തിരയില്‍പ്പെട്ട് ദുരന്തം മുഖാമുഖം കണ്ട മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടു
text_fieldsആറാട്ടുപുഴ: മത്സ്യബന്ധനത്തിനിടെ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റിലും തിരയിലുംപെട്ട് ദുരന്തത്തെ മുഖാമുഖം കണ്ട മത്സ്യത്തൊഴിലാളികൾ മുക്കാൽമണിക്കൂ൪ സാഹസിക അധ്വാനത്തിലൂടെ കരക്കെത്തി. മൂന്നുപേ൪ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെ കായംകുളം ഹാ൪ബറിന് പടിഞ്ഞാറായിരുന്നു സംഭവം. ആറാട്ടുപുഴ പഴയ കണ്ടങ്കേരിൽ അബ്ദുൽ ലത്തീഫിൻെറ ബിലാൽ എന്ന ലൈലാൻഡ് വള്ളമാണ് അപകടത്തിൽപ്പെട്ടത്.
തീരത്തുനിന്ന് ഏഴ് നോട്ടിക്കൽമൈൽ അകലെ മത്സ്യബന്ധനം നടത്തുമ്പോഴാണ് ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് വയ൪ലെസിലൂടെ കോസ്റ്റ്ഗാ൪ഡ് അറിയിച്ചത്.
മത്സ്യം കോരിക്കൊണ്ടിരുന്നതിനാൽ ഉടൻ കരയിലേക്ക് തിരിക്കാൻ കഴിഞ്ഞില്ല. വല തിരികെ വള്ളത്തിലേക്ക് കയറ്റുന്നതിനിടെ കാറ്റടിക്കാൻ തുടങ്ങി. അപകടം മനസ്സിലാക്കിയ തൊഴിലാളികൾ ബഹളംവെച്ചു. ശബ്ദംകേട്ട് അടുത്തുണ്ടായിരുന്ന അഴീക്കലെ കൃഷ്ണകൃപ എന്ന വള്ളത്തിലെ തൊഴിലാളികൾ വലകയറ്റാൻ സഹായിച്ചു. ഇതിനിടെ കാറ്റ് ശക്തമായി. കടലും പ്രക്ഷുബ്ധമായി.
വല മുറിച്ചുവിട്ട് രക്ഷപ്പെടാനായിരുന്നു അടുത്തശ്രമം. എന്നാൽ, വല മുറിക്കുമ്പോൾ രണ്ടുപേ൪ അപകടത്തിൽപെടുമെന്ന അവസ്ഥയുണ്ടായി. ഇതോടെ രക്ഷാപ്രവ൪ത്തനം നി൪ത്തി. ഭീതിയിലായ തൊഴിലാളികൾ നിലവിളിക്കാൻ തുടങ്ങി. വള്ളത്തിൻെറ മേൽക്കൂരയിൽ കാറ്റുപിടിച്ച് വള്ളം മറിയുമെന്ന അവസ്ഥയിലായിരുന്നു.
കടലിൽ കിടന്ന വലയിൽ ശക്തമായി വലിച്ചുപിടിച്ചാണ് തൊഴിലാളികൾ വള്ളം മറിയാതെ പിടിച്ചുനി൪ത്തിയത്. ഇതിനിടെയാണ് മൂന്ന് തൊഴിലാളികൾക്ക് കടലിൽവീണ് പരിക്കേറ്റത്. മേൽക്കൂരയുടെ ടാ൪പോളിൻ ഷീറ്റ് കീറിമാറ്റി. പിന്നീട് സാഹസപ്പെട്ട് വല അറുത്ത് കടലിൽ ഉപേക്ഷിച്ചശേഷം വള്ളം കരയിലേക്ക് പതുക്കെ കൊണ്ടുവരികയായിരുന്നു. കായംകുളം ഹാ൪ബറിൽ എത്തിയപ്പോഴും തൊഴിലാളികളുടെ മുഖത്ത് ഭീതി മാറിയിരുന്നില്ല. 32 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അബ്ദുൽ ലത്തീഫ്, അബ്ദുൽ കലാം, സജീ൪ എന്നിവ൪ക്കാണ് പരിക്കേറ്റത്. വള്ളത്തിലുണ്ടായിരുന്ന കാമറയും വയ൪ലെസും മറ്റുസംവിധാനവും തകരാറിലായി.
നാല് തൊഴിലാളികളുടെ മൊബൈൽഫോൺ നഷ്ടപ്പെട്ടു. വള്ളത്തിൻെറ മേൽക്കൂരയും നശിച്ചു. നാലുലക്ഷത്തിൻെറ നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
