സിറിയന്‍ ഭരണകൂടത്തിന് മനുഷ്യത്വം നഷ്ടപ്പെട്ടു -യു.എന്‍
text_fieldsയുനൈറ്റഡ് നാഷൻസ്/ഡമസ്കസ്: സിറിയയിൽ പ്രസിഡന്റ് ബശ്ശാ൪ അൽഅസദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് മനുഷ്യത്വം നഷ്ടപ്പെട്ടതായി യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ. കഴിഞ്ഞദിവസം ഹമാ പ്രവിശ്യയിലെ ഖുബൈ൪ ഗ്രാമത്തിലുണ്ടായ സൈനികാക്രമണത്തെക്കുറിച്ച് യു.എൻ പൊതുസഭയിൽ സംസാരിക്കവെയാണ് അദ്ദേഹം ബശ്ശാ൪ ഭരണകൂടത്തെ രൂക്ഷമായ ഭാഷയിൽ വിമ൪ശിച്ചത്. ബശ്ശാ൪ സേനയുടെ സഹായത്തോടെ മേഖലയിലെ സായുധസംഘം നടത്തിയ ആക്രമണത്തിൽ 90ഓളം സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദികൾ വിചാരണ ചെയ്യപ്പെടണമെന്നാവശ്യപ്പെട്ട മൂൺ സിറിയയിലെ യു.എൻ നിരീക്ഷക൪ക്ക് വെടിയേറ്റ സംഭവത്തെയും അപലപിച്ചു. സിറിയയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങൾ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു.
സിറിയയിൽ യു.എന്നിന്റെ ആറിന സമാധാന നി൪ദേശങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതായി തുട൪ന്ന് സംസാരിച്ച മുൻ സെക്രട്ടറി ജനറലും സിറിയൻ സമാധാന ദൂതനുമായ കോഫി അന്നൻ പറഞ്ഞു. ഖുബൈറിലെയും ഹൗലയിലെയും കൂട്ടക്കുരുതികൾ ഔദ്യോഗികമായി സ്ഥിരീകരിച്ച അന്നൻ സംഭവത്തിന്റെ ഉത്തരവാദികൾ സൈന്യവും ഭരണകൂടവും തന്നെയാണെന്ന് വ്യക്തമാക്കി. നേരത്തെ, ഖുബൈ൪ സംഭവത്തിനു പിന്നിൽ തീവ്രവാദികളാണെന്ന് സിറിയൻ ഭരണകൂടം ആരോപിച്ചിരുന്നു. ഇതിന് തിരുത്തെന്നോണമാണ് അന്നന്റെ പ്രസ്താവന. ഹൗലയിലെയും ഖുബൈറിലെയും സൈനിക നടപടിക്കു പിന്നിൽ ബശ്ശാ൪ സൈന്യത്തോട് ഏറെ അടുപ്പമുള്ള ശാബിഹ എന്ന സായുധ സംഘമാണെന്ന് പരക്കെ ആരോപണമുണ്ട്.
അതിനിടെ, സിറിയൻ പ്രശ്ന പരിഹാര ച൪ച്ചകൾക്കായി വിവിധ അറബ് രാജ്യങ്ങൾ തു൪ക്കിയിൽ യോഗം ചേ൪ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
