Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവിരിയുന്നു വസന്തം

വിരിയുന്നു വസന്തം

text_fields
bookmark_border
വിരിയുന്നു  വസന്തം
cancel

കണ്ടതൊക്കെ കനവുകളായിരുന്നില്ലെന്ന് തെളിയിക്കാൻ ലഭിച്ചിരിക്കുന്ന അസുലഭ അവസരമാണ്, സാമ്പത്തികമായി തക൪ന്നുതരിപ്പണമായ രണ്ട് രാഷ്ട്രങ്ങളിലെ ജനങ്ങൾക്ക് കൈവന്നിരിക്കുന്നത്. ആദ്യവസാനം അനിശ്ചിതത്വമായിരുന്നു പതിനാലാമത് യൂറോകപ്പ് മത്സരങ്ങളുടെ മുഖമുദ്ര. എട്ടു വ൪ഷങ്ങൾക്കുമുമ്പ് അനുവദിച്ചുകിട്ടിയിരുന്ന ആതിഥേയത്വം പോളണ്ടിനും യുക്രെയ്നിനും ഏതു നിമിഷവും കൈവിട്ടുപോയേക്കാവുന്ന അവസ്ഥയായിരുന്നു. ഭരണകൂടങ്ങളുടെ ആലസ്യമായിരുന്നു കാരണം. ഇവരുടെ മോഹം തക൪ത്ത് സമ്പന്നരായ മറ്റേതെങ്കിലും യൂറോപ്യൻ രാഷ്ട്രം ടൂ൪ണമെന്റ് ഏറ്റെടുത്ത് നടത്തുമെന്നും കരുതിയിരുന്നവരും ചില്ലറയല്ല. ഫ്രാൻസും ജ൪മനിയും സ്കോട്ലൻഡും തു൪ക്കിപോലും അത്തരമൊരു മോഹം മനസ്സിൽ കരുതിവെച്ചിരുന്നു.
ഒടുവിൽ ഇരുരാജ്യങ്ങളും ആലസ്യം വിട്ടൊഴിഞ്ഞപ്പോൾ കായികചരിത്രത്തിലെതന്നെ മനോഹരമായ എട്ടു കളിക്കളങ്ങളാണ് സപ്തനക്ഷത്ര സൗകര്യങ്ങളോടെ റെക്കോഡ് വേഗത്തിൽ പോളണ്ടും യുക്രെയ്നും കാലത്തിന് കാഴ്ചവെച്ചിരിക്കുന്നത്.

നിറപുഞ്ചിരിയിൽ പോളണ്ട്
പന്തുരുളാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ, അതുവരെയുണ്ടായിരുന്ന അനിശ്ചിതത്വം തച്ചുടച്ച് 'അതിഥി ദേവോ ഭവഃ' എന്ന മുദ്രാവാക്യവുമായി പോളണ്ട് ജനത, പതിനാലാമത് യൂറോകപ്പ് മത്സരങ്ങളെ ഒരു ദേശീയ ഉത്സവമാക്കി മാറ്റിയിരിക്കുന്നു. വീടുകളും വ്യാപാരസ്ഥാപനങ്ങളുമൊക്കെ അവ൪ വ൪ണങ്ങൾ വാരിത്തേച്ചും പങ്കെടുക്കുന്ന രാഷ്ട്രങ്ങളുടെ പതാകകളാൽ അലങ്കരിച്ചും അതിഥികളെ മാറോടുചേ൪ക്കാൻ നിറപുഞ്ചിരിയുമായി കാത്തിരിക്കുന്നു. പുഞ്ചിരിക്കാത്ത, സ്നേഹപൂ൪വം കുശലംപറയാത്ത ഒരു പോളണ്ടുകാരനെയും കാണാനാകാത്ത അവസ്ഥ- പുതിയ വസന്തത്തിന്റെ വരവറിയിച്ച് എങ്ങും ഉത്സാഹത്തിമി൪പ്പ്.
ആദ്യ നാളുകളിൽ, യൂറോകപ്പ് ഒരു വലിയ 'വ്യാപാരമായി'ക്കണ്ട് കോടികൾ കൊയ്യാമെന്നു കരുതി, മുറിവാടക അടക്കം, അമ്പതിരിട്ടി കണ്ട് വ൪ധിപ്പിച്ച് പരസ്യം ചെയ്ത് കാത്തിരുന്നു പോളണ്ടുകാ൪. എന്നാൽ, ഇത് പതിനാലാമത് ചാമ്പ്യൻഷിപ്പിന്റെ ചൈതന്യം കെടുത്തുമെന്ന് മുൻകൂട്ടി കണ്ട സ൪ക്കാ൪ സന്നാഹം കരുതി മുന്നേറിയപ്പോൾ, പകരം സംവിധാനങ്ങളും നിലവിൽവന്നു. പത്ത് യൂറോ മുതൽ ഡോ൪മിറ്ററി സൗകര്യങ്ങളൊരുക്കി പ്രാദേശിക ഭരണകൂടം രംഗത്തുവന്നതോടെ നേരത്തേ വ൪ധിപ്പിച്ച വാടകയും മറ്റും സാധാരണയിൽനിന്ന് താഴെവന്നു. പോരാത്തതിന് കാരവാൻ സംസ്കാരത്തിന്റെ പ്രതീകങ്ങളായ പോളണ്ടുകാ൪ കൂട്ടത്തോടെ സ്വന്തം വാഹനങ്ങളിൽ അന്തിയുറങ്ങുന്ന സംവിധാനവുമായി പോളണ്ടിലെയും യുക്രെയ്നിലെയും തുറന്ന പ്രദേശങ്ങൾ മുഴുവൻ സ്വന്തമാക്കുകയും ചെയ്തു. പോളണ്ട് അവസരത്തിനൊത്തുയ൪ന്ന് അതിഥികളെ സഹോദരങ്ങളായിട്ടെതിരേറ്റപ്പോൾ അവസാനനിമിഷവും സംശയത്തോടെയാണ് യുക്രെയ്നിലെ സംവിധാനങ്ങൾ അതിഥികൾ നോക്കിക്കാണുന്നത്. നെത൪ലൻഡ്സ്-ജ൪മനി മത്സര ടിക്കറ്റിന് 200 മുതൽ 1000 യൂറോ വരെ വിലയിട്ടിരുന്നത് വാങ്ങാനാളില്ലാതെ വന്നതും പൊതുവിപണിയിൽ 20 യൂറോ വിലയിട്ടതും ഈ അനിശ്ചിതത്വത്തിന് ഉദാഹരണമാണ്.
ജൂൺ എട്ട് വെള്ളി, പോളണ്ടിന് ഔദ്യോഗിക അവധി ദിവസമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വാഴ്സോയിലെ ദേശീയ സ്റ്റേഡിയത്തിൽ വൈകുന്നേരം നാലുമണിക്കാരംഭിക്കുന്ന ഉദ്ഘാടന ചടങ്ങുകൾ വിസ്മയക്കാഴ്ചയായി മാറ്റാനുള്ള ഒരുക്കത്തിലാണ് ആതിഥേയ൪. അന്ന് വൈകുന്നേരം ആറുമണിക്കാരംഭിക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയ൪, മുൻ ജേതാക്കളായ ഗ്രീസിനെയും രണ്ടാം മത്സരത്തിൽ ബ്രസ്ലോവിൽ റഷ്യ-ചെക് റിപ്പബ്ലിക്കിനെയും നേരിടുന്നു.

പരിക്കിന്റെ കളി
പതിവിന് വിരുദ്ധമായി പോളണ്ട്-യുക്രെയ്ൻ ടൂ൪ണമെന്റിന്റെ ചൈതന്യം കെടുത്താൻ വില്ലനായിട്ടെത്തിയിരിക്കുന്നത് വിഖ്യാത താരങ്ങളുടെ പരിക്കാണ്. കഴിഞ്ഞ യൂറോകപ്പിൽ ആദ്യവസാനം കളംനിറഞ്ഞ് കളിക്കുകയും സ്പെയിനിനെ ജേതാക്കളാക്കുന്നതിൽ വിയ൪പ്പൊഴുക്കുകയും ചെയ്ത അവരുടെ നായകൻ കാ൪ലെസ് പുയോളിന്റെ അഭാവമാണ് പതിനാലാമത് യൂറോ മത്സരങ്ങളുടെ ഏറ്റവും വലിയ ദുരന്താധ്യായം. ഈ നിര നീളുകയാണ്; സൺ പത്രം റിപ്പോ൪ട്ട് ചെയ്തതുപോലെ ഇംഗ്ളണ്ട് ടീമിനേറ്റ 'പ്രേതബാധ'യിൽ ഫ്രാങ്ക് ലാംപാ൪ഡ്, ഗാരത് ബാരി, ഗാരി കാഹിൽ എന്നിവ൪ കളിക്കളത്തിന് പുറത്തായിരിക്കുന്നു. ഇംഗ്ളണ്ടിന്റെ ഏക പ്രത്യാശയായ ഗോളടിവീരൻ വെയ്ൻ റൂണി ആദ്യ രണ്ട് മത്സരങ്ങളും ചുവപ്പുകാ൪ഡിന്റെ അകമ്പടിയോടെ പുറത്തിരിക്കുമെങ്കിലും മത്സരിക്കാനാകുമോയെന്ന് സംശയിക്കുംവിധം പരിക്കിന്റെ പിടിയിലാണ്. ഫ്രാൻസിന്റെ എറിക് അബിദാൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുട൪ന്ന് കളിക്കളത്തിന് പുറത്താണ്. സ്പെയിനിന്റെ ഗോളടിയന്ത്രം ദാവീദ് വിയ്യയും ടൂ൪ണമെന്റിൽ ബൂട്ടുകെട്ടുന്നില്ല.
ക്രൊയേഷ്യയെ രണ്ടാം റൗണ്ടിലെത്തിക്കേണ്ട ബാധ്യത ഇവിച്ചാ ഓലിച്ചിന്റേതായിരുന്നു. അവസാന സന്നാഹമത്സരത്തിൽ ഗുരുതരമായി പരിക്കേറ്റ ബയറൺ മ്യൂണിക് താരത്തിന് പകരം കാലിനിച്ചിനെ പകരക്കാരനാക്കിയെങ്കിലും ക്രൊയേഷ്യയുടെ സ്വപ്നങ്ങൾക്ക് അതോടെ മങ്ങലേറ്റിരിക്കുന്നു.

പുതുതാരങ്ങൾ പിറക്കുമോ?
വമ്പന്മാ൪ വഴിമാറുമ്പോഴും പ്രതീക്ഷകളുടെ അപാരസാധ്യതകളുമായി നിരവധി പുതുതാരോദയങ്ങളും ഈ പുൽമേടിൽ പ്രതീക്ഷിക്കാം. കാൽപന്തുകളിയുടെ നിത്യവസന്തമായ ജ൪മനിയിൽനിന്ന് ആറിലധികം പുതുതാരങ്ങളാണ് ലോകഫുട്ബാളിന് ലഭിക്കാൻ പോകുന്നത്. ഗോൾവല കാക്കുന്ന മാനുവൽ നോയന൪, മധ്യനിരയിലെ അദ്ഭുതമായി മാറിക്കൊണ്ടിരിക്കുന്ന മാറിയോ ഗ്വോറ്റ്സേ, മെസ്യൂത് യ്യോസീൽ, ഇരട്ടസഹോദരന്മാരായ സ്വെൻ, ലാ൪സ് ബന്റ൪മാ൪, ബനഡിക്ട് ഹ്വോഡേ൪സ് എന്നിവരൊക്കെ വിഖ്യാത പ്രതിഭകളായി മാറാൻ കഴിയുന്നവരാണ്.
ഹോളണ്ട് നിരയിൽനിന്ന് മധ്യനിരക്കാരൻ ഇബ്രാഹിം അഫലായ്, കെവിൻ സ്ട്രൂറ്റ്മാൻ, മുന്നേറ്റക്കാരൻ ക്ളാസ്യാൻ ഹണ്ടലാ൪ എന്നിവരും നാളെയുടെ വാഗ്ദാനങ്ങളാകും.

പ്രവചനങ്ങൾക്ക് പിടികൊടുക്കാതെ
പരിക്കിന്റെ പിടിയിലാണെങ്കിലും പഴയ പടക്കുതിരകൾക്ക് മുൻതൂക്കമുള്ള ടീമാണ് നിലവിലെ ജേതാക്കളുടേത്; വിയ്യക്കു പകരം ഫെ൪ണാണ്ടോ ടോറസോ ഫെ൪ണാണ്ടോ ലോറേന്റോയോ മുൻനിരയിൽ എന്നു മാത്രമേ അറിയാനുള്ളൂ. ഇറ്റലിയുടെ സ്ഥിതി പരിതാപകരമാണെങ്കിലും അവരുടെ ആത്മവിശ്വാസത്തിന് കുറവൊന്നുമില്ല. കഴിഞ്ഞ ആറു മാസത്തിനിടയിൽ എട്ടു ദശലക്ഷം യൂറോ പന്തയത്തിനായി ചെലവഴിച്ച, 34കാരൻ, ഗോൾകീപ്പ൪ ഗിയാൻ ലൂജി ബഫൺ കോഴവിവാദത്തിൽ സംശയത്തിന്റെ നിഴലിലാണ്. എന്നാൽ, ഇത് അവരെ ആഹ്ലാദിപ്പിക്കുന്നു. കാരണമെന്തെന്നല്ലേ...അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി ആരോപണത്തിൽ മുങ്ങിക്കുളിച്ച് നടപടിക്ക് വിധേയമാകുന്നതിനു മുമ്പായിരുന്നു, 2006ൽ അസൂറിപ്പട നാണിച്ച് തലതാഴ്ത്തി ജ൪മൻ ലോകകപ്പിനെത്തിയത്. ഒടുവിൽ സകലരെയും ആശ്ചര്യപ്പെടുത്തി കിരീടവുമായി മടങ്ങിയതും. അതോടെ അഴിമതിയും അന്വേഷണവും കോഴവിവാദവുമൊക്കെ ഒലിച്ചുപോയി. ഏതാണ്ട് അതേ അവസ്ഥയിലാണവരുടെ വരവ്. ചരിത്രം ആവ൪ത്തിക്കുമെന്ന പ്രഖ്യാപനവുമായി.
പ്രതിഭകൾക്ക് പഞ്ഞവുമില്ലാതെയാണ് ഫ്രഞ്ചുകാ൪ പടയോട്ടത്തിനിറങ്ങുന്നത്. ഒപ്പം പ്രഗല്ഭന്മാരുടെ പിന്തുണയും. മധ്യനിരയിൽ യാൻ എംവിയ്യ, സമീ൪ നസ്രി എന്നിവരും മുന്നേറ്റനിരയിൽ കരീം ബെൻസേമയും ചരിത്രത്തിലേക്ക് നടന്നുകയറാൻ കെൽപുള്ളവരാണ്.
റൂണിക്കും ആഷ്ലി യങ്ങിനും ഡാനി വെൽബെക്കിനും പിന്നിലേ തിയോ വാൽകോട്ടിന് ഇംഗ്ളണ്ട് ടീമിൽ ഇടമുണ്ടായിരുന്നുള്ളൂ. ആശ്ചര്യമായ മുന്നേറ്റങ്ങളാൽ ആകസ്മിക നിമിഷങ്ങൾ സൃഷ്ടിക്കുന്ന വാൽകോട്ടിന് റൂണിയുടെ പരിക്ക് അനുഗ്രഹമായേക്കും. അങ്ങനെയാണെങ്കിൽ പതിനാലാം യൂറോയിലെ മറ്റൊരു താരമാകുന്നത് ഈ 23കാരനാകും.
എന്തായാലും, നേരത്തേ പ്രവചനങ്ങളിൽ മുന്നിലുണ്ടായിരുന്നവ൪ക്കൊക്കെ കടുത്ത പ്രഹരമേൽപിക്കാൻതക്ക മികവുമായി പിന്നിൽനിന്നിരുന്നവരുടെ മുന്നേറ്റക്കാഴ്ചകളാണ് സന്നാഹമത്സരങ്ങൾ സമ്മാനിച്ചിരിക്കുന്നത്. പന്തയക്കാരുടെ ലിസ്റ്റിൽ ഏറ്റവും പിന്നിലായിരുന്ന സഹ ആതിഥേയരായ പോളണ്ടിന്റെ ടീമെന്ന നിലയിലുള്ള ഒരുമയും കെട്ടുറപ്പും അതിശയകരമാംവിധം വ്യക്തമാക്കിയതായിരുന്നു സന്നാഹമത്സരങ്ങൾ.
2004ലെ ഗ്രീസിന്റെ പിൻഗാമികളായി മറ്റൊരു 'അശക്തൻ' കണക്കുകൂട്ടലുകളെ കീഴ്മേൽമറിച്ച് കപ്പുമായി കളംവിടുന്നതും ഭാവനയിൽ ദ൪ശിക്കാനാകും. കാരണം, കാൽപന്തുകളിയുടെ പ്രവചനാതീത സ്വഭാവം ചരിത്രത്തിന് സമ്മാനിച്ച വിസ്മയമുഹൂ൪ത്തങ്ങളിൽ പലതും ഈ ഭാവനകൾക്ക് നിറംപകരാൻ പോന്നവയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story