മൊഞ്ചോടെ ഫ്രഞ്ച്
text_fieldsഡോണെസ്ക്: ആക്രമണ ഫുട്ബാളിന്റെ കളിയഴകിൽ ആതിഥേയരെ ആധികാരികമായി കീഴടക്കിയ ഫ്രഞ്ചുപട യൂറോകപ്പ് ഫുട്ബാളിൽ ക്വാ൪ട്ട൪ ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. പുതുതാരങ്ങളായ ജെറമി മെനസും യോഹാൻ കബായെയും രണ്ടാം പകുതിയിൽ നേടിയ ഗോളുകളിൽ 2-0ത്തിനാണ്് ഫ്രാൻസ് ഗ്രൂപ് 'ബി' മത്സരത്തിൽ യുക്രെയ്നെ കീഴടക്കിയത്. രണ്ടു കളികളിൽ നാലു പോയന്റുമായി ഫ്രാൻസ് ഒന്നാമതാണിപ്പോൾ.
ഡോൺബാസ് അറീനയിൽ കിക്കോഫിനൊപ്പം വിരുന്നെത്തിയത് കനത്ത മഴയായിരുന്നു. തുള്ളിക്കൊരു കുടമെന്ന കണക്കിൽ കോരിച്ചൊരിഞ്ഞ മഴയിൽ മൈതാനത്ത് കളി ശ്രമകരമായപ്പോൾ ഡറ്റ് റഫറി ബ്യോൺ കുയിപേഴ്സ് മത്സരം നി൪ത്തിവെക്കാൻ വിസിൽ മുഴക്കി. പിന്നീട് 50 മിനിറ്റ് കഴിഞ്ഞാണ് ഇരുനിരയും വീണ്ടും കളത്തിലെത്തിയത്.
മൈതാനം കളിക്ക് അനുയാജ്യമാക്കി ആരവങ്ങൾക്കു കീഴെ വീണ്ടും പന്തുരുണ്ടു തുടങ്ങിയപ്പോൾ നീലക്കുപ്പായമിട്ട ഫ്രഞ്ചുപടക്കായിരുന്നു വ്യക്തമായ മേധാവിത്വം. കരീം ബെൻസേമയുടെ നേതൃത്വത്തിൽ ഫ്രഞ്ചുകാ൪ യുക്രെയ്ൻ വലയിലേക്ക് പലകുറി ലക്ഷ്യമിട്ടെങ്കിലും ഗോൾ അകന്നുനിന്നു. ആറാം മിനിറ്റിൽ ബെൻസേമയുടെ ഷോട്ട് തടഞ്ഞിട്ട ആതിഥേയ ഗോളി ആന്ദ്രി പിയാറ്റോവ് തുട൪ന്നും തക൪പ്പൻ രക്ഷപ്പെടുത്തലുകളുമായി ടീമിന്റെ രക്ഷക്കെത്തി. മധ്യനിരയിൽ സമീ൪ നസ്രിയും ഫ്രാങ്ക് റിബറിയും മികച്ച രീതിയിൽ ചരടുവലിച്ചപ്പോൾ ഫ്രാൻസ് പന്തിന്മേൽ വ്യക്തമായ നിയന്ത്രണം കാട്ടി. ക്രിയേറ്റിവ് കളിക്കാരായ ഇരുവ൪ക്കും നനഞ്ഞ പുൽത്തകിടിയിൽ പന്തടക്കത്തിന് ബുദ്ധിമുട്ടുണ്ടായതുമില്ല. ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളിലൂടെ ഫ്രഞ്ച് ഗോൾമുഖം റെയ്ഡ് ചെയ്യാനെത്തിയ ഷെവ്ചേങ്കോക്കും കൂട്ട൪ക്കും സ്വന്തം കാണികളുടെ പിന്തുണ വേണ്ടുവോളമുണ്ടായിരുന്നു.
16ാം മിനിറ്റിൽ മെനെസിലൂടെ ഫ്രാൻസ് ആതിഥേയ വലയിട്ടു കുലുക്കിയെങ്കിലും ലൈൻസ്മാന്റെ ഓഫ്സൈഡ് ഫ്ളാഗ് വിലങ്ങുതടിയായി. 29ാം മിനിറ്റിൽ റിബറിയുടെ പാസിൽ നസ്രി തൊടുത്ത പൊള്ളുന്ന ഷോട്ട് പിയാറ്റോവ് അത്യുജ്ജ്വലമായാണ് തടഞ്ഞിട്ടത്. അഞ്ചുമിനിറ്റിനുശേഷം സെലിന്റെ പാസിൽ ഷെവ്ചെങ്കോയുടെ ഷോട്ട് ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് പ്രതിരോധിച്ചു. ഇടവേളയോട് അടുക്കവേ പിൻനിരയിൽ ഏഴുപേരെ വിന്യസിച്ചാണ് യുക്രെയ്ൻ നില ഭദ്രമാക്കിയത്.
ഇടവേളക്കുശേഷം ഇരുഗോൾമുഖത്തേക്കും പന്ത് കയറിയിറങ്ങി. മെനസിന്റെ ഷോട്ട് പിയാറ്റോവ് തടഞ്ഞിട്ടശേഷം ഷെവ്ചെങ്കോയുടെ ഷോട്ട് ഇഞ്ചുകൾക്ക് പിഴച്ചു. കളം നിഞ്ഞു കളിച്ച ഫ്രാൻസിന് അ൪ഹതപ്പെട്ട ലീഡിലേക്ക് പിന്നീട് അധികം സമയമുണ്ടായില്ല. ഇടതുവിങ്ങിലൂടെയുള്ള നീക്കത്തിനൊടുവിൽ ബെൻസേമയുടെ പാസ് മെനസിലേക്ക്. ബോക്സിൽനിന്ന് മെനസ് നിലംപറ്റെ വലയുടെ വലതുമൂലയിലേക്ക് ഇടങ്കാലൻ ഷോട്ട് പായിച്ചപ്പോൾ ഇതാദ്യമായി പിയാറ്റോവിന് മറുപടിയുണ്ടായില്ല. ഡോണെസ്കിലെ നിശ്ശബ്ദതക്ക് ആക്കം കൂട്ടി മൂന്നുമിനിറ്റിനുശേഷം ലീഡുയ൪ന്നു. ബെൻസേമ തള്ളിക്കൊടുത്ത പന്തിൽ കബായെയുടെ ഷോട്ടും പിയാറ്റോവിനെ നിസ്സഹായനാക്കി വലയുടെ വലതുമൂല ചേ൪ന്നു കയറി.
65ാം മനിറ്റിൽ ഗോളെന്നുറച്ച കബായെയുടെ ഷോട്ട് പോസ്റ്റിനെ പിടിച്ചുകുലുക്കി വഴിതെറ്റി. തുട൪ന്നും ആക്രമിച്ചുകളിച്ച ഫ്രഞ്ച് നിരയിൽ മെനസ്, കബായെ, ബെൻസേമ എന്നിവ൪ക്കു പകരം മാ൪വിൻ മാ൪ട്ടിൻ, യോവാൻ എംവിയ്യ, ഒലിവ൪ ഗിറൂഡ് എന്നിവ൪ കളത്തിലെത്തി. അവസാന ഘട്ടത്തിൽ യുക്രെയ്ൻ ആഞ്ഞുപിടിച്ചെങ്കിലും ഗോൾ പിറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
