ദേശീയപാത കൈയേറ്റം: കട പൊളിച്ച് നീക്കി
text_fieldsമൂന്നാ൪: ദേശീയപാത കൈയേറി നി൪മിച്ച കട ദേവികുളം അഡീഷനൽ തഹസീൽദാറുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കി. കൈയേറ്റ ഭൂമിയിൽ സ൪ക്കാ൪ ബോ൪ഡ് സ്ഥാപിക്കുകയും ചെയ്തു. പഴയ മൂന്നാ൪ മൂലക്കട ഭാഗത്ത് അനധികൃതമായി നി൪മിച്ച കടയാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അധികൃത൪ പൊളിച്ച് നീക്കിയത്.
കെ.ഡി.എച്ച് വില്ലേജിലെ മുരുകൻ ക്ഷേത്രത്തിന് സമീപം സ൪വേ നമ്പ൪ 62/9 ലെ പൊതുമരാമത്ത് വകുപ്പിൻെറ ഭൂമി കൈയേറിയതും ഒഴിപ്പിച്ച് സ൪ക്കാ൪ ബോ൪ഡ് സ്ഥാപിച്ചു.
ലക്ഷങ്ങൾ വിലമതിക്കുന്ന അരയേക്ക൪ ഭൂമിയാണ് ടൗണിനോട് ചേ൪ന്ന് കൈയേറിയത്.
കൈയേറ്റം നടത്തിയ ടൗണിലെ ഓട്ടോമൊബൈൽ കടയുടമക്ക് ഏപ്രിൽ 24 ന് കൈയേറ്റം ഒഴിയണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നു. ഇതിന് ശേഷവും കൈയേറ്റം തുട൪ന്നതോടെയാണ് സ൪ക്കാ൪ ബോ൪ഡ് സ്ഥാപിച്ചത്.
അഡീഷനൽ തഹസീൽദാ൪ കെ.കെ. വിജയൻ, കെ.ജെ. ജയ്മോൻ, സ്പെഷൽ തഹസീൽദാ൪ ധ൪മരാജൻ എന്നിവരുടെ നേതൃത്വത്തിൽ ഭൂസംരക്ഷണ സേനയാണ് നടപടി സ്വീകരിച്ചത്. ടൗണിൽ റോഡ് കൈയേറി നി൪മിച്ചവ൪ക്കെതിരെ വെള്ളിയാഴ്ച കൂടുതൽ നടപടി ഉണ്ടാകുമെന്നറിയുന്നു.