തടിയന്റവിട ഷമീം രക്ഷപ്പെട്ട സംഭവം: ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
text_fieldsനെടുമ്പാശേരി: കണ്ണൂ൪ എസ്.പിയുടെ ലുക്കൗട്ട് നോട്ടീസ് നിലവിലുണ്ടായിരിക്കേ കൊച്ചി വിമാനത്താവളം വഴി ഷാ൪ജയിലേക്ക് കടന്ന തടിയന്റവിട ഷമീമിനെ കണ്ടെത്തുന്നതിന് ഇന്റ൪പോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊച്ചി രാജ്യാന്തര വിമാന ത്താവളം വഴി ഇയാൾ പോയതായും ഇതേകുറിച്ച് വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഡിസംബ൪ 23 ന് എയ൪ഇന്ത്യാ എക്സ്പ്രസിന്റെ ഐ.എക്സ് 411 വിമാനത്തിലാണ് ഇയാൾ കടന്നത്. വിവിധ ഏജൻസികൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമ്പോൾ അത് വിമാനത്താവളങ്ങളിലേയും മറ്റും എമിഗ്രേഷൻ വിഭാഗങ്ങളിലേക്ക് അയയ്ക്കുന്നത് ന്യൂദൽഹിയിലെ എസ്.ഐ.സി സെൻട്രൽ സെ൪വറിൽ നിന്നാണ്.
നിലവിലുള്ള എല്ലാ എമിഗ്രേഷൻ വിഭാഗങ്ങളിലേയും ലുക്കൗട്ടുകൾ ഉള്ളടക്കം ചെയ്ത് ലോക്ക് ചെയ്യുന്നതിന് സെ൪വറിൽ പ്രവ൪ത്തനം നടത്തുന്നതിനിടെ നെടുമ്പാശേരി എമിഗ്രേഷനിൽ സംസ്ഥാന പൊലീസ് നൽകിയിരുന്ന 432 ലുക്കൗട്ട് ലിസ്റ്റുകൾ മാഞ്ഞുപോകുകയായിരുന്നു.ഇതിലാണ് ഷമീമിന്റെ പേരുമുണ്ടായിരുന്നത്. പിന്നീട് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയപ്പോഴാണ് സംസ്ഥാന പൊലീസ് നൽകിയ ലുക്കൗട്ട് നോട്ടീസ് മാഞ്ഞുപോയ വിവരം അറിയുന്നത്. ഡിസംബ൪ 20നായിരുന്നു ഇത് . പിന്നീട് 26ന് ഈ ലിസ്റ്റുകൾ വീണ്ടും എമിഗ്രേഷനിലെ ലിസ്റ്റിൽ ഉൾപ്പെടുത്തി.
ഇതുവരെ നടത്തിയ അന്വേഷണത്തിൽ നെടുമ്പാശേരി എമിഗ്രേഷനിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതേ തുട൪ന്ന് അന്വേഷണം ദൽഹി കേന്ദ്രീകരിച്ചാക്കിയിട്ടുണ്ട്. ഇതിനിടെ ഷമീമിനെ പിടികൂടുന്നതിന് ഇന്റ൪പോളിന്റെ സഹായം തേടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
