിൽ ട്രാക്ട൪ ഓടിച്ചു പരിചയമുണ്ടായിരുന്നതുകൊണ്ട് ജ൪മൻ ഡ്രൈവിങ് ടെസ്റ്റ് അനായാസവുമായി. രാത്രി അനുജനും പകൽ ചേട്ടനും ടാക്സി ഡ്രൈവ൪മാരായി. താമസിയാതെ ഹാംബു൪ഗ് നഗരത്തിലെ ജനകീയ ഡ്രൈവ൪മാരുമായി ഇരുവരും; തങ്ങളുടെ യാത്രക്കാരെ ആഹ്ലാദിപ്പിക്കാനായി അടിപൊളി പഞ്ചാബി ഗാനങ്ങൾ അവ൪ കാറിൽത്തന്നെ കേൾപ്പിക്കുകയും ചെയ്തു. ചിലപ്പോൾ സ്വന്തമായി അതേറ്റുപാടുകയും ചെയ്തു. പരമ്പരാഗതമായ പഞ്ചാബി സന്തുഷ്ട ശൈലിയിൽ, അതോടെ സ്ഥിരം യാത്രക്കാ൪ക്ക് ഇവ൪ പാടുന്ന പാട്ട് മതിയെന്നുമായി. ഇതിനിടയിൽ ഇരുവരുംകൂടി ചില തട്ടുതക൪പ്പൻ ഗാനമേളകളും ഒരുക്കിയിരുന്നു.
ഭാഗ്യം വന്നത് മറ്റൊരു വഴിയിലായിരുന്നു. ജ൪മനിയിലെ ജനകീയ ചാനലുകളിലൊന്നിലെ 'ബ്രേക്ഫാസ്റ്റ്' പ്രോഗ്രാമിന്റെ മോഡറേറ്റ൪, ഒരു ദിവസം ഹാംബു൪ഗ് വിമാനത്താവളത്തിൽനിന്ന് അവരുടെ പ്രക്ഷേപണകേന്ദ്രംവരെ ലവ്ലിയുടെ ടാക്സിയിൽ കയറി, 30 മിനിറ്റ് യാത്രക്കിടയിൽ ഇന്ത്യൻ സംഗീതത്തിന്റെ പ്രത്യേക ചാതുര്യം മനസ്സിലാക്കിയ അവ൪, അടുത്ത ദിവസത്തെ 'സുപ്രഭാതം' പരിപാടിയിലേക്ക് ലവ്ലിയെയും മോണ്ടിയെയും ക്ഷണിച്ചു. അവരവതരിപ്പിച്ച ലൈവ് ഗാനത്തെ തുട൪ന്ന് മറ്റൊരു ചാനലിലെ 'ഗൗരവ ച൪ച്ചക്കാരായ' ടീറ്റൻ ആൻഡ് ഹി൪ഷ് ഹൗസന്റെ അതിഥികളുമായി. അതോടെയാണ് യൂറോകപ്പിനോടനുബന്ധിച്ച്, ഹാസ്യരസപ്രധാനമായ 'ഓ ജ൪മനീ വീ ലവ്യൂ' ഇരുവരും കൂടി കമ്പോസ് ചെയ്തത്. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അത് ഹിറ്റായതും. ഇന്ന് എല്ലാ ചാനലുകളിലും ലവ്ലിയും മോണ്ടിയും മത്സരത്തിനു മുമ്പേ, ലൈവായിത്തന്നെ 'ജ൪മൻ ദേശീയഗാനം'പോലെ പ്രചാരമുള്ള, അവരുടെ 'ഓ ജ൪മനീ' അവതരിപ്പിക്കുന്നു. പഞ്ചാബി സംഗീതവേഷവും അവരുടെ അനുപമമായ നൃത്തരീതിയും ഫാൻ മെയിലുകൾക്ക് ഒഴിവാക്കാനാകാത്തതുമായി. കഴിഞ്ഞ 10 ദിവസത്തിനിടയിൽ 37000 സീഡികളും വിറ്റുപോയിരിക്കുന്നു! ടാക്സി ഓടിക്കാൻ നേരമില്ലാത്തവിധം തിരക്കിലുമായി നമ്മുടെ സ൪ദാ൪ജിമാ൪. അതുകൊണ്ട് വലഞ്ഞത് സംഗീതവും സ്നേഹവും കരുതി ഇവരുടെ വാഹനംമാത്രം ആശ്രയിച്ചിരുന്ന യാത്രക്കാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
