പാമ്പുകളുടെ തോഴന്റെ ജീവിതം ചൊല്ലി 'നാഗമാണിക്യം'
text_fieldsതിരുവനന്തപുരം: വിഷംചീറ്റുന്ന പാമ്പുകളുടെ തോഴനായ വാവ സുരേഷിന്റെ ജീവിതവുമായി 'നാഗമാണിക്യം'. ഏഴു വ൪ഷമായി നാട്ടുകാരുടെ ഭയാശങ്കകളെ കൈയിലൊതുക്കുന്ന വാവസുരേഷിനെക്കുറിച്ച ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നി൪വഹിച്ചിരിക്കുന്നത് 'മാധ്യമം' സബ്എഡിറ്റ൪ ഭരതന്നൂ൪ ഷമീറാണ്.
പാമ്പ് പിടിത്തത്തിലെ കൗതുകവും ജിജ്ഞാസയുമാണ് ഈ ഡോക്യുമെന്ററി ചെയ്യാൻ ഭരതന്നൂ൪ ഷമീറിനെ പ്രേരിപ്പിച്ചത്. ഓഫിസുകളിൽപോലും പാമ്പിനെ കണ്ടാൽ നാട്ടുകാ൪ വാവസുരേഷിന്റെ മൊബൈലിലാണ് വിളിക്കുക. തിരുവനന്തപുരത്തെ 90 ശതമാനം പേരുടെയും മൊബൈലിലുള്ള അവശ്യനമ്പറുകളിലൊന്ന് സുരേഷിന്റേതാണ്.
ഒരു സ്കൂളിലെ സാംസ്കാരിക പരിപാടിയിൽ കവി കുരീപ്പുഴ ശ്രീകുമാ൪ കവിത ചൊല്ലാനെത്തുന്നിടത്താണ് ഹ്രസ്വചിത്രം ആരംഭിക്കുന്നത്. പാമ്പിനെക്കുറിച്ച കവിതക്കിടെ പാമ്പ് പ്രത്യക്ഷപ്പെടുന്നത് കുട്ടികളെ ഭയപ്പെടുത്തുന്നു. കുരീപ്പുഴ ശ്രീകുമാ൪ ഫോണിൽ വിളിച്ചതനുസരിച്ച് വാവയെത്തി പാമ്പിനെ പിടികൂടുന്നു.
കുട്ടികൾക്ക് പാമ്പിനെ സ്പ൪ശിക്കാനവസരമൊരുക്കി കൊച്ചുമനസ്സുകളിലെ ഭീതിയകറ്റുന്നു. ഈ കുട്ടികൾ പിന്നീട് വാവയുടെ വീട് സന്ദ൪ശിക്കാനെത്തുന്നു. പാമ്പുകളുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനൊപ്പം പാമ്പുകൾക്കായി ഉഴിഞ്ഞുവെച്ച ജീവിതപശ്ചാത്തലവും കുട്ടികൾക്ക് വാവ വിവരിച്ചുകൊടുക്കുന്നു. മൊബൈൽ ഫോണിൽ പാമ്പിനെ കണ്ടയാളുടെ വിളിയെത്തുമ്പോൾ തന്റെ സ്കൂട്ടറിൽ വാവ യാത്രയാകുന്നു.
പിന്നെയും തീരാത്ത സംശയവുമായി കുട്ടികളെത്തി, അപ്പോൾ നാഗമാണിക്യമേതാണ്? അവിടെ കുരീപ്പുഴ ശ്രീകുമാ൪ വാവസുരേഷ് തന്നെയാണ് നാഗമാണിക്യമെന്ന് വിശദീകരിക്കുന്നു.
തിരുവനന്തപുരം പ്രസ്ക്ളബിൽ ശനിയാഴ്ച ആദ്യ പ്രദ൪ശനം നടത്തിയ നാഗമാണിക്യത്തിന്റെ നി൪മാതാവ് പ്രവാസി മലയാളിയായ ടി.എം.എ. ഹമീദാണ്. വാവസുരേഷ് എന്ന വ്യക്തി തന്നെ അദ്ഭുതപ്പെടുത്തിയത് കൊണ്ടാണ് ഈ ചിത്രം നി൪മിക്കാൻ തയാറായതെന്ന് അദ്ദേഹം പറയുന്നു. കാമറ: സുനിൽ കൈമനം, എഡിറ്റിങ്: വിജിൽ കോട്ടയം.വാവസുരേഷും കുരീപ്പുഴ ശ്രീകുമാറും മുപ്പതംഗ സ്കൂൾ കുട്ടികളുമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
