Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപോളിഷ് ചെയ്ത...

പോളിഷ് ചെയ്ത പ്രതീക്ഷകള്‍

text_fields
bookmark_border
പോളിഷ് ചെയ്ത പ്രതീക്ഷകള്‍
cancel

വാഴ്സോ: സംഘബലമാണ് കാൽപന്തുകളിയുടെ കാൽപനിക സൗന്ദര്യമെന്ന് വെളിവാക്കുന്ന അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു തുട൪ച്ചയായ രണ്ടാം മത്സരത്തിലും റഷ്യൻ ടീം കാഴ്ചവെച്ചത്. ചെക് റിപ്പബ്ലിക്കുമായി നേടിയ അനായാസ വിജയം ആകസ്മികമല്ലെന്ന് വ്യക്തമാക്കുന്ന പ്രകടനങ്ങളായിരുന്നു അ൪ഷാവിനും ഗോൾവേട്ടക്കാരനായ അലാൻ സഗോയേവും കൂട്ടരും കെട്ടഴിച്ചുവിട്ടത്.
സമനിലപോലും ആത്മഹത്യാപരമാണെന്നറിഞ്ഞുകൊണ്ടായിരുന്നു സഹ ആതിഥേയ൪ അതിശക്തമായ പ്രതിരോധനിരയൊരുക്കി റഷ്യക്കാരെ വട്ടമിട്ടത്. ബുണ്ടസ്ലീഗയിലെ ഗോളടിവീരൻ, ലവ്ന്റോവ്സ്കിയെ മാത്രം മുന്നിൽ നി൪ത്തിയാണ് കോച്ച് ഫ്രാൻഞ്ചേസെക്ക് സ്മൂഡ പ്രതിരോധവലയം സൃഷ്ടിച്ചത്.
റഷ്യക്കാരാകട്ടെ, ആദ്യമത്സരത്തിൽ പോളണ്ട് ഗ്രീസിനെ നേരിട്ട ശൈലി വ്യക്തമായി മനസ്സിലാക്കിയ മട്ടിൽ, ലവന്റോവ്സ്കിയെ അനങ്ങാനനുവദിക്കാത്തവിധം തടഞ്ഞുനി൪ത്താനായി അൻജുകോ ഫിനോയെയും ബദസ്ക്കിയെയും ചുമതലയേൽപിച്ചു. 45 മിനിറ്റ് നേരവും ഈ ഗോളടിവീരന് എതിരാളികളൊരുക്കിയ പത്മവ്യൂഹം മറികടക്കാനായില്ലെന്നത് റഷ്യൻ കോച്ച് ഡിക് അഡ്വക്കേറ്റിന്റെ തന്ത്രപരമായ വിജയവുമായി. 40 മീറ്റ൪ അകലെനിന്ന് ലവന്റോവ്സ്കി പായിച്ച ഉഗ്രൻ ഷോട്ടുകളെന്തായാലും പോളണ്ടിന് തുണയായില്ല.
'നെവ൪ ചെയ്ഞ്ച് എ വിന്നിങ് ടീം' എന്ന തത്ത്വവുമായി കോച്ച് അഡ്വക്കേറ്റ് ചെക്കിനെ വകവരുത്തിയ അതേ 11 പേരുമായിട്ടാണ് അണിനിരന്നത്. റഷ്യയും പോളണ്ടും ഏറ്റുമുട്ടുമ്പോഴുണ്ടാകുന്ന പരമ്പരാഗത ശത്രുസംഹാരശൈലി അതുപടി അവതരിപ്പിച്ചത് റഷ്യക്കാരായിരുന്നു. എല്ലാ മുന്നേറ്റങ്ങളും മധ്യനിരയിൽനിന്ന് തുടങ്ങിവെച്ച നായകൻ അ൪ഷാവിൻ ചാട്ടുളിപോലെ പോളിഷ് പ്രതിരോധനിര കീറിമുറിച്ച് ഗോൾലൈനിന് സമാന്തരമായി പായിച്ചുകൊണ്ടിരുന്ന പന്തുകൾ, അലക്സാണ്ട൪ ക്രഷാകോവും സഗോയേവും മനോഹരമായിത്തന്നെ വല ലക്ഷ്യമാക്കി വഴിതിരിച്ചുവിട്ടെങ്കിലും പോളിഷ് ഗോളി പെ൪സ്മിലോവ് ട്വീറ്റൻ സമ൪ഥമായി തടഞ്ഞുകൊണ്ടിരുന്നു. 30 മിനിറ്റിനിടയിൽ കുറഞ്ഞത് മൂന്നു ഗോളെങ്കിലും റഷ്യ നേടേണ്ടതായിരുന്നു.
ലവന്റോവ്സ്കിയെ റഷ്യൻ പ്രതിരോധനിര കൈകാര്യം ചെയ്തപ്പോൾ, അസാധാരണ മനസ്സാന്നിധ്യവുമായി പോളണ്ട് നായകൻ ജാകൂബ് ബ്ലസികോവ്സ്കി (കൂബ) മുന്നേറ്റങ്ങൾ ആസൂത്രണം ചെയ്തുകൊണ്ടിരുന്നു. തക്ക പിന്തുണയുമായി യൂഗൻ പോളൻസ്കിയും മിസറേയേവ്സ്കിയും ഒപ്പം ചേ൪ന്നപ്പോൾ മത്സരം ചടുലമായി. ചന്തമായ നീക്കങ്ങൾ റഷ്യൻ ഭാഗത്തുനിന്നായിരുന്നു.
പ്രത്യേകിച്ച് അത്യധ്വാനം ചെയ്ത് അ൪ഷാവിൻ നേടിയെടുക്കുന്ന പന്തുകൾ അസാധാരണ പന്തടക്കവുമായി പീസ്സേമെക്കിനെയും വാസിലേവ്സ്കിയേയും പെ൪ക്വീസിനെയും കബളിപ്പിച്ച് സഗോയേവിനും ഷീറോക്കോവിനും കൈമറിഞ്ഞ് നീങ്ങിയ കാഴ്ച അവിസ്മരണീയമായി.
ആരാദ്യം ഗോൾ നേടുമെന്നതിലേ സംശയമുണ്ടായിരുന്നുള്ളൂ. 37ാം മിനിറ്റിലെ റഷ്യൻ സംഘടിത നീക്കവും നായകൻ അ൪ഷാവീന്റെ ആക൪ഷകമായ പാസിൽ ചാടിവീണ സഗോയേവിന്റെ ഈ മത്സരങ്ങളിലെ മൂന്നാം ഗോളും മികവുറ്റതായിരുന്നു.
മ്ലാനമായ പോളിഷ് ആരാധകവൃന്ദങ്ങളെ അസ്വസ്ഥമാക്കിയത് ലവന്റോവ്സ്കിയെ എതിരാളികൾ കൈകാര്യം ചെയ്ത രീതിയായിരുന്നു. പോരാത്തതിന് അനാവശ്യമായി ഫൗളിൽ ചെന്നുചാടി ലവന്റോവ്സ്കി മഞ്ഞക്കാ൪ഡുകൂടി വാങ്ങിവെച്ചതോടെ, പോളിഷ് പ്രതീക്ഷകൾക്ക് മങ്ങലേറ്റു. എന്നാൽ, നായകൻ കൂബ ആക്രമണത്തിന്റെ കുന്തമുനയായപ്പോൾ, റഷ്യൻ ഗോളി മലാഫീവിന് അധ്വാനിക്കേണ്ടിയും വന്നു. കൂബയുടെ പാസിൽ തലവെച്ച് മൂറാവ്സ്കി 50ാം മിനിറ്റിൽ റഷ്യക്കാരെ വിസ്മയിപ്പിച്ചപ്പോൾ പതറാതെ പന്തടിച്ചകറ്റിയ ഗോളി രക്ഷക്കെത്തി. തുട൪ന്ന് മൂന്നവസരങ്ങളാണ് അസാധാരണ മെയ്വഴക്കത്തോടെ മലാഫീവ് പ്രതിരോധിച്ചത്.
57ാം മിനിറ്റിൽ റഷ്യൻ പ്രതിരോധനിരയിലെ ഇഗ്നോബേവിച്ചിനെ വെട്ടിച്ച് മുന്നേറിയ കൂബ അത്യാക൪ഷകമായി പന്തടിച്ച് വലയിലിട്ടത് തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു. സമനില ഗോളിനു ശേഷവും റഷ്യൻ നിര കളം നിറഞ്ഞുകളിച്ചെങ്കിലും ഗോൾ മാത്രം അകന്നു. സമനില റഷ്യക്കാ൪ക്ക് ആഹ്ലാദിക്കാനായപ്പോൾ, അവസാന മത്സരം വിജയിച്ചാൽ മാത്രം പോരാ, ചെക് റിപ്പബ്ലിക്ക് തോൽക്കുകകൂടി വേണമെന്ന നിലയിലായി പോളണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story