യെദിയൂരപ്പ വീണ്ടും സംസ്ഥാന നേതൃത്വത്തിനെതിരെ
text_fieldsബംഗളൂരു: പണവും ജാതിവ്യവസ്ഥയും ഉപയോഗിച്ചാണ് ക൪ണാടകയിൽ ബി.ജെ.പി സ൪ക്കാ൪ അധികാരത്തിലെത്തിയതെന്ന സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഈശ്വരപ്പയുടെ പ്രസ്താവന മുതലെടുക്കാൻ മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ രംഗത്ത്. മറ്റു പാ൪ട്ടികളിലെ എം.എൽ.എമാ൪ക്ക് കോടികൾ നൽകി തങ്ങൾക്കൊപ്പം നിലനി൪ത്താൻ 'ഓപറേഷൻ താമര' നടത്തിയെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുകയാണ് ഈശ്വരപ്പ ചെയ്തതെന്നും അതുകൊണ്ട് നടപടിയെടുക്കണമെന്നുംആവശ്യപ്പെട്ട് പാ൪ട്ടി ദേശീയ പ്രസിഡന്റ് നിതിൻ ഗഡ്കരിക്ക് യെദിയൂരപ്പ കത്തയച്ചു.
മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി എച്ച്.എൻ. അനന്ത്കുമാ൪, ഈശ്വരപ്പ എന്നിവ൪ പാ൪ട്ടിയെ നാശത്തിലേക്ക് നയിക്കുന്ന നടപടികളാണ് സംസ്ഥാനത്ത് കൈക്കൊള്ളുന്നത്. അടുത്തവ൪ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇവരുടെ നീക്കങ്ങളും പ്രസ്താവനകളും പാ൪ട്ടിക്ക് ഏറെ ദോഷം ചെയ്തിരിക്കുകയാണ്. താൻ മുഖ്യമന്ത്രി പദത്തിലെത്തിയത് വൊക്കലിഗ സമുദായത്തിന്റെ സഹായത്താലാണെന്ന് കഴിഞ്ഞയാഴ്ച ഡി.വി. സദാനന്ദ ഗൗഡയും പറഞ്ഞിരുന്നു.
യെദിയൂരപ്പ പക്ഷത്തുള്ള മന്ത്രിമാരായ ബസവരാജ് ബൊമ്മെ, സി.എം. ഉദാസി, ഉമേഷ് കട്ടി, വി. സോമണ്ണ തുടങ്ങിയവരാണ് മറ്റു പാ൪ട്ടികളിൽനിന്ന് ബി.ജെ.പിയിൽ എത്തിയത്. ഇവരെ ഉന്നംവെച്ചായിരുന്നു ഈശ്വരപ്പയുടെ പ്രസ്താവന. യെദിയൂരപ്പയുടെ നേതൃപാടവത്തെ അംഗീകരിച്ചാണ് തങ്ങൾ ബി.ജെ.പിയിൽ എത്തിയതെന്നും സംസ്ഥാന പ്രസിഡന്റ് നടത്തിയ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കുമെന്നും മന്ത്രിമാ൪ പറഞ്ഞിരുന്നു.
എന്നാൽ, ഈശ്വരപ്പയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
