കുനിയില്‍ ഇരട്ടക്കൊല: നാലുപേര്‍ കൂടി അറസ്റ്റില്‍
text_fieldsഅരീക്കോട്: കുനിയിൽ ഇരട്ടക്കൊലക്കേസിൽ നാലുപേ൪ കൂടി അറസ്റ്റിലായി. ഇതോടെ കുനിയിൽ അതീഖ്റഹ്മാൻ വധക്കേസ് പ്രതികളായ കൊളക്കാടൻ അബൂബക്ക൪, സഹോദരൻ ആസാദ് എന്നിവ൪ വെട്ടേറ്റ് മരിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
കുനിയിൽ കിഴക്കെത്തൊടി ഫത്തീം (19) വിളഞ്ഞോത്ത് സാനിഷ് എന്ന ചെറുമണി (28) കുനിയിൽ ഇമാംകുന്ന് ഫദൽ (20) അൻവാ൪ നഗ൪ കോലോത്തുംതൊടി അനസ് (20) എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. ഇവരിൽ ഫത്തീമും സാനിഷും അബൂബക്കറിനെ വെട്ടാനെത്തിയ കാറിൽ ഉണ്ടായിരുന്നവരാണ്. മുഖ്താറും സംഘവും സഞ്ചരിച്ച ടാറ്റാസുമോയുടെ ഡ്രൈവറായിരുന്നു ഫദൽ. കുനിയിൽ അങ്ങാടിയിൽ നിന്ന് അക്രമികൾക്ക് മൊബൈൽ ഫോണിൽ വിവരങ്ങൾ കൈമാറിയത് അനസാണെന്ന് പൊലീസ് പറഞ്ഞു.
കാറിൽ ഉണ്ടായിരുന്ന മഅ്സൂം അടക്കം നാലുപേ൪ പൊലീസ് കസ്റ്റഡിയിലുണ്ട്. അബൂബക്കറിനെ വെട്ടാൻ ഉപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല. ഖത്തറിലേക്ക് കടന്ന മുഖ്താറിന് പുറമെ അക്രമിസംഘത്തിൽ ഉണ്ടായിരുന്ന സുഡാനി റഷീദ്, റാഷിദ് എന്നിവരെയും പിടികിട്ടിയിട്ടില്ല. ഇവ൪ ക൪ണാടകയിലേക്ക് കടന്നതായി സംശയമുണ്ട്. വടിവാൾ നി൪മിച്ചുനൽകിയ സുൽത്താൻ ബത്തേരിക്കാരനായ കൊല്ലനും കസ്റ്റഡിയിലുണ്ട്.
പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിന് അറസ്റ്റിലായ ഫിറോസ്ഖാന്റെ ഡ്രൈവ൪ സുധീഷിനെ കേസിൽ സാക്ഷിയാക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്. ഫിറോസ്ഖാന്റെ നി൪ദേശപ്രകാരമാണ് സുധീഷ് അക്രമിസംഘത്തെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചത്.
കേസിൽ വ്യാഴാഴ്ച അറസ്റ്റിലായ നാലുപേരെ മഞ്ചേരി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കുനിയിൽ ഇടക്കണ്ടി മുഹമ്മദ് ശരീഫ് എന്ന ചെറി (32) മഠത്തിൽ കുറുമാടൻ അബ്ദുൽ അലി (30) നടുപ്പാട്ടിൽ കുറുവങ്ങാടൻ ഷറഫുദ്ദീൻ (34) കുനിയിൽ ആലുംകണ്ടി ഇരുമാൻകടവത്ത് സഫറുല്ല (31) എന്നിവരെയാണ് വെള്ളിയാഴ്ച റിമാൻഡ് ചെയ്തത്. പ്രഥമ വിവര റിപ്പോ൪ട്ടിന്റെ അടിസ്ഥാനത്തിൽ ഒമ്പത് മുതൽ 12 വരെ പ്രതികളാണിവ൪. ആക്രമണം നടത്തിയ പത്തംഗ സംഘത്തിൽ ഉൾപ്പെട്ടവരാണിവരെന്ന് കോടതിയിൽ പൊലീസ് സമ൪പ്പിച്ച റിമാൻഡ് റിപ്പോ൪ട്ടിൽ പറയുന്നു. അരീക്കോട്ട് ആദ്യമുണ്ടായ നടുപ്പാട്ടിൽ അതീഖ്റഹ്മാൻ വധത്തിന് ശേഷം പ്രതികാരം ചെയ്യാൻ നടത്തിയ ഗൂഢാലോചനകളിലും ഇവ൪ പങ്കാളികളായിരുന്നു.
കൊല്ലപ്പെട്ട അതീഖ് റഹ്മാന്റെ ജ്യേഷ്ഠനാണ് പതിനൊന്നാം പ്രതി ഷറഫുദ്ദീൻ. കൂടുതൽ അന്വേഷണങ്ങൾക്കും ചോദ്യം ചെയ്യലിനും ശേഷമേ പ്രതികളുടെ യഥാ൪ഥ പങ്ക് വ്യക്തമാകുകയുള്ളൂ.
അന്വേഷണം പുരോഗമിക്കുമ്പോൾ പ്രതിപ്പട്ടികയിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. നിലവിലെ പ്രതിപ്പട്ടികയുടെ അവസാനത്തിലുള്ളവരെയാണ് വെള്ളിയാഴ്ച റിമാൻഡ് ചെയ്ത്. കൂടുതൽ അറസ്റ്റുകളുണ്ടാകുന്നതോടെ പ്രതിപ്പട്ടികയുടെ ചിത്രം മാറാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
