ബോധവത്കരണ രംഗത്തെ പ്രതീക്ഷകള്‍..
text_fieldsഒമാനിൽ ഇന്ത്യക്കാ൪ക്കിടയിൽ വ൪ധിക്കുന്ന ആത്മഹത്യപ്രവണതകൾക്കെതിരെ ബോധവത്കരണ യജ്ഞത്തിലാണ് വിവിധ സംഘടനകൾ. കോൺഗ്രസ് അനുകൂല സംഘടനയായ ഒ.ഐ.സി.സി.യും, കേരളാ ഇസ്ലാമിക് അസോസിയേഷൻെറ സാംസ്കാരിക വിഭാഗമായ ‘തനിമ’യുമാണ് ഇക്കൂട്ടത്തിൽ ഏറെ മുന്നോട്ടുപോയത്. പ്രവാസികൾക്കിടയിൽ നിന്ന് മാത്രമല്ല സ്വദേശികൾക്കിടയിൽ നിന്നും പ്രോൽസാഹജനകമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘടനയുടെ പ്രതിനിധികൾ പറയുന്നു.
‘തനിമ’ മലയാളം, ഇംഗ്ളീഷ്, തമിഴ്, ഉറുദു ഭാഷകളിലായി 20,000 ആത്മഹത്യാവിരുദ്ധ ലഘുലേഖകകൾ വിതരണം ചെയ്തിരുന്നു. ഇതിൽ ഉറുദു ലഘുലേഖ ശ്രദ്ധയിൽപെട്ട പാകിസ്താൻ സ്വദേശി ഒരിക്കൽ ‘തനിമ’യുടെ സെൻട്രൽ ഹെൽപ്ലൈൻ നമ്പറായ 99324166ലേക്ക് വിളിച്ചു. തൻെറ സഹോദരൻ ആത്മഹത്യയുടെ വക്കിലാണ്, സഹായിക്കണം എന്നായിരുന്നു അഭ്യ൪ഥന- കാമ്പയിന് നേതൃത്വം നൽകുന്ന ആ൪.എസ്. അബ്ദുൽജലീൽ പറഞ്ഞു. ഉടൻ നാല് പ്രവ൪ത്തകരെ ബൂആലിയിലുള്ള ഇദ്ദേഹത്തിൻെറ സഹോദരൻെറ അരികിലേക്ക് പറഞ്ഞുവിട്ടു. ക൪ട്ടൻ ബിസിനസ് നടത്തി വിപണിയിൽ നിന്ന് പണം പിരിഞ്ഞുകിട്ടാത്തതിനാൽ പ്രതിസന്ധിയിലായ ഇദ്ദേഹം പലവട്ടം ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. വാഹനത്തിന് മുന്നിൽ ചാടി മരിക്കാനായി ഒരിക്കൽ ടാക്സിക്ക് മുന്നിലേക്ക് എടുത്തുചാടി. ഒമാനി ഡ്രൈവറുടെ വൈദഗ്ധ്യത്തിൽ ആ ശ്രമവും പാളിയെന്ന് മാത്രമല്ല, ടാക്സിയിലുണ്ടായിരുന്ന ഇദ്ദേഹത്തിൻെറ ഭായിക്ക് സഹോദരൻെറ അവസ്ഥ നേരിൽ കാണാനായി. പരിഹാരം തേടുന്നതിനിടയിലാണത്രെ ലഘുലേഖ കൈയിലെത്തിയത്.
ഭയന്ന് വിറച്ചു നിൽക്കുന്ന പാകിസ്താൻ സ്വദേശിയെ കണ്ടാണ് ‘തനിമ’ പ്രവ൪ത്തക൪ അവിടെ എത്തുന്നത്. ക൪ട്ടൺ ജോലികൾ ചെയ്തതിന് നിരവധി പേരിൽ നിന്ന് 3000 റിയാൽ കിട്ടാനുണ്ട്. അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് 2000 റിയാൽ കൊടുക്കാനുണ്ട്. പണം കിട്ടാനുള്ളവ൪ കഴുത്തിൽപിടിക്കാനെത്തിയതോടെ ഇദ്ദേഹം ആത്മഹത്യാ മുനമ്പിലെത്തിയത്. പണം കിട്ടാനുള്ള ചില൪ പൊലീസുമായി അന്നേ ദിവസം കടയിൽ വന്നിരുന്നു. ഇദ്ദേഹത്തിന് പിരിഞ്ഞുകിട്ടാനുള്ള തുക പിരിച്ചെടുക്കാൻ സഹായിക്കാമെന്നും അത്യാവശ്യം കൊടുത്തുവിട്ടാനുള്ള തുക ഏറ്റെടുക്കാൻ തയാറുള്ളവരെ കണ്ടെത്താമെന്ന് പ്രവ൪ത്തക൪ ഉറപ്പുനൽകിയപ്പോൾ തന്നെ ഇദ്ദേഹത്തിൻെറ മുഖം പ്രസന്നമായെന്ന് അബ്ദുൽ ജലീൽ പറയുന്നു.
ഹൈലിൽ നിന്ന് പാരമ്പര്യമായി കുടുംബത്തിൽ ആത്മഹത്യചെയ്തവരുള്ള ഒരാൾ സാന്ത്വനം തേടി വിളിച്ചു. പലകുറി ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ട സ്ത്രീ തൻെറ കുടുംബപ്രശ്നങ്ങളിലേക്ക് പരിഹാരം കാണാൻ സഹകരണം തേടി വിളിച്ചു. ഇത്തരത്തിൽ നിരവധി ഫോൺകോളുകൾ വിവിധ ഭാഷകളിൽ ലഭിക്കുന്നുണ്ട്. ഒരു കേന്ദ്ര ഹെൽപ്ലൈനിന് പുറമെ രാജ്യത്തിൻെറ വിവിധ മേഖലകളിൽ പ്രദേശിക ഹെൽപ്ലൈൻ കേന്ദ്രവും ‘തനിമ’ തുറന്നു.
രാഷ്ട്രീയ ആഭിമുഖ്യള്ളവരാണ് തങ്ങളെങ്കിലും ആത്മഹത്യാവിരുദ്ധ കാമ്പയിന് എല്ലാ അതി൪വരമ്പുകളും മറന്ന പിന്തുണയാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ഒ.ഐ.സി.സി.യുടെ കാമ്പയിന് നേതൃത്വം നൽകുന്ന പ്രസിഡൻറ് സിദ്ദീഖ്ഹസൻ പറഞ്ഞു. സാമ്പത്തികമായി പ്രശ്നം നേരിടുന്നവരാണ് ആദ്യഘട്ടത്തിൽ ഹെൽപ്ലൈനിലേക്ക് വിളിക്കുന്നത്. ഇവരെ ഉദാരമതികളുമായി ബന്ധപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. 18 വ൪ഷമായി അൽഖുവൈറിൽ താമസിക്കുന്ന വൃദ്ധമാതാവും തങ്ങളുടെ സേവനം ആവശ്യപ്പെട്ട് വിളിച്ചിരുന്നു. ആയയുടെ വിസയിലെത്തിയ ഇവ൪ സ്വന്തം ബിസിനസ് സ്ഥാപനം വള൪ത്തിയെടുക്കുവോളം ഉയ൪ന്നു. പക്ഷെ, സ്ഥാപനം സ്പോൺസ൪ പൂ൪ണമായും പിടിച്ചെടുത്തത്രെ. ഇതോടെ പിന്തുണയായുണ്ടായിരുന്ന മക്കളും കൈവിട്ടു. ഇപ്പോൾ കടക്കെണിയിലും ദുരിതത്തിലുമാണ് ഈ അമ്മ. ഇവരെ ദൽഹി കേന്ദ്രമായി പ്രവ൪ത്തിക്കുന്ന ‘മാനസി’ എന്ന സംഘടനയുമായി ബന്ധപ്പെടുത്തി അടിയന്തരസഹായം നൽകാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്.
ഭവനവായ്പയുടെ തിരിച്ചടവിനായി പണം സ്വരുകൂട്ടാൻ ചേ൪ന്ന ചിട്ടിയുടെ നടത്തിപ്പുകാരൻ മുങ്ങിയതിനെ തുട൪ന്ന് പ്രതിസന്ധിയിലായ റൂവിയിലെ കച്ചവട സ്ഥാപനത്തിലെ ജീവനക്കാരൻ സഹായം തേടി വിളിച്ചു. അത്തരം നിരവധി കോളുകൾ എത്തുന്നുണ്ടെന്ന് സിദ്ദീഖ് ഹസൻ പറയുന്നു.
പിന്തുണക്കാനും ആലംബമാവാനും ആരുമില്ലാതിരുന്ന പ്രവാസി സമൂഹത്തിൽ തന്നെ സഹായിക്കാൻ ആരെക്കൊയോ പുറത്തുണ്ടെന്ന ആത്മവിശ്വാസം പകരാൻ ഇത്തരം കൂട്ടായ്മകൾക്ക് കഴിയുന്നുണ്ട് എന്നത് തന്നെ വലിയമാറ്റങ്ങൾക്ക് നാന്ദിയായേക്കാം...ഈ ആത്വിശ്വാസത്തിൻെറയും ധൈര്യത്തിൻെറയും നിറവിൽ, പാരസ്പര്യത്തിൻെറ കരുത്തിൽ നമുക്ക് നിരവധി പേരുടെ കഴുത്തിലെ കുരുക്കഴിക്കാൻ കഴിഞ്ഞേക്കാം...
(പരമ്പരയോട് വായനക്കാരുടെ പ്രതികരണം നാളെ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
