അറിയാത്ത കേസില്‍ കുടുങ്ങിയ മലയാളി യുവാവ് മോചിതനായി
text_fieldsകുവൈത്ത് സിറ്റി: ഒരു നിലക്കും ബന്ധമില്ലാത്ത കേസിൽ കുടുങ്ങിയ മലയാളി യുവാവ് ഒടുവിൽ മോചിതനായി. കോടതിയിൽ നിരപരാധിത്വം സ്ഥാപിക്കാനായതോടെയാണ് സ്വകാര്യ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന എറണാകുളം സ്വദേശിയായ യുവാവ് മോചിതനായത്.
നിരപരാധിയാണെന്നറിഞ്ഞതോടെ എല്ലാവിധ സഹായവുമായി ഒപ്പംനിന്ന കമ്പനി അധികൃതരുടെയും എല്ലാവിധ പിന്തുണയുമായി ഒപ്പംനിന്ന കെ.ഐ.ജിയുടെ സാമൂഹ്യ സേവന വിഭാഗമായ കനിവിൻെറയും സഹായമാണ് തൻെറ നിരപരാധിത്വം തെളിയിക്കാൻ യുവാവിന് തുണയായത്.
മാസങ്ങൾക്കുമ്പ് സിവിൽ ഐഡി പുതുക്കാൻ ചെന്നപ്പോൾ തൻെറ പേരിൽ എന്തോ ഒരു കേസുണ്ടെന്ന് പറഞ്ഞപ്പോൾ നടത്തിയ അന്വേഷണത്തിൻെറ ഒടുവിലാണ് ഒരു ഫ്ളാറ്റിൽ മദ്യം നി൪മിച്ചതിനും സൂക്ഷിച്ചതിനുമുള്ള കേസിലാണ് നിരപരാധിയായ താൻ കുടുങ്ങിയിരിക്കുന്നതെന്ന് യുവാവ് മനസ്സിലാക്കുന്നത്.
സിവിൽ ഐഡിയുടെ കോപ്പി ഉപയോഗിച്ചാണ് പ്രതിയാക്കിയിരിക്കുന്നതെന്ന് മനസ്സിലായെങ്കിലും അപ്പോഴേക്കും കോടതിയിൽ കേസ് ഏറെ മുന്നോട്ടുപോയിരുന്നു. ഫ൪വാനിയയിലെ ഒരു ഫ്ളാറ്റിൽ കുറച്ചുമുമ്പ് ഒരു ശ്രീലങ്കൻ സ്ത്രീ മരിച്ചിരുന്നു. തുട൪ന്ന് ഫ്ളാറ്റിൽ പരിശോധന നടത്തിയ പൊലീസ് ടാങ്കുകളിലും ബോട്ടിലുകളിലുമായി മദ്യം കണ്ടെടുത്തിരുന്നു. ഈ സംഭവത്തിലാണ് യുവാവിനെ പ്രതിയാക്കിയിരുന്നത്. സിവിൽ ഐഡിയുടെ പക൪പ്പുപയോഗിച്ചാണ് കേസിൽ കുടുക്കിയിരുന്നത്.
തുടക്കത്തിൽ വ്യക്തിപരമായ കേസായതിനാൽ ഇടപെടാനാവില്ലെന്ന നിപപാട് സ്വീകരിച്ചിരുന്ന കമ്പനി അധികൃത൪ ഇയാൾ നിരപരാധിയാണെന്നും കേസിൻെറ ഗൗരവവും മനസ്സിലായതോടെ പൂ൪ണ പിന്തുണ നൽകാൻ തയാറായി. അതിനുമുമ്പുതന്നെ സഹായവുമായി രംഗത്തെത്തിയിരുന്ന കനിവ് പ്രവ൪ത്തക൪ മുൻകൈയെടുത്ത് വെച്ച വക്കീലിനെ കൊണ്ടുതന്നെ കേസ് വാദിക്കാനുള്ള എല്ലാ സാമ്പത്തിക സഹായവും കമ്പനി നൽകി. മെയ് 14ന് കോടതിയിൽ ഹാജരായ യുവാവിനെ വിധി വരുന്ന 21 വരെ റിമാൻറ് ചെയ്തു. 21ന് നിരപരാധിത്വം തെളിഞ്ഞതിനാൽ വെറുതെവിട്ടെന്ന വിധി വന്നെങ്കിലും ഇഖാമ കാലാവധി തീ൪ന്നതിനാൽ കുറച്ചുദിവസങ്ങൾ കൂടി തടവിൽ തന്നെ തുടരേണ്ടിവന്നു. പിന്നീട് താൽക്കാലിക ഇഖാമ അടിക്കാനായതോടെയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങാനായത്. ഉടൻ സ്ഥിരം ഇഖാമ അടിച്ചുകൊടുക്കാമെന്ന് കമ്പനി അധികൃത൪ വാഗ്ദാനം നൽകിയതിനാൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ആശ്വാസത്തിലാണ് യുവാവ്.
ഉടൻ നാട്ടിലെത്തി രോഗിയായ മാതാവിനെയും മറ്റു കുടുംബാംഗങ്ങളെയും കാണാനുള്ള വെമ്പലിൽ കഴിയുമ്പോഴും തൻെറ നിരപരാധിത്വം തെളിയിച്ച ദൈവത്തോടും പിന്തുണയുമായി ഒപ്പംനിന്ന കമ്പനി അധികൃതരോടും കനിവ് പ്രവ൪ത്തകരോടും നന്ദിപറയുകയാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
