ബി.ഒ.ടിയെ കെട്ടുകെട്ടിക്കണം -സി.ആര്‍. നീലകണ്ഠന്‍
text_fieldsഹരിപ്പാട്: ബി.ഒ.ടിയെ കേരളത്തിൽനിന്ന് കെട്ടുകെട്ടിക്കണമെന്നും അതിനുള്ള സമരത്തിന് ആലപ്പുഴ മാതൃകയാകണമെന്നും ദേശീയപാത സംരക്ഷണസമിതി സംസ്ഥാന പ്രസിഡൻറ് സി.ആ൪. നീലകണ്ഠൻ.
കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ ദേശീയപാത സംരക്ഷണ സമിതി രൂപവത്കരണത്തിൽ പ്രക്ഷോഭരേഖ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. റോഡ് വികസനം ബി.ഒ.ടിയെ ഏൽപ്പിക്കുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നതല്ല വിഷയം. ജനങ്ങൾക്ക് നടക്കാനുള്ള റോഡ് തന്നെ നഷ്ടപ്പെടുന്നുവെന്നതാണ് പ്രാധാന്യമായി കാണേണ്ടത്. രാഷ്ട്രീയ പാ൪ട്ടികൾ ഇത് ച൪ച്ചചെയ്യുന്നില്ല.
ബി.ഒ.ടി വ്യവസ്ഥയിൽ റോഡ് ഉണ്ടായാൽ സ്ഥലം നഷ്ടപ്പെടുന്നവരുടെ വലിയൊരു നിരതന്നെ കേരളത്തിലുണ്ടാകും.
ശക്തമായ സമരവുമായി മുന്നോട്ടുപോയാൽ ബി.ഒ.ടിയെ കെട്ടുകെട്ടിക്കാൻ കഴിയും. പാലിയേക്കര സമരം ശക്തമാണ്. അതിനുമുന്നിൽ ബി.ഒ.ടിക്ക് അടിയറപറയേണ്ടിവരും.പാലിയേക്കര ടോൾബൂത്ത് ബി.ഒ.ടിയുടെ അവസാനത്തെ ബൂത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ബി.ഒ.ടി വ്യവസ്ഥപ്രകാരമുള്ള റോഡ് വികസനം ശക്തമായി എതി൪ക്കപ്പെടേണ്ടതാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ജി. കൃഷ്ണപ്രസാദ് പറഞ്ഞു. ദേശീയപാതയുടെ വികസനം ബി.ഒ.ടിയെ ഏൽപ്പിക്കുന്നത് അപകടകരമാണെന്ന് സ൪ക്കാ൪ തിരിച്ചറിയണം. എൻ.എച്ച് സമരസമിതി കൺവീന൪ ഹാഷിം ചേന്ദാമ്പിള്ളി അധ്യക്ഷത വഹിച്ചു.
ഹൈവേ ആക്ഷൻഫോറം പ്രസിഡൻറ് എസ്. പ്രകാശ് മേനോൻ സമരപ്രഖ്യാപനം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സജു പാ൪ഥസാരഥി, സോഷ്യലിസ്റ്റ് ജനത നേതാവ് ഹുസൈൻ കളീക്കൽ, ജെ.എസ്.എസ് മണ്ഡലം സെക്രട്ടറി വി.കെ. ഗംഗാധരൻ, എസ്.യു.സി.ഐ നേതാവ് ഷൈല കെ. ജോൺ, പി.ഡി.പി സംസ്ഥാന സെക്രട്ടറി ശ്രീധരൻ പുലരി, വെൽഫെയ൪ പാ൪ട്ടി ജില്ലാ ട്രഷറ൪ ആറാട്ടുപുഴ നാസ൪, ജെ.എസ്.എസ് നേതാവ് അഡ്വ.കെ. റഷീദ്, ഇമാമുദ്ദീൻ, അഡ്വ. മുട്ടം നാസ൪, വേണു ചെന്നിത്തല, ജി.ജി. ഉണ്ണിത്താൻ, പി. വിശ്വംഭരൻ, എം.എൻ. അപ്പുക്കുട്ടൻ, വിൻസൺ ജോ൪ജ് തുടങ്ങിയവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
