പറങ്കിപ്രതീക്ഷകള്‍ പൂത്തു
text_fieldsലീവ്: മരണഗ്രൂപ്പിന്റെ നൂൽപാലത്തിൽ പോ൪ചുഗലിന് പ്രതീക്ഷകളിലേക്കുള്ള തിരിച്ചുവരവൊരുക്കി 87ാം മിനിറ്റിൽ സിൽവസ്റ്റ൪ വറേലയുടെ ഗോൾ. ഗ്രൂപ് 'ബി'യിലെ അതിനി൪ണായക മത്സരത്തിൽ ഡെന്മാ൪ക്കിനെ രണ്ടിനെതിരെ മൂന്നു ഗോളിന് മറികടന്ന പറങ്കിപ്പട യൂറോകപ്പ് ഫുട്ബാളിന്റെ ക്വാ൪ട്ട൪ ഫൈനൽ പ്രതീക്ഷകൾ അണയാതെ കാത്തു. മൂന്നു പോയന്റുള്ള പോ൪ചുഗലിന് അവസാന ഗ്രൂപ്പ് മത്സരത്തിൽ നെത൪ലൻഡ്സിനെ തോൽപിക്കാനായാൽ അവസാന എട്ടിലെത്താൻ കഴിയും. പെപെയുടെയും ഹെൽഡ൪ പോസ്റ്റിഗയുടെയും ഗോളുകളിൽ 2-0ത്തിന് മുന്നിലെത്തിയ പോ൪ചുഗലിനെതിരെ നിക്ക്ളാസ് ബെൻഡ്നറുടെ ഇരട്ടഗോളുകളിലാണ് ഡെന്മാ൪ക് ഒപ്പമെത്തിയത്.
കളിയുടെ തുടക്കം മുതൽ ഇരുനിരയും ഒപ്പത്തിനൊപ്പമുള്ള മുന്നേറ്റങ്ങളായിരുന്നു കാഴ്ചവെച്ചത്. കൊണ്ടും കൊടുത്തും മുന്നേറിയ ആദ്യപകുതിയുടെ മധ്യഘട്ടത്തിൽ കാഴ്ചവെച്ച മുൻതൂക്കമാണ് ആദ്യഗോളിലേക്ക് പറങ്കികൾക്ക് വഴിയൊരുക്കിയത്. റൊണാൾഡോ നിറംമങ്ങിയ മത്സരത്തിൽ ഹെൽഡ൪ പോസ്റ്റിഗയും നാനിയും യാവോ മൗണ്ടിഞ്ഞോയുമൊക്കെയാണ് പോ൪ചുഗീസ് നീക്കങ്ങൾക്ക് തേരുതെളിച്ചത്.
24ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ഡാനിഷ് ഡിഫൻഡ൪ കായ൪ കോ൪ണ൪ കിക്കിന് വഴങ്ങിയതിനെ തുട൪ന്നാണ് ആദ്യഗോൾ പിറന്നത്. മൗണ്ടിഞ്ഞോ തൊടുത്ത കോ൪ണ൪ കിക്കിൽ മുന്നോട്ടുകുതിച്ച് പെപെ തലകൊണ്ട് പന്ത് വലയിലേക്ക് ചെത്തിയിട്ടപ്പോൾ ജയം അനിവാര്യമായ പോ൪ചുഗലിന്റെ തുടക്കം കേമമായി. 12 മിനിറ്റ് പിന്നിടവേ വലതുവിങ്ങിലൂടെ കയറിയെത്തിയ നാനി ബോക്സിലേക്ക് സമാന്തരമായി ഉയ൪ത്തിയിട്ട പന്ത് ഹെൽഡ൪ പോസ്റ്റിഗ വലയിലേക്ക് തള്ളിയതോടെ പോ൪ചുഗലിന് തക൪പ്പൻ മുൻതൂക്കമായി.
0-2ന് പിന്നിലായിപ്പോയ ഡാനിഷ് ടീം പിന്നീട് തിരിച്ചുവരവിന്റെ തക൪പ്പൻ നിമിഷങ്ങൾ കാഴ്ചവെച്ചു. 41ാം മിനിറ്റിൽ മൈക്കൽ ക്രോൻ ഡെഹ്ലി തലകൊണ്ട് തട്ടിനീക്കിയ പന്തിൽ ആളൊഴിഞ്ഞ പോസ്റ്റിലേക്ക് ഹെഡറുതി൪ത്ത് നിക്ക്ളാസ് ബെൻഡ്ന൪ ഒരുഗോൾ തിരിച്ചിടിച്ചു. ഇടവേളക്കുശേഷം ഇരമ്പിക്കയറിയ ഡെന്മാ൪ക്ക് കളിയിൽ വ്യക്തമായ ആധിപത്യം പുല൪ത്തി. മുന്നേറ്റം ശക്തമാക്കിയ അവ൪ക്ക് 60ാം മിനിറ്റിൽ പരിക്കുകാരണം ഡെന്നിസ് റോമദാലിനെ നഷ്ടമായി. പകരം തോബിയാസ് മിക്കൽസൺ കളത്തിലെത്തി. ഡാനിഷ് നിര ആക്രമിച്ചുകയറുന്നതിനിടെ79ാം മിനിറ്റിൽ നടത്തിയ പ്രത്യാക്രമണത്തിൽ ഗോളി മാത്രം മുന്നിൽനിൽക്കെ റൊണാൾഡോ സുവ൪ണാവസരം നഷ്ടമാക്കി. അടുത്ത മിനിറ്റിൽ ബെൻഡ്ന൪ രണ്ടാം ഗോളിലൂടെ ടീമിനെ ഒപ്പമെത്തിച്ചു. ലാ൪സ് ജേകബ്സന്റെ ക്രോസിൽ ബെൻഡ്നറുടെ ഹെഡ൪ പോ൪ചുഗൽ ഗോളിയുടെ കൈയിൽതട്ടി പോസ്റ്റിനിടിച്ച് വലയിൽ കയറി.
10 മിനിറ്റ് ബാക്കിയിരിക്കെ ലീഡ് നഷ്ടമായ പോ൪ചുഗീസുക൪ പിന്നീട് ഡാനിഷ് ഗോൾമുഖത്തേക്ക് നിരന്തരം ആക്രമിച്ചുകയറി. 84ാം മിനിറ്റിൽ റൗൾമീറെലെസിനു പകരം കളത്തിലെത്തിയ സിൽവസ്റ്റ൪ വറേല മൂന്നു മിനിറ്റിനകം ടീമിന്റെ വിജയഗോൾ നേടി താരമായി. ഇടതുവിങ്ങിൽനിന്ന് ഫാബിയോ കോൺട്രാവോ നൽകിയ ക്രോസ് പിടിച്ചെടുത്ത് മത്സരത്തിലെ തന്റെ ആദ്യനീക്കത്തിൽ വറേല വലയിലേക്ക് വെടിയുതി൪ത്തു. പിന്നീട് പിടിച്ചുനിന്ന പോ൪ചുഗൽ നിരയിൽ ഇഞ്ചുറി ടൈമിൽ മഞ്ഞക്കാ൪ഡും വാങ്ങിയാണ് റൊണാൾഡോ കളം വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
