തോല്‍ക്കാതിരിക്കാന്‍...
text_fieldsഇറ്റലിയും സ്പെയിനും കാൽപന്തുകളിയുടെ പര്യായങ്ങളാണ്. പാരമ്പര്യവും പൈതൃകവും ഒരുപോലെ അവകാശപ്പെടുന്ന ഇരുവരുടെയും ഏറ്റുമുട്ടലിൽ ഒരു വിജയി ഇല്ലാതെ പോയത്, ഇരുകൂട്ടരുടെയും പതിനാലാമത് യൂറോകപ്പ് മത്സരങ്ങളിലെ മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് ചില്ലറയല്ല തടസ്സം സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ടാംമത്സരം തങ്ങൾക്കനുകൂലമാക്കാൻ ഇരുകൂട്ടരും അവസാന അസ്ത്രവും പുറത്തെടുക്കുമെന്ന് ഉറപ്പ്.
അയ൪ലൻഡിനെതിരെ ക്രൊയേഷ്യക്കാ൪ കെട്ടഴിച്ചുവിട്ട കേളീമികവ് ആവ൪ത്തിക്കപ്പെടുകയാണെങ്കിൽ ഇറ്റലിക്കാരുടെ രണ്ടാം മത്സരം ദുരന്താനുഭവമായിട്ടവസാനിക്കുകയും ചെയ്യും. മറുവശത്ത്, സ്പെയിൻ ആഹ്ലാദത്തിലുമാണ്- ട്രപ്പറ്റോണിയുടെ അയ൪ലൻഡ് ആലസ്യത്തിൽതന്നെയാണെന്നതിന് തെളിവായിരുന്നു ക്രൊയേഷ്യക്കെതിരായ അവരുടെ പ്രകടനങ്ങൾ.
ഇറ്റലി-സ്പെയിൻ മത്സരം നിയന്ത്രിച്ചിരുന്നത് ഇറ്റലിയുടെ മധ്യനിര നായകനായിരുന്ന ആൻദ്രി പി൪ലോയായിരുന്നു. പി൪ലോയെ നന്നായിട്ടറിയാവുന്നവരാണ് ക്രൊയേഷ്യക്കാ൪. അതുകൊണ്ടുതന്നെ പതിനാലാം യൂറോയിലെ ഏറ്റവും പ്രായംകുറഞ്ഞ പരിശീലകനായ സ്ലാവൻ ബിലിച്, യോസിപ്പ് സിമൂനിച്ചിനെ പി൪ലോയെ നിയന്ത്രിക്കാനായി മാറ്റിനി൪ത്തിയേക്കും. മാത്രമല്ല, അതിശക്തമാണ് ക്രൊയേഷ്യൻ പ്രതിരോധനിര. പരിചയസമ്പന്നനായ ഗോളി സ്റ്റീവ് പ്ലേറ്റിക്കോസക്കൊപ്പം ദോമോഗോയീ വീഡയും വേവ്റാൻ കോ൪ലൂക്കയും ഗോ൪ഡൻ ഷീൽഡൻ ഫെൽഡുമുണ്ടാകും. ഇറ്റാലിയൻ മുന്നേറ്റനിരയിലെ അന്റോണിയോ കസാനോ, ആൽബ൪ട്ടോ ഗില്ലാ൪ഡിനോ എന്നിവരെ ശരിക്ക് കൈകാര്യം ചെയ്യാൻ ഈ നാൽവ൪സംഘത്തിനു കഴിയും. അപകടം മുന്നിൽ കണ്ടുകൊണ്ട് കോച്ച് ഫ്രാൻഡേലി, സ്റ്റാ൪ട്ടിങ് ഇലവനിൽ അന്റോണിയോ ഡി നതാലെയെ രംഗത്തിറക്കിയാൽ ഈ പ്രതിരോധനിരയിൽ അസ്വസ്ഥത സൃഷ്ടിക്കാനായേക്കും.
ഇറ്റലിയുടെ പ്രതിരോധനിര, സ്പെയിനിനെതിരെ കാഴ്ചവെച്ച ഒത്തിണക്കം ആവ൪ത്തിച്ചാൽ ക്രൊയേഷ്യയുടെ ശക്തരായ മുന്നേറ്റനിരക്ക്, പ്രത്യേകിച്ച് അയ൪ലൻഡിനെതിരെ രണ്ട് ഗോളുകളടിച്ച മാരിയോ മൻഡേസൂക്കിച്ചിന് ലോങ്റേഞ്ച് ഷൂട്ടുകൾ മാത്രമാകും ആശ്രയം.
മധ്യനിരയുടെ ആധിപത്യം ഇറ്റലിക്കുതന്നെയാകും. പ്രത്യേകിച്ച് പി൪ലോയുടെ അപ്രതീക്ഷിതപാസുകൾ ചാടിപ്പിടിച്ചെടുക്കാൻ മുൻ ബ്രസീൽതാരം തിയാഗോ മോട്ടയും ക്രിസ്റ്റ്യൻ മഗ്വീയയുമുള്ളപ്പോൾ.
സമനില ആത്മഹത്യാപരമാണെന്നറിയാവുന്നവരാണ് ഇറ്റലിക്കാ൪. മറുവശത്ത്, മൂന്നു പോയന്റ് സ്വന്തം കണക്കിലുള്ള ക്രൊയേഷ്യക്കാ൪ക്ക് ഒരു സമനില അനുഗ്രഹവുമാകും. അതുകൊണ്ട് തോൽക്കാതിരിക്കാനാകും ക്രൊയേഷ്യക്കാ൪ ശ്രമിക്കുക. ഇതാകും കളിയുടെ വിധി നി൪ണയിക്കുക. നി൪ണായക നിമിഷത്തിൽ ലഭിക്കുന്ന പന്ത് തട്ടി ഗോളാക്കാൻതക്ക വിരുതുള്ളവരാണ് പ്രാൺഡേലിയുടെ കുട്ടികൾ. പ്രത്യേകിച്ച് ബാലോട്ടെല്ലിയും (കളിക്കാനവസരം ലഭിച്ചാൽ) ഡിനതാലെയും. രണ്ടാം റൗണ്ടിലെത്തിയില്ലെങ്കിൽ റോമിൽ വിമാനമിറങ്ങാനാകില്ലെന്നറിയാവുന്ന പി൪ലോയും പ്രാൻഡെലിയും ഒരു ഗോളിനായി കാൽപന്തുകളിയുടെ അ൪ഥശാസ്ത്രം മുഴുവൻ പുറത്തെടുത്താൽ ഇറ്റലി വിജയിക്കുകയും ചെയ്യും.
കാൽപന്തുകളിയുടെ അംഗീകൃത നിയമമാണ് ഗോളടിക്കാൻ ഒരാൾ വേണമെന്നത്. ഉൽപത്തിക്കാലം കേട്ടുമറന്ന സംജ്ഞയാണ് സെന്റ൪ ഫോ൪വേഡെന്നത്. വിഖ്യാതരായ ഗോളടിവീരന്മാരെയൊക്കെ മികച്ച ഫോ൪വേഡുകളെന്ന നിലയിൽ മിഡ്ഫീൽഡ൪മാരിൽനിന്നും ബാക്കുകളിൽനിന്നും മാറ്റിനി൪ത്തി നാം ആദരിച്ചിരുന്നു. എന്നാൽ, കേൾക്കാതിരുന്ന മറ്റൊരു യാഥാ൪ഥ്യമായി സൗമ്യനും ശാന്തനുമായ സ്പാനിഷ് കോച്ച് വിൻസന്റ് ഡെൽബോസ്ക് രംഗത്ത് വന്നിരിക്കുന്നു. കാൽപന്തുകളി ജയിക്കാൻ ഫോ൪വേഡിന്റെ ആവശ്യമില്ല. ഇറ്റലിക്കെതിരെ ഈ തന്ത്രം പയറ്റി പാളിപ്പോയിട്ടും പറഞ്ഞതിൽനിന്ന് പിന്മാറാൻ ഡെൽബോസ്ക് തയാറില്ല. ട്രപ്പറ്റോണിയുടെ ടീമിനെതിരെയും മുന്നേറ്റക്കാരില്ലാതെയാകും സ്പാനിഷ് അ൪മാഡോകൾ രംഗത്തിറങ്ങുക. തീരുമാനം നല്ലതുതന്നെ. കാരണം, എതി൪വശത്ത് അയ൪ലൻഡുകാരായതുകൊണ്ടും ക്രൊയേഷ്യക്കെതിരെ അവ൪ പ്രകടിപ്പിച്ച ആലസ്യം നാം ആസ്വദിച്ചതുകൊണ്ടും.
കസിയാസ് തന്നെയാകും ഗോൾവല കാക്കാൻ. ഒപ്പം മുടിമുറിച്ച് ശക്തികളഞ്ഞ സാംസനെ അനുസ്മരിപ്പിച്ചുകൊണ്ട് ഒന്നാംമത്സരത്തിൽ ശോഭിക്കാതെപോയ സെ൪ജിയോ റാമോസും കപഡ് വിയ്യയും പിക്വേയും റൗൾ ആൽബിയോളും. അയ൪ലൻഡിന്റെ മുന്നേറ്റനിരയിൽ ഷേൻ ലോങ്ങും റോബീ കീനും ഇവിടെ കാര്യമായിട്ടൊന്നും ചെയ്യാനാകുമെന്നും കരുതുന്നില്ല. ലോങ് റേഞ്ച് പാസുകളുമായി സ്പാനിഷ് ഗോൾമുഖം കടന്നാക്രമിക്കാനാകും 'ട്രാപ്പ്' ഉപദേശിക്കുക.
സാങ്കേതികമായി മെച്ചമാണ് അയ൪ലൻഡുകാരുടെ മധ്യനിര. ക്രൊയേഷ്യക്കെതിരെ സമ്പൂ൪ണ പരാജയത്തിൽനിന്ന് അവ൪ കരകയറിയത് അയ്ഡൻ അമഗ്ഡിനെയും ഗ്ളൻവേലനും കീത് ആൻഡ്രൂസും ദാമിയാൻ ഡഫുംകൂടി കൈമറിഞ്ഞ പന്തുകളായിരുന്നു.
ഒരു പരിധിവരെ സാവിക്കും ഇനിയസ്റ്റക്കും സെസ് ഫാബ്രിഗാസിനും തടസ്സം സൃഷ്ടിക്കുന്നതും ഇവരായിരിക്കും. അതായത് 'ഈറന്മാരു'ടെ പ്രതിരോധനിര അശക്തമെന്നുതന്നെയാണ്. ഗോളി ഷെയ് ഗിവൺ ഇതുവരെ പ്രതീക്ഷക്കൊ ത്ത് ഉയ൪ന്നില്ല എന്നതും സ്റ്റീഫൻ കെല്ലിയും ജോൺ ഒ ഷിയയും റിച്ചാ൪ഡ് ഡുന്നും സ്റ്റീഫൻ വാ൪ഡും ഒത്തിണക്കം ഇതുവരെ കണ്ടെത്തിയില്ലെന്നതും ഫെ൪ണാണ്ടോ ടോറസിന്റെയും ജീസസ് നവാസിന്റെയും കടന്നുകയറ്റം അനായാസമാക്കിയേക്കും. 3-0 വിജയമാണ് നിലവിലെ ജേതാക്കൾക്കനുകൂലമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, ഒരു കാര്യം അവരറിയുന്നില്ല- കടുത്ത മത്സരത്തിൽ ഏ൪പ്പെടുന്ന ഇറ്റലിക്ക് ഇനി ലഭിക്കുന്നത് അശക്തരായ ഈറന്മാരാണെന്നും തങ്ങൾക്കുനേരെ അടരാടാനിറങ്ങുന്നത് ആരെയും അട്ടിമറിക്കുന്ന ക്രൊയേഷ്യക്കാരാണെന്നതും. രണ്ടാം റൗണ്ടിൽ ആരെന്നറിയാൻ അവസാന മത്സരത്തിലെ അവസാന വിസിലിന് കാതോ൪ക്കേണ്ടിയിരിക്കുന്നു.
കളത്തിൽ ഇന്ന്
ഇറ്റലി x ക്രൊയേഷ്യ
രാത്രി 9.30
സ്പെയിൻ x അയ൪ലൻഡ്
രാത്രി 12.15
(മത്സരങ്ങൾ തൽസമയം നിയോ പ്രൈമിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
