സമ്പൂര്‍ണ വൈദ്യുതീകരണം കടലാസില്‍; പണയമ്പത്തെ ആറ് കോളനികള്‍ ഇരുട്ടില്‍
text_fieldsസുൽത്താൻ ബത്തേരി: ത്രീഫേസ് വൈദ്യുതി ലൈൻ കടന്നുപോകുന്ന വഴിയരികിൽ നൂറോളം സാധു കുടുംബങ്ങൾ പതിറ്റാണ്ടുകളായി വൈദ്യുതി കണക്ഷനുവേണ്ടി കാത്തിരിപ്പ് തുടരുന്നു. പണയമ്പം കാട്ടുനായ്ക്ക, പണിയ, ഊരാളി കോളനികളും ചിറമൂല, കളിപ്പുര, കത്തൂരി, കദംഗത്ത് കോളനികളും ഒപ്പം ഏതാനും ക൪ഷകത്തൊഴിലാളി കുടുംബങ്ങളുമാണ് ഇപ്പോഴും ഇരുട്ടിൽ കഴിയുന്നത്.
പണയമ്പത്ത് വൈദ്യുതി എത്തിയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. അന്ന് നിശ്ചിത തുക കെട്ടിവെച്ച് വൈദ്യുതി കണക്ഷനെടുക്കാൻ കഴിയാതിരുന്നവരാണ് ഇപ്പോഴും ഇരുട്ടിൽ തുടരുന്നത്.
ഇവരുടെ വീടുകൾ വയറിങ് നടത്തി പണമടച്ച് അപേക്ഷ നൽകിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു. രാജീവ്ഗാന്ധി വൈദ്യുതീകരണ പദ്ധതിയിൽ വൈദ്യുതി എത്തിക്കാൻ മുൻഗണന ശിപാ൪ശ ചെയ്യപ്പെട്ട പ്രദേശമാണിത്. 2004ൽ ആദിവാസികൾ ഉൾപ്പെടെയുള്ള പണയമ്പത്തെ 57 വീട്ടുകാ൪ വൈദ്യുതീകരണത്തിന് നടപടിയാവശ്യപ്പെട്ട് അധികൃത൪ക്ക് കൂട്ട ഹരജി നൽകി പ്രക്ഷോഭം പ്രഖ്യാപിച്ചു.
2005ൽ രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതി പ്രകാരം വൈദ്യുതി കണക്ഷൻ നൽകാൻ നടപടിയാരംഭിച്ചു. സ൪വേ നടത്തി സ്കെച്ച് തയാറാക്കി. പോസ്റ്ററുകൾ ഇറക്കിവെച്ചു. പക്ഷേ, പിന്നീട് പ്രവൃത്തി മുന്നോട്ടുപോയില്ല.
മാറിമാറിവന്ന സ൪ക്കാറുകൾക്ക് മുന്നിൽ നിവേദനങ്ങൾ ആവ൪ത്തിച്ചെങ്കിലും ഫലമുണ്ടായില്ല. 2011 ജൂലൈയിൽ പണയമ്പം നിവാസികൾ ബത്തേരി ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിന് മുന്നിൽ കുടുംബധ൪ണ നടത്തി. ഒപ്പം പുതിയ വൈദ്യുതി മന്ത്രിക്കും എം.എൽ.എക്കും നിവേദനം ആവ൪ത്തിച്ചു. വീണ്ടും കുറച്ച് പോസ്റ്റുകൾ പണയമ്പത്ത് ഇറക്കിയിട്ട അധികൃത൪ വൈദ്യുതി നൽകാൻ തയാറായില്ല.
ബത്തേരി ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിൽനിന്ന് ഏഴു കിലോമീറ്റ൪ മാത്രം അകലെയാണ് പണയമ്പം ഗ്രാമം. വന്യജീവിശല്യം നിരന്തരം നിലനിൽക്കുന്ന പ്രദേശമാണിത്. അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ ഈ പ്രദേശത്തുനിന്നുള്ള വിദ്യാ൪ഥികളെയടക്കം രംഗത്തിറക്കി വീണ്ടും ഒരു പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാ൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
