കാരായി രാജനും പങ്കെന്ന് മൊഴി
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധത്തിലും സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കരായി രാജന് പങ്കുള്ളതായി വെളിപ്പെടുത്തൽ. കൊലപാതക സംഘത്തിലെ പ്രധാനിയായ കൊടിസുനി നൽകിയ മൊഴിയെ അടിസ്ഥാനമാക്കി പൊലീസ് വടകര കോടതിയിൽ സമ൪പ്പിച്ച റിമാൻഡ് റിപ്പോ൪ട്ടിലാണ് ഇക്കാര്യമുള്ളത്. ഒഞ്ചിയത്തെ പാ൪ട്ടി അപകടത്തിലായതിനാൽ ടി.പി. ചന്ദ്രശേഖരനെ വധിക്കാനുള്ള ദൗത്യം ഏറ്റെടുക്കണമെന്ന് കാരായി രാജൻ ആവശ്യപ്പെട്ടതായാണ് സുനിയുടെ മൊഴി.
മൊഴിയുടെ വിശദാംശങ്ങൾ ഇങ്ങനെ: സി.പി.എം പാനൂ൪ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്തണമെന്ന കാര്യം ആദ്യമായി എന്നോട് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇക്കാര്യം പറഞ്ഞത്. അന്നവിടെ ട്രൗസ൪ മനോജ്, ജ്യോതി൪ബാബു, അനൂപ് എന്നിവരുമുണ്ടായിരുന്നു. വധിക്കണമെന്ന് പറഞ്ഞപ്പോൾ കാരായി രാജൻ പറഞ്ഞാൽ മാത്രമേ ദൗത്യം ഏറ്റെടുക്കാനാവൂ എന്ന് ഞാൻ അറിയിച്ചു. ഇതേ തുട൪ന്നാണ് കാരായി രാജൻ ഫോണിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. ഒഞ്ചിയത്തെ പാ൪ട്ടി അപകടത്തിലാണ്. അതുകൊണ്ട് കുഞ്ഞനന്തൻ പറഞ്ഞ കാര്യം എത്രയും പെട്ടെന്ന് നി൪വഹിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട് തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിൽവെച്ച് നേരിട്ടും ഇതേ കാര്യം പറഞ്ഞു. ഇതേതുട൪ന്ന് കുഞ്ഞനന്തന്റെ വീട്ടിൽവെച്ച് പലതവണ ഗൂഢാലോചന നടന്നു. ടി.കെ. രജീഷ്, കി൪മാനി മനോജ്, ഷിനോജ്, മുഹമ്മദ് ഷാഫി, രജികാന്ത്, സിജിത്ത്, അനൂപ് എന്നിവരും സംഘത്തിലുണ്ടാകണമെന്ന് ഞാൻ നി൪ദേശിച്ചിരുന്നു. കൃത്യം നി൪വഹിച്ച മേയ് നാലിന് രജികാന്ത് വഴിയിലിറങ്ങുകയായിരുന്നു.
ഏപ്രിൽ 24 നും മേയ് നാലിനുമിടയിൽ ആറു തവണ ഒഞ്ചിയം, ഓ൪ക്കാട്ടേരി ഭാഗങ്ങളിൽ ദൗത്യം നി൪വഹിക്കാനെത്തിയെങ്കിലും പല കാരണങ്ങളാൽ നടന്നില്ല. ബോംബും മറ്റായുധങ്ങളും തേങ്ങാ വിനീഷും ദിൽഷാദും ചേ൪ന്നാണ് സംഘടിപ്പിച്ചതെന്നും സുനിയുടെ മൊഴിയിൽ പറയുന്നു.
മുഹമ്മദ് ഷാഫി, അനൂപ് എന്നിവരും കുഞ്ഞനന്തന്റെ വീട്ടിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തതായി സമ്മതിച്ചിട്ടുണ്ട്. നാദാപുരം റോഡിലെ ഒരു കല്യാണ വീട്ടിലേക്കുള്ള വഴിയിൽവെച്ച് ടി.പിയെ വധിക്കാൻ പദ്ധതിയിട്ട കാര്യം ഷാഫിയുടെ മൊഴിയിലുണ്ട്. കാ൪ റോഡിൽ നി൪ത്തിയിടുമ്പോൾ ആരെങ്കിലും കണ്ടാൽ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് 'മാശാ അല്ലാ' എന്ന സ്റ്റിക്ക൪ പതിച്ചതെന്നും ഷാഫി മൊഴിനൽകി.
സുനിയുടെ മൊഴിയും മറ്റ് പ്രതികളുടെ മൊഴിയും കൂട്ടിവായിച്ചതിൽ ചിലയിടങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യുന്നതിലൂടെ ഇക്കാര്യത്തിൽ കൃത്യതയുണ്ടാവുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ, കൊലപാതകം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും പാനൂ൪ ഏരിയാ കമ്മിറ്റി അംഗം കുഞ്ഞനന്തന്റെ പങ്ക്, പിടിയിലായ കൊലയാളി സംഘാംഗങ്ങളും മറ്റു പ്രതികളും ഒരുപോലെ വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റു പല നേതാക്കളുടെ പേരും ചിലരെക്കുറിച്ചുള്ള സൂചനകളും പ്രതികളിൽനിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം ഉറപ്പുവരുത്തണമെങ്കിൽ കുഞ്ഞനന്തനെ കിട്ടണമെന്ന നിലപാടിലാണ് പൊലീസ്.
തലശ്ശേരിയിലെ എൻ.ഡി.എഫ് പ്രവ൪ത്തകൻ ഫസലിനെ കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ കഴിഞ്ഞ ചൊവ്വാഴ്ച കോടതിയിൽ സമ൪പ്പിച്ച കുറ്റപത്രത്തിൽ എട്ടാം പ്രതിയാണ് കാരായി രാജൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
