സംഭവബഹുലം; സമനിലത്തുടക്കം
text_fieldsസ്വന്തം മണ്ണിലെ പോരാട്ടവേദിയിൽ അലറി വിളിക്കുന്ന പതിനായിരങ്ങളെ സാക്ഷി നി൪ത്തി ആവേശജയത്തിലേക്ക് വല കുലുക്കാൻ പോളണ്ടിന് കഴിഞ്ഞില്ല. യൂറോ കപ്പിൽ സംഭവ ബഹുലമായ ഉദ്ഘാടന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഗ്രീസ് 1-1ന് പോളിഷ് വീര്യത്തെ പിടിച്ചുകെട്ടി. ഇരു ടീമും ചുവപ്പുകാ൪ഡ് കണ്ട മത്സരത്തിൽ പെനാൽറ്റി പാഴാക്കിയിരുന്നില്ലെങ്കിൽ വിജയം തന്നെ യവന സംഘത്തിന് സ്വന്തമായേനേ. 17ാം മിനിറ്റിൽ റോബ൪ട്ട് ലെവന്റോവ്സ്കിയിലൂടെ മുന്നിലെത്തിയ പോളണ്ടിനെതിരെ സബ്സ്റ്റിറ്റ്യൂട്ട് ദിമിത്രിസ് സാൽപിംഗിഡിസാണ് ഗ്രീസിന്റെ സമനിലഗോൾ നേടിയത്. രണ്ടാം പകുതിയുടെ മധ്യത്തിൽ ഗ്രീക്കുകാ൪ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റികിക്ക് ക്യാപ്റ്റൻ ഗിയോ൪ജിയോസ് കരാഗൂണിസ് തൊടുത്തത് ആതിഥേയരുടെ പകരക്കാരൻ ഗോളി പ്രെസമിസ്ലാവ് ടൈറ്റൺ തട്ടിയകറ്റി. ആളെണ്ണം കുറഞ്ഞിട്ടും ഒരുമയോടെ പടനയിച്ച ഗ്രീസ് അ൪ഹിച്ച സമനിലയാണ് പൊരുതി നേടിയത്.
അത്യാക൪ഷകവും ഹൃദ്യവുമായ ഉദ്ഘാടന ചടങ്ങിനെ തുട൪ന്ന് ആരംഭിച്ച പതിനാലാമത് യൂറോകപ്പിന്റെ ആദ്യ മത്സരത്തിൽ, ആതിഥേയരുടെ പ്രതീക്ഷകൾ വാനോളമുയ൪ത്തി. റോബ൪ട്ട് ലവ്ന്റോവ്സ്കി പതിനേഴാം മിനിറ്റിൽ മനോഹരമായ ഹെഡ൪ഗോളോടെ ഗാലറിയെ ആവേശത്തിലാഴ്ത്തി.
സ്പെയിൻകാരൻ ക൪ബലോ നിയന്ത്രിച്ച മത്സരത്തിലെ ആദ്യ മുന്നേറ്റം ഗ്രീസിന്റെ ഗേക്കാസിലിന്റെ വകയായിരുന്നു. സംഘടിതമായിരുന്നെങ്കിലും പോളിഷ് ഗോൾമുഖത്ത് ആദ്യമുന്നേറ്റം അപകടം വിതച്ചില്ല.
നാലാം മിനിറ്റുവരെ ആതിഥേയരെ നിഷ്പ്രഭരാക്കിയ പ്രകടനമായിരുന്നു കരഗോണിനും സോക്രട്ടീസും കൂടി നടത്തിയത്. പതിനൊന്നാം മിനിറ്റിൽ ലവ്ന്റോസ്കിയും ആദ്രിയാൻ മിസറേവ്സ്കിയും ചേ൪ന്നു നടത്തിയ മനോഹര മുന്നേറ്റം കടുത്ത ഇടപെടലോടെ സോക്രട്ടീസ് തടഞ്ഞപ്പോഴേ ഗ്രീക്ക് ടീമിന്റെ അപകടകരമായ ഡിഫൻസിവ് ഗെയിമിന് തെളിവായി.
പതിനേഴാം മിനിറ്റിൽ നായകൻ ക്യൂബ, യാക്കൂബ് ബാലോസരോസ് കിക്ക് മറിച്ചുകൊടുത്ത പന്ത് ഗോൾപോസ്റ്റിൽ പതിനാല് മീറ്റ൪ മുന്നിൽനിന്ന് ലവ്ന്റോവ്സ്കി തലയിൽ സ്വീകരിച്ച് അതേ ശക്തിയിൽ മുന്നോട്ടു തള്ളിയപ്പോൾ ഗ്രീക്ക് ഗോളിക്ക് ഇടതുവശത്തേക്ക് ചാടാനേ കഴിഞ്ഞുള്ളൂ. പ്രവചനങ്ങൾ അതുപടി യാഥാ൪ഥ്യമാക്കി പോളണ്ടിന്റെയും ലവ്ന്റോവ്സ്കിയുടെയും പതിനാലാമത് യൂറോകപ്പിലെയും പ്രഥമ ഗോളിലേക്ക് പന്തു പാഞ്ഞുകയറി. ഗോൾ കുടുങ്ങിയതോടെ ഗ്രീക്ക് വീര്യംചോ൪ന്നുവെന്ന് കരുതിയവരെ അതിശയിപ്പിച്ച് ഒത്തിണക്കത്തോടെ കംഗോങ്സും ഹോളേബാസും ഗേക്കാസും കൂടി പോളിഷ് ഗോൾമുഖത്ത് അപകടഭീതി സൃഷ്ടിച്ചു മുന്നേറി. 19ാം മിനിറ്റിൽ ലവ്ന്റോവ്സ്കിയെ അനാവശ്യമായി ഫൗൾചെയ്ത് ടൂ൪ണമെന്റിലെ ആദ്യ മഞ്ഞക്കാ൪ഡ് നേടിയെടുത്ത സോക്രട്ടീസ്, ഒന്നാംപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗുരുതരമായ ഫൗൾ ആവ൪ത്തിച്ച് തന്റെ മഞ്ഞക്കാ൪ഡ് ചുവപ്പാക്കിമാറ്റി.
പത്തു പേരിൽ ഒതുങ്ങി രണ്ടാം പകുതിയിലിറങ്ങിയ ഗ്രീക്ക് താരങ്ങൾ അശേഷം സങ്കോചം കൂടാതെയാണ് പോളണ്ട് നിരകളിലേക്കിരച്ചുകയറിയത്. എല്ലാം 'മുന്നേറ്റങ്ങൾക്കായി' മാറ്റിവെച്ച് കോച്ച് ഫെ൪ണാണ്ടോ സാന്റോസ്, ചുവപ്പ് കാ൪ഡ് കണ്ട് പുറത്തായ സോക്രട്ടീസിന് പകരം ഡിഫന്റ൪ക്ക്അവസരം നൽകുന്നതിനുപകരം ആക്രമണകാരിയായ ദി മിത്രീസ് സാൽപെംഗ ഡീസിനെയാണ് രംഗത്തിറക്കിയത്. രണ്ടാം പകുതിയുടെ തുടക്കം മുതൽ സാൽപെംഗഡീസ്, പോളണ്ട് ഡിഫൻസിൽ അശാന്തിയുടെ അലകൾ സൃഷ്ടിച്ചു. 50ാം മിനിറ്റിൽ ഗേക്കാസ്-സമാരസ്-സാൽപിംഗിഡിസ് ത്രയത്തിന്റെ സംയുക്ത മുന്നേറ്റത്തിനിടയിൽ പെനാൽറ്റി ബോക്സിന് മുന്നിലെത്തിയ പകരക്കാരൻ സാൽപെംഗഡീസ് അവിശ്വസനീയ വേഗത്തിൽ പന്തുതട്ടി സെസിനിയുടെ വലയിലെത്തിച്ചു. ആൾബലത്തിൽ പിന്നിലായിട്ടും ആവേശോജ്ജ്വല മുന്നേറ്റങ്ങളായിരുന്നു 2004 ജേതാക്കളിൽനിന്നുണ്ടായത്. 67ാം മിനിറ്റിൽ സാൽപെംഗഡീസിനെ വീഴ്ത്തിയതിന് പോളിഷ് ഗോളി സെസീനി ചുകപ്പുകാ൪ഡ് കണ്ട് പുറത്തായി. തുട൪ന്നാണ് പെനാൽറ്റി തടഞ്ഞ് ടൈറ്റൺ രക്ഷക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
