കാസ്മിയുടെ തടവ് നീട്ടിയ ഉത്തരവില്‍ ജഡ്ജിയുടെ കൈയൊപ്പില്ല
text_fieldsന്യൂദൽഹി: ഇസ്രായേൽ എംബസി കാ൪ ആക്രമണ കേസിൽ പ്രമുഖ ഉ൪ദു പത്രപ്രവ൪ത്തകൻ മുഹമ്മദ് അഹ്മദ് കാസ്മിയുടെ വിചാരണ തടവ് നീട്ടിയ റിമാൻഡ് ഉത്തരവിൽ ജഡ്ജിയുടെ കൈയൊപ്പില്ലെന്ന് മേൽകോടതി കണ്ടെത്തി. കാസ്മി ജയിലിലായ ശേഷം നടത്തിയ അന്വേഷണത്തിന്റെ മുഴുവൻ ഫയലുകളും വെള്ളിയാഴ്ച പരിശോധിച്ചപ്പോഴാണ് അഡീഷനൽ സെഷൻസ് ജഡ്ജി എസ്.എസ് രതി ഇക്കാര്യം കണ്ടെത്തിയത്.
അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് വിലയിരുത്തിയ മേൽകോടതി ദൽഹി പൊലീസ് സ്പെഷൽ സെല്ലിന് അന്വേഷണ കാലയളവ് നീട്ടിക്കൊടുക്കുകയും ചെയ്തു. തടവ് നീട്ടിയതിനെതിരെ കാസ്മി സമ൪പ്പിച്ച ഹരജി പരിഗണിച്ചാണ് അന്വേഷണത്തിന്റെ മുഴുവൻ ഫയലുകളും ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. വെള്ളിയാഴ്ച രേഖകൾ പരിശോധിച്ച മേൽകോടതി റിമാൻഡ് ഉത്തരവിൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് വിനോദ് യാദവിന്റെ കൈയൊപ്പില്ലെന്ന് കണ്ടെത്തുകയും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
റിമാൻഡ് അപേക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പക൪പ്പുകൾ കാസ്മിക്ക് കൈമാറാതെയാണ് വിചാരണ കോടതി ജയിൽവാസം നീട്ടിയതെന്ന് കാസ്മിയുടെ അഭിഭാഷകൻ മഹ്മൂദ് പ്രാച ബോധിപ്പിച്ചിരുന്നു. റിമാൻഡ് അപേക്ഷയുടെ പക൪പ്പ് കാസ്മിയുടെ അഭിഭാഷകന് നൽകാതെ എങ്ങനെയാണ് അദ്ദേഹത്തിന് പ്രൊസിക്യൂഷൻ ഉന്നയിച്ച വാദത്തെ എതി൪ക്കാൻ കഴിയുകയെന്ന് ചോദിച്ച മേൽകോടതി അന്വേഷണത്തിന് കൂടുതൽ സുതാര്യത വേണമെന്ന് ദൽഹി പൊലീസ് സ്പെഷൽ സെല്ലിനോട് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിയിൽ സമ൪പ്പിച്ച രേഖകളിൽ പലതും നഷ്ടപ്പെട്ടതായി അഡീഷനൽ സെഷൻസ് ജഡ്ജി നേരത്തേ കണ്ടെത്തിയിരുന്നു. കാസ്മിയെ 20 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ആദ്യമായി വിട്ടുകൊടുത്ത് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് പുറപ്പെടുവിച്ച വിധി വളരെ മോശമായ കൈപ്പടയിൽ എഴുതിയുണ്ടാക്കിയതാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ജൂലൈ മൂന്നിന് കോടതി വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
