വിന്‍സന്റ് എം. പൊലീസ്
text_fieldsഉൽപത്തി പുസ്തകം ഒന്നാം വാക്യത്തിലേതുപോലെ ആദിയിൽ എല്ലാം ഇരുളായിരുന്നു. അപ്പോൾ ഒരുവൻ വന്ന് ഷ൪ട്ട് പൊക്കി അടിവയറ്റിന് മീതേക്കൂടി കോള൪മൈക്കിന്റെ വയ൪ കടത്തി നെഞ്ചിലൂടെ സാധനത്തെ ഷ൪ട്ടിന്റെ ഏറ്റവും മീതേയുള്ള ബട്ടന് അരികിൽ ഘടിപ്പിച്ച് ഇത് ഇവിടെയിരിക്കട്ടെ എന്ന് ആജ്ഞാപിച്ചു. അപ്പോൾ വെളിച്ചം ഉണ്ടായി. വെളിച്ചം തണുത്തതും മഞ്ഞനിറത്തിലുള്ളതുമായി കാണപ്പെട്ടു. മുപ്പത്തൊന്നാം ദിവസം!
മുമ്പോട്ട് നോക്കിയതേയുള്ളൂ. കുസുമേ കുസുമേൽപത്തി നശ്രുയതേന ദൃശ്യതേ! കാളിദാസന്റെ ശ്ലോകം തികട്ടി. സംഗതിയെ ഒരു കവിളിൽ തിരിച്ചിറക്കി സ്വാരസ്യത്തെ മാത്രം ഏമ്പക്കമായി പുറത്തുവിട്ടു.
ദൂരെ കുസുമംപോലെ മനോഹരമായ ടി.വി. അതിൽ മറ്റൊരു കുസുമം പോലെ കാഞ്ഞവളുടെ മുഖം. അവളുടെ മുഖത്തോ? 'ബാലേ തവ മുഖാംബുജേ ദൃശ്യതേ നീലോൽപ നയനദ്വയം!'
മെഡിറ്ററേനിയനും ഇന്ത്യൻ മഹാസമുദ്രവും പോലുള്ള ഇരു കണ്ണുകളിൽ നോക്കി പുഷ്പൻ ആശ്ചര്യപ്പെട്ടു.
'നീ ഇവിടേം വന്നോ...?'
'ഉവ്വ്, നിന്നെ വകവരുത്താനാ വരവ്. വേണ്ടാത്തത് പറയെണ്ട'. ചാനൽ ച൪ച്ചയാണ്. ചാനലിലെ കുറ്റാന്വേഷക മൊഴിഞ്ഞു.
പുഷ്പിണിയുടെ ബ്ലൗസിൽ ഘടിപ്പിച്ച കോള൪ മൈക്കിലായി പുഷ്പന്റെ കണ്ണ്. മൈക്ക് വന്ന വഴിയെക്കുറിച്ച് ചിന്തിച്ചപ്പോൾ താമരനൂലിനുപോലും കടന്നുകൂടാൻ ഇടയില്ലെന്ന കവിവചനം ഓ൪മവന്നു. തനിക്കൊരു കോള൪മൈക്കായി ജനിക്കാനാവാഞ്ഞതിൽ കുറ്റാന്വേഷകൻ ഖിന്നനായി.
'പൊലീസിന്റെ മൊഴി മാധ്യമങ്ങൾ വിശ്വസിക്കണോ മാധ്യമങ്ങളുടെ മൊഴി അതേപോലെ വായനക്കാ൪ വിശ്വസിക്കണോ എന്നാണ് ഇന്നത്തെ ആട്ടക്കഥ. നിവൃത്തികേടുകൊണ്ടാണ്, മാസം ഒന്നിലേറെയായി മാസമുറയായി ഇതുതന്നെയാണ് വിഷയം. ച൪ച്ചയിലേക്ക് മനോജ്നൈറ്റ് ശ്യാമളൻ, ജൂലിയൻ അസാൻജ്, റൂപ൪ട്ട് മ൪ഡോക് പിന്നെ നിന്നെയും സ്റ്റുഡിയോയിലും ഫോണിലുമായി പ്രതീക്ഷിക്കുന്നു. എന്താ തുടങ്ങട്ടെ?
'തുടങ്ങിക്കാളീ' പുഷ്പൻ സമ്മതം മൂളി
'ഒരു കൊലപാതകത്തെക്കുറിച്ച് പത്രങ്ങൾ റിപ്പോ൪ട്ട് ചെയ്യാൻ എന്തുകൊണ്ട് പൊലീസിനെ തന്നെ ആശ്രയിക്കുന്നു. എന്താണ് അതേക്കുറിച്ച് നിന്റെ അഭിപ്രായം?'
'പ്രതികളെ പിടികൂടിയാൽ കൈയോടെ ഒരുദിവസം അല്ലെങ്കിൽ രണ്ടുദിവസമായാലും മുഷിയില്ല. മീഡിയാ കസ്റ്റഡിയിൽ വിടാൻ സ്ഥലം മജിസ്ട്രേറ്റ് കനിഞ്ഞാൽ ഇത്തരം ബലക്ഷയം, നാഡിതള൪ച്ച എന്നിവ വാ൪ത്താലേഖക൪ക്ക് സംഭവിക്കില്ല.
'നീ ഈ ജന്മത്ത് നന്നാവില്ല' അവൾ വിഷയം റൂപ൪ട്ട് മ൪ഡോക്കിലേക്ക് മാറ്റി.
'മിസ്റ്റ൪ മ൪ഡോക്... താങ്കളെ മാധ്യമരംഗത്തെ ഭീമൻ, അ൪ജുനൻ, സഹദേവൻ എന്നൊക്കെയാണല്ലോ വിശേഷിപ്പിക്കുന്നത്. താങ്കൾക്ക് എന്താണ് ഇതേക്കുറിച്ച് പറയാനുള്ളത്?
'ഒരു കൊലപാതകം നടത്തുമ്പോൾ വാ൪ത്താസമ്മേളനം വിളിച്ചുകൂട്ടി നടത്താൻ അല്ലറ ചില്ലറ അസൗകര്യം ഉണ്ട്. പ്രത്യേകിച്ച് കൊല്ലുന്നത് മനുഷ്യനെയാണെങ്കിൽ. പക്ഷേ, അതുകൊണ്ട് എന്തുസംഭവിക്കും? ബന്ധുക്കൾക്ക് പ്രിയപ്പെട്ടവരെയാണ് നഷ്ടപ്പെടുന്നതെങ്കിലും മാധ്യമത്തിന് ഒരു ഉഗ്രൻ വാ൪ത്തയുടെ തത്സമയ സംപ്രേഷണമാണ് നഷ്ടപ്പെടുന്നത്. ഇതിന് പരിഹാരം വാടകക്കൊലയാളികളുടെ ഫോൺ സദാ ചോ൪ത്തിക്കൊണ്ട് വധം നടക്കുന്നത് കൃത്യമായി അറിഞ്ഞിരിക്കണമെന്നാണ്.
'ഉവ്വ്, ബ്രിട്ടനിൽ താങ്കൾ അതാണല്ലോ ചെയ്തുകൊണ്ടിരുന്നത്. പക്ഷേ, അവിടെ സംഗതി വെളിച്ചത്തായി പൊതുസമൂഹം താങ്കളെ ഊശിയാക്കിയില്ലേ തന്തേ?'
'പക്ഷേ, അതുകൊണ്ടൊന്നും ഫോൺ ചോ൪ത്തലിലെ വിശ്വാസം എനിക്കും മോനും നഷ്ടപ്പെട്ടില്ലെന്ന് ബച്ചോളീ'.
'അത്തരം അറിവുകൾ കൊലപാതകത്തെക്കുറിച്ച് നേരത്തെ സൂചനകൾ നൽകുമെങ്കിൽ അത് ഒഴിവാക്കാൻ കഴിയുമെന്ന് താങ്കൾ കരുതുന്നുണ്ടോ?'
'ഇത്തരം ചിന്തകളുള്ള ഒരുത്തിയെ എന്റെ പത്രത്തിലാണെങ്കിൽ വച്ചോണ്ടിരിക്കില്ല. കൊലപാതകം ഒഴിവാക്കേണ്ട പണി പത്രത്തിന്റേതല്ല. സ൪ക്കുലേഷൻ കൂട്ടേണ്ട ഒറ്റപ്പണിയേ നിനക്കൊക്കെ അവിടുള്ളൂ'.
'അപ്പോ സാമൂഹിക പ്രതിബദ്ധത?'
'മിണ്ടിപ്പോയേക്കരുത്. റോഡ് ടാറിടാത്തതും വഴിയിൽ മാലിന്യം എറിയുന്നതും കാട്ടി എത്രകാലം ചാനൽ കൊണ്ടുനടക്കാമെന്നാ നീയൊക്കെ കരുതുന്നത്. ഒന്ന് ഓ൪ത്തുനോക്കിക്കേ, രണ്ട് ഉപതെരഞ്ഞെടുപ്പുകളും ഒരു ടി.പി വധവും മണിയുടെ പാഠകവും അച്യുതാനന്ദ വിജയ സംഘട്ടന വാ൪ത്തകളും ഇല്ലായിരുന്നെങ്കിൽ നിന്റെയൊക്കെ ചാനലുകൾ കണ്ട് പ്രേക്ഷക൪ ഗ൪ഭിണികൾ ഛ൪ദിക്കുന്നതുപോലെ ഛ൪ദിക്കുമായിരുന്നില്ലേ. അതുകൊണ്ട് ഗുണ്ടായ നമഃ എന്ന് രാവിലെ ഇരുപത്തൊന്ന് പ്രാവശ്യം ജപിച്ചിട്ട് വലത്തോട്ടുതിരിഞ്ഞ് എഴുന്നേൽക്ക്.'
'ഹലോ, ദയവായി തുടരുക. ശ്രീ മനോജ് നൈറ്റ് ശ്യാമളൻ, താങ്കൾ ഹോളിവുഡിലെ പേരെടുത്ത ഒരു തിരക്കഥാ കൃത്താണല്ലോ. ഇവിടെ നടക്കുന്ന കേസന്വേഷണങ്ങൾ തിരുവഞ്ചൂ൪ രാധാകൃഷ്ണൻ, ഉമ്മൻചാണ്ടി എന്നീ രണ്ട് കൃത്തുക്കളുടെ മുൻകൂട്ടിയെഴുതിയ തിരക്കഥകളുടെ അടിസ്ഥാനത്തിലാണെന്ന ആരോപണത്തെക്കുറിച്ച് എന്താണ് താങ്കളുടെ അബിപ്രായം?'
'മലയാളത്തിൽ സിനിമ മുൻകൂട്ടി തിരക്കഥയെഴുതിവെച്ചിട്ട് ഷൂട്ട് ചെയ്യുകയാണെന്ന തെറ്റിദ്ധാരണയിൽനിന്നും ഉടലെടുത്ത ഒരു അഭിപ്രായമാണിത്. പ്രശസ്ത ഇറ്റാലിയൻ സിനിമയായ 'ബൈസൈക്കിൾ തീവ്സ്' മുൻകൂട്ടി തിരക്കഥയെഴുതാതെ ഉണ്ടാക്കിയതാണെന്ന് ബമ്പത്തം പറഞ്ഞുകേക്കാറുണ്ട്. എന്നാൽ, മലയാള സിനിമയിൽ സൂപ്പ൪ സ്റ്റാറുകൾക്ക് സൗകര്യം കിട്ടുന്നമുറക്ക് അവരെക്കൊണ്ട് അഭിനയിപ്പിച്ച് പിന്നെ അവരുടെ ചുണ്ടനക്കംപോലെ തിരക്കഥയും സംഭാഷണവും തയാറാക്കുകയാണ് പരിപാടീന്ന് അറിയണം.'
'ഹോളിവുഡിലും ഇതാണോ രീതി?'
'അവിടെ ഈ വിദ്യ ഇതുവരെയും പ്രചാരത്തിലായിട്ടില്ല. അതു കൊണ്ടല്ലേ വിൻസന്റ് എം. പോൾ എന്ന ഐ.ജിയെ രണ്ടുമാസത്തേക്ക് അമേരിക്കക്ക് വിളിച്ചിരിക്കുന്നത്.'
'മനസ്സിലായില്ല, ഒന്നു വിശദീകരിക്കാമോ?'
'വിശദീകരിക്കാം. പുഷ്പനാണ് മൈക്ക് കയ്യിലേന്തിയത്. അവിടെ യു.എന്നിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബറാക് ഒബാമയുടെ വിജയം സുനിശ്ചിതമാക്കാൻ വേണ്ടി ദേശീയ സുരക്ഷ സംബന്ധിച്ച രഹസ്യങ്ങൾ പലതും ഒബാമയുടെ വീരസ്യം പുറത്തറിയട്ടെ എന്ന ഉദ്ദേശ്യത്തോടെ വൈറ്റ്ഹൗസ് കിങ്കരന്മാ൪ ചോ൪ത്തി മാധ്യമങ്ങൾക്ക് നൽകിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ്. റൊണാൾഡ് സി. മാഷൻ ജൂനിയ൪, റോഡ് ജെ. റോസൻ സ്റ്റീൻ എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. ഓരു പോരാ എന്നാണ് ഒബാമയുടെ പക്ഷം. യമൻ, ഇറാൻ, പാകിസ്താൻ എന്നീ പ്രവിശ്യകളിൽ ഒബാമ നേരിട്ടുചെന്ന് വിരോധികളെ അറുപത്തെട്ടു വെട്ടുവെട്ടി വധിക്കാൻ പ്ലാനിട്ടെന്ന തരത്തിലുള്ള വാ൪ത്ത യഥാവിധി പുറത്തിറക്കി പ്രസിഡന്റിന്റെ ജനപ്രീതി വ൪ധിക്കാൻ അമേരിക്കൻ പൊലീസിനെക്കൊണ്ട് ആവില്ലെടീ. അതിന് 'താതിത്തൈ, താതിത്തൈ' എന്ന് അവ൪ക്ക് ചോട് പറഞ്ഞുകൊടുത്ത് സംഗതി വെടിപ്പാക്കാനല്ലേ ഒഞ്ചിയം കേസിട്ടിട്ട് ഓരോട് അങ്ങോട്ട് രണ്ടുമാസത്തേക്ക് ചെല്ലാൻ ഒബാമ അപേക്ഷിച്ചത്. അതിനല്ലേ ഓര് പോകുന്നത്.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
