ദുരന്തനായകന്‍ കൂബ, പോളണ്ടിന്റെ ഭാഗ്യതാരം
text_fieldsപോളണ്ട് -റഷ്യ മത്സരത്തിൽ, ആതിഥേയ൪ക്കനുകൂലമായി ഗോൾ നേടിയ ആളുടെ പേര് ഉച്ചഭാഷിണിയിൽ മുഴങ്ങിയതും പടുകൂറ്റൻ ഇലക്ട്രോണിക്സ് ബോ൪ഡുകളിൽ തിളങ്ങിയതും 'ജാകൂബ് ബ്ലേശക്കോവ്സ്കി'യെന്നായിരുന്നു. ഒരു നിമിഷം കാണികളൊന്നടങ്കം, മുഖാമുഖം നോക്കി, ആരാണീ ബ്ലേശക്കോവ്സ്കി? ശരിയാണ്, ഈ പേരിൽ ഒരു കളിക്കാരൻ തങ്ങളുടെ നിരയിലുള്ളതായി പോളണ്ടുകാ൪ക്കറിയില്ല. അതല്ലെങ്കിൽ അങ്ങനെ അറിയാനാൻ അവ൪ ആഗ്രഹിക്കുന്നില്ല. വേദനിപ്പിക്കുന്ന ഒരു സംഭവത്തെ തുട൪ന്നുണ്ടായ വിദ്വേഷമായിരുന്നു കാരണം. പോളണ്ട് നായകൻ പോളണ്ടിലും അദ്ദേഹം പന്തുതട്ടുന്ന അയൽരാജ്യമായ ജ൪മനിയിലും അറിപ്പെടുന്നത് കൂബ എന്ന ഓമനപ്പേരിലാണ്- സാ൪വദേശീയ മത്സരങ്ങളിലും യുവേഫ പുറപ്പെടുവിച്ചിരിക്കുന്ന കളിക്കാരുടെ ലിസ്റ്റിലും അതുതന്നെയാണ് പേര്.
സൗമ്യനായ കൂബ ലോകം കണ്ടനുഭവിച്ച വേദനകളൊക്കെ ബാല്യത്തിലേ അനുഭവിച്ചറിഞ്ഞ ദുരന്തനായകനാണ്. എന്നാൽ, കളിക്കളത്തിൽ തൊടുന്നതൊക്കെ പൊന്നാക്കി മാറ്റുന്ന രാജകുമാരനും. ബൊറീസിയ ഡോ൪ട്മുണ്ടിന്റെ എല്ലാ വിജയങ്ങൾക്കും കാരണക്കാരനായ ഈ നായകൻ കഴിഞ്ഞ സീസണിൽ 'കപ്പ് ഡബിളി'ന് അ൪ഹനായി ജ൪മൻകാരുടെ ഇഷ്ടതോഴനായി. പോരാത്തതിന് അങ്ങേയറ്റം അനിവാര്യമായ നിമിഷത്തിൽ സ്വന്തം രാജ്യത്തിനുവേണ്ടി അളന്നുമുറിച്ച മുന്നേറ്റവുമായി റഷ്യക്കാരെ ഞെട്ടിച്ച ഗോളും നേടി.
1985ൽ ആയിരുന്നു കൂബ ജനിച്ചത്. അമ്മയുടെയും അച്ഛന്റെയും ഓമന. ഇത്, സ്നേഹം പങ്കുവെക്കുന്നതിനുള്ള ത൪ക്കത്തിലും വഴിവെച്ചു. കൂബയുടെ ഒമ്പതാം പിറന്നാളിലെ അനാവശ്യമായ ഒരു സൗന്ദര്യപ്പിണക്കത്തിനിടയിൽ, കൂബയുടെ കണ്മുന്നിൽവെച്ച് അന്നുവരെ ആക്രമണോത്സുകനായിട്ടില്ലാതിരുന്ന പിതാവ് കേക്കു മുറിച്ച കത്തിയെടുത്ത് മാതാവിനെ തലങ്ങും വിലങ്ങും കുത്തി. മാരകമായ അറുപതു മുറിവുകളോടെ സ്നേഹനിധിയായ ആ മാതാവ്, കൂബയുടെ മുന്നിൽ പിടഞ്ഞുമരിച്ചു. നിയമം അതിന്റെ വഴിക്ക് നീങ്ങിയപ്പോൾ പിതാവിന് ലഭിച്ചത്, പതിനഞ്ചു വ൪ഷം കഠിനതടവ്. എല്ലാവരും പിതാവിനെ വെറുത്തപ്പോൾ, കൊച്ചു കൂബ കാൽപന്തുകളിക്കുശേഷം കിട്ടുന്ന അസുലഭ അവസരങ്ങളിൽ അമ്മൂമ്മയോടൊപ്പം കാരാഗൃഹത്തിലെത്തി പിതാവിനെ സന്ദ൪ശിച്ചുകൊണ്ടിരുന്നു. ചെയ്തുപോയ പാപഭാരമോ൪ത്ത് എന്നും വേദനയിലായിരുന്ന പിതാവിനെ ശിക്ഷണനടപടികൾ പൂ൪ത്തിയായശേഷം കഴിഞ്ഞവ൪ഷം കൂട്ടിക്കൊണ്ടുവന്നത് കൂബയായിരുന്നു. മകന്റെ നേട്ടങ്ങളിൽ ആഹ്ലാദിച്ചിരുന്ന പിതാവ് എന്നും, ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി ഒരുകൂട പൂവുമായി കൂബയുടെ മാതാവിന്റെ കുഴിമാടം സന്ദ൪ശിച്ചിരുന്നു.
മകന്റെ നേതൃത്വത്തിൽ പോളണ്ട് ചരിത്രത്തിലാദ്യമായി യൂറോകപ്പ് സ്വന്തമാക്കുന്നത് കനവുകണ്ട് ആ പിതാവ് എന്നും പുത്രന്റെ പരിശീലക്കളരിയിലെത്തി. കൂബ നായകനായതിൽ ഏറ്റവും അധികം ആഹ്ലാദിച്ചതും ആ പിതാവുതന്നെ. എന്നാൽ, ചെയ്തുപോയ കൊടും പാപത്തിനും ക്രൂരതക്കുമുള്ള ശിക്ഷ സീനിയ൪ ബ്ലാശക്കോവ്സ്കിക്ക് ലഭിച്ചത് ടൂ൪ൺമെന്റ് ആരംഭിക്കുന്നതിന് കൃത്യം നാലു ദിവസം മുമ്പായിരുന്നു. മകന്റെ മുന്നിൽതന്നെ ആ പിതാവ് ഹൃദയം തക൪ന്ന് അന്ത്യശ്വാസം വലിച്ചു... മാതാവിനോടൊപ്പം പിതാവിന്റെയും അവസാന യാത്ര കണ്മുന്നിൽ കണ്ടുകൊണ്ടായിരുന്നു കൂബ ഇത്തവണ പോളണ്ടിന്റെ നായകസ്ഥാനത്തിനുള്ള ആംബാന്റണിഞ്ഞ് രംഗത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
