ഭൂസമരം: വയനാട്ടില്‍ 81 ആദിവാസികള്‍ കൂടി അറസ്റ്റില്‍
text_fieldsസുൽത്താൻ ബത്തേരി: ഭൂമിക്കുവേണ്ടി വനഭൂമിയിൽ കുടിൽകെട്ടിസമരം ചെയ്യുന്ന 81 ആദിവാസികളെ വനപാലക സംഘം അറസ്റ്റ് ചെയ്തു. ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ മൂന്നാനക്കുഴി സെക്ഷനിൽപ്പെട്ട തേൻകുഴി, മൂടക്കൊല്ലി നിക്ഷിപ്ത വനഭൂമികളിൽ കുടിൽകെട്ടിയവരാണ് അറസ്റ്റിലായത്. വാകേരിക്കടുത്ത തേൻകുഴി കോളനിയിൽ 16 പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയുമാണ് അറസ്റ്റ് ചെയ്തത്. ഒരു കുട്ടിയെയും കസ്റ്റഡിയിലെടുത്തു. മൂടക്കൊല്ലി ഭൂസമര കേന്ദ്രത്തിൽനിന്ന് 19 പുരുഷന്മാരെയും 31 സ്ത്രീകളെയുമാണ് അറസ്റ്റ് ചെയ്തത്. ഇവിടെനിന്ന് ആറ് കുട്ടികളെ കസ്റ്റഡിയിലെടുത്തു.
പുരുഷന്മാരെ റിമാൻഡ് ചെയ്ത് ബത്തേരി ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജയിലിലയച്ചു. സ്ത്രീകളെയും കുട്ടികളെയും കോടതി ജാമ്യം നൽകി വിട്ടു.
ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മേയ് 20നാണ് നിക്ഷിപ്ത വനം കൈയേറി സമരം ആരംഭിച്ചത്. തേൻ കുഴിയിലും മൂടക്കൊല്ലിയിലുമായി 102 കുടിലുകളാണ് നി൪മിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ അമ്പതോളം വാഹനങ്ങളിലായി വനം, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥ൪ സ്ഥലത്തെത്തി. അഗ്നിശമന സേനയും മൂന്ന് ആംബുലൻസുകളും സ്ഥലത്തെത്തിയിരുന്നു. ചെറുത്തുനിൽപ്പിന് ശ്രമിക്കാതെ സ്ത്രീകളും കുട്ടികളും അറസ്റ്റിന് സന്നദ്ധമായി മുന്നോട്ടുവന്നെങ്കിലും കുടിലുകൾ പൊളിച്ചുമാറ്റുന്നതിനെ എതി൪ത്തു. പലരും പുറത്ത് ജോലിക്ക് പോയിരുന്നതിനാൽ എല്ലാ കുടിലുകളിലും ആളുകളുണ്ടായിരുന്നില്ല. സമരക്കാരെ മുഴുവൻ അറസ്റ്റ് ചെയ്ത് നീക്കിയതിനുശേഷം വനപാലക൪ പൊളിച്ചുനീക്കി.
സുൽത്താൻ ബത്തേരി തഹസിൽദാ൪ കെ.കെ. വിജയൻ, സൗത് വയനാട് ഡി.എഫ്.ഒ ധനേഷ്കുമാ൪, റെയ്ഞ്ച൪മാരായ രാധാകൃഷ്ണലാൽ ചെതലയം, പി. രവി ബത്തേരി, വിപിൻദാസ് കൽപറ്റ, സി.വൈ. മത്തായി (ഡബ്ള്യു.സി.എസ്), പി. രാമകൃഷ്ണൻ ഫ്ളയിങ് സ്ക്വാഡ്, ബത്തേരി പൊലീസ് സ൪ക്കിൾ ഇൻസ്പെക്ട൪ ജസ്റ്റിൻ അബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥ സംഘമെത്തിയത്.
കുടിയൊഴിപ്പിക്കുന്ന വിവരമറിഞ്ഞ് എ.കെ.എസ് സംസ്ഥാന സമിതിയംഗങ്ങളായ ഇ.എ. ശങ്കരൻ, രുഗ്മിണി സുബ്രഹ്മണ്യം, ജില്ലാ സെക്രട്ടറി പി. വാസുദേവൻ, സി.പി.എം പുൽപള്ളി ഏരിയാ സെക്രട്ടറി കെ.എൻ. സുബ്രഹ്മണ്യൻ, വാകേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.കെ. ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പാ൪ട്ടി പ്രവ൪ത്തകരും സ്ഥലത്തെത്തിയിരുന്നു. കുടിലുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായെങ്കിലും പിന്നീട് നിയമനടപടികൾക്ക് ഇവ൪ വഴങ്ങുകയായിരുന്നു. കോടതി ജാമ്യം നൽകി വിട്ടയച്ച സ്ത്രീകളെയും കുട്ടികളെയും വനംവകുപ്പ് ഉദ്യോഗസ്ഥ൪ വാഹനങ്ങളിൽ കോളനികളിലെത്തിക്കുകയായിരുന്നു.
പുത്തൻകുന്ന് ഓച്ചാലിമൂല കോളനി, മൂടക്കൊല്ലി നായ്ക്ക കോളനി, കൊമ്മഞ്ചേരി കാട്ടുനായ്ക്ക കോളനി, കുപ്പാടി വെള്ളിമാട് പണിയ കോളനി, കല്ലൂ൪കുന്ന് കാട്ടുനായ്ക്ക കോളനി, വാകേരി കാട്ടുനായ്ക്ക കോളനി, തേൻകുഴി കാട്ടുനായ്ക്ക കോളനി എന്നിവിടങ്ങളിലായി താമസിക്കുന്ന ഭൂരഹിതരായ ആദിവാസികളാണ് വനഭൂമി കൈയേറി കുടിൽ കെട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
