വിളതിന്നുന്ന വേലിക്കമ്പുകള്‍ പിഴുതുമാറ്റണം
text_fieldsകേരളത്തെയും കേരളീയരെയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുകൊള്ളാമെന്നേറ്റവരിൽ ചിലരുടെയെങ്കിലും കാക്കിക്കുപ്പായത്തിൽ ചോരത്തുള്ളികളടക്കമുള്ള പാപക്കറകൾ പതിഞ്ഞിരിക്കുന്നുവെന്ന വെളിപ്പെടുത്തൽ ഉൾക്കിടിലത്തോടെയേ ഉൾക്കൊള്ളാനാവൂ. സേനാശൃംഖലയുടെ വാലറ്റത്ത് കിടക്കുന്ന സാദാ പൊലീസുകാ൪ മാത്രമല്ല, സ്ഥാനവലുപ്പത്തിൻെറ നക്ഷത്രചിഹ്നങ്ങൾ മുതുകിൽ നിരത്തിവെച്ചിരിക്കുന്ന മുതി൪ന്ന ഉദ്യോഗസ്ഥ൪വരെയുണ്ടെന്നത് വിഷയത്തിൻെറ ഗൗരവം വ൪ധിപ്പിക്കുന്നു. വെറുതെ, ആരോ എവിടെയോ അവരുടേതായ നാട്ടുശൈലിയിൽ വായാടിത്തം പറഞ്ഞതല്ല, മറിച്ച് വിവരാവകാശ നിയമപ്രകാരം ഉന്നത നീതിപീഠത്തിന് നൽകിയ ആധികാരിക രേഖയാണിതെന്നിരിക്കെ, കണക്കിൽപെടാത്തവരായി വേറെ കുറേപേ൪ വേഷംമാറി നടക്കുന്നുണ്ടാവുമെന്ന സംശയം അസ്ഥാനത്താവില്ല. ഇതത്ര പൊലിപ്പിക്കാനുണ്ടോ? മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ എന്താണ്? ഇതുമായി തട്ടിച്ചുനോക്കുമ്പോൾ കേരളത്തിൻെറ അനുഭവം എത്ര ആശ്വാസകരം! ഇത്യാദി മറുവാക്കുകളിൽ സംതൃപ്തിയടയാൻ ശ്രമിക്കുന്നത് വിഷയത്തെ പരിധിവിട്ട് ലളിതവത്കരിക്കലായിരിക്കും.
ആരോപണവിധേയരാകുന്ന സേനാംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തിൽ നാം തികഞ്ഞ ശുഷ്കാന്തി പുല൪ത്തിവരുന്നതും മറ്റു സംസ്ഥാനങ്ങൾ അലംഭാവം കാണിക്കുന്നതുമാണ് കേരളത്തിന് ഇത്രത്തോളം പേരുദോഷം വരുത്തിയതെന്ന ന്യായവാദംകൊണ്ട് മാറ്റിയെടുക്കാൻ കഴിയുമാറ് ഉപരിതലസ്പ൪ശിയാണ് രോഗമെന്ന് കരുതിയെങ്കിൽ തെറ്റി. റിയൽ എസ്റ്റേറ്റ് ബിസിനസ് മുതൽ മണിചെയിൻ ഇടപാടുവരെ പലവിധ സൈഡ് ബിസിനസുമായി കഴിയുന്ന പൊലീസ് ഓഫിസ൪മാരുടെ എണ്ണം ശുഷ്കമല്ളെന്നാണ് ഈ ഡിപാ൪ട്മെൻറിനുള്ളിലെതന്നെ അടക്കംപറച്ചിൽ. പരിശീലനം നേടുന്നതും പ്രതിജ്ഞയെടുക്കുന്നതും ഒന്ന്; പുറത്തുപറയുന്നതും പ്രയോഗിക്കുന്നതും മറ്റൊന്ന് എന്ന വഴിവിട്ട പോക്ക് അരാജകത്വത്തിലാണ് ചെന്നവസാനിക്കുക. നേരെചൊവ്വേ നിയമവാഴ്ച ഉറപ്പുവരുത്താൻ ഇത്തരക്കാ൪ക്ക് സമയം കിട്ടിയിട്ടു വേണ്ടേ നാട് രക്ഷപ്പെടാൻ. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ -പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾപോലെ- പൊലീസുകാരുടെ കുറ്റവാസന കുപ്രസിദ്ധമാണ്. ഒരു പ്രകോപനവുമില്ലാതെ തല്ലാനും കൊല്ലാനും കാണിക്കുന്ന ചങ്കുറപ്പിൻെറ ചരിത്രം അറിയണമെങ്കിൽ വിവിധ സന്ദ൪ഭങ്ങളിലായി മനുഷ്യാവകാശ പ്രവ൪ത്തക൪ പുറത്തുവിട്ട പഠനറിപ്പോ൪ട്ടുകളിലൂടെ കണ്ണോടിച്ചാൽ മതി. ക്വട്ടേഷൻ സംഘംപോലും തോറ്റുപോകും അവരുടെ കണ്ണിൽ ചോരയില്ലായ്മക്കു മുമ്പിൽ.
അതേസമയം, ഇത്തരം നെറികേടുകളുടെ നാലയലത്തുപോലും നമ്മുടെ പൊലീസ് എത്തുകയില്ല എന്നായിരുന്നു പൊതുവെയുള്ള വിശ്വാസവും ആശ്വാസവും. അടിയന്തരാവസ്ഥക്കാലത്ത് നടന്നതുപോലുള്ള ഒറ്റപ്പെട്ട ചില ‘രാജമ൪ദനം’ ഒഴിച്ചുനി൪ത്തിയാൽ വലിയ പേക്കൂത്തുകൾക്കൊന്നും കെ.പി.എസ് അംഗങ്ങൾ വേഷംകെട്ടിയതായി പുറംലോകത്തിന് അറിയില്ല. എന്നാൽ, ഇപ്പോൾ പറഞ്ഞുകേൾക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. സംസ്ഥാന പൊലീസ് സേനയിൽ 600ലധികം പേ൪ വ്യത്യസ്ത കേസുകളിൽ പ്രതികളാണത്രെ. പെറ്റി കേസല്ല, കൊലപാതകം അടക്കമുള്ള കൊടുംകുറ്റങ്ങളുടെ പേരിൽ പ്രോസിക്യൂഷൻ നടപടി നേരിടുന്നവ൪വരെയുണ്ട്. സി.ബി.ഐ, വിജിലൻസ്, വനംവകുപ്പ്, എക്സൈസ് ഇങ്ങനെ കേസിൻെറ ഇനവും കുറ്റങ്ങളുടെ മട്ടും മാറിമറിഞ്ഞുവരുന്നതുകാണാം. ഒടുവിൽ കേസ് എന്താവും, തള്ളുമോ കൊള്ളുമോ എന്നത് വേറെ കാര്യം. സിവിൽ പൊലീസ് ഓഫിസ൪ മുതൽ ഐ.പി.എസുകാരൻ ഐ.ജി, ഡി.ജി.പി വരെയുള്ളവ൪ക്കെതിരെ ചാ൪ജ്ഷീറ്റ് ഫ്രെയിം ചെയ്യാനും വേണമല്ളോ ഒരു നാരും നാമ്പും. തീ൪ത്തും ‘ഗ്യാസ്’ എന്നുകരുതി എഴുതിത്തള്ളുന്നതിനേക്കാൾ യുക്തി സംശയത്തിൻെറ നിഴലിലെങ്കിലും നി൪ത്തുകയല്ളേ. ഇപ്പോഴീ കാണുന്നതൊക്കെ രോഗലക്ഷണം മാത്രമാണ്. രോഗം ഉള്ളിൽ ഒളിഞ്ഞുകിടപ്പുണ്ട്. പൊലീസ് സേന ഇന്ന് ഒരു ചട്ടുകം മാത്രമാണ്. ആ൪ക്കൊക്കെയോ ഇഷ്ടംപോലെ തിരിക്കാനും മറിക്കാനുമുള്ള ചട്ടുകം. ഭരണകൂടത്തിൻെറ ആജ്ഞാനുവ൪ത്തികൾ എന്നതിനപ്പുറം സ്വന്തമായ അസ്തിത്വവും വിവേചനാധികാരവും നഷ്ടപ്പെട്ടിട്ട് നാളെറേയായി. സ൪ക്കാറിനാകട്ടെ ഭരണകക്ഷിയുടെ താളത്തിനൊത്ത് തുള്ളാതിരിക്കാനും വയ്യ. രാഷ്ട്രീയ പാ൪ട്ടികളൊ ക്രിമിനൽ മാഫിയകളുടെ ചിറകിനടിയിലും -ഇതാണ് മൊത്തത്തിലുള്ള നാട്ടുനടപ്പ്. ഈ നാട്ടുനടപ്പിൻെറ ആകത്തുക എന്തെന്ന് മുകളിൽ പറഞ്ഞ സമവാക്യങ്ങളുടെ ഉത്തരത്തിലുണ്ട്.
ഇത്തരമൊരു പതിതാവസ്ഥയിൽ കുറെപ്പേരെങ്കിലും ചാപല്യങ്ങൾക്കു കീഴടങ്ങാതെ പിടിച്ചുനിൽക്കുന്നവരായുണ്ടെന്നത് മഹാഭാഗ്യം. അവരെ പ്രശംസിച്ചേ പറ്റൂ. അതിനാൽ, പൊലീസിനെ നിയന്ത്രിക്കുന്ന കാണാച്ചരടുകൾ അറുത്തുമാറ്റാത്തിടത്തോളം കേരളത്തിനെന്നല്ല, ഒരു സംസ്ഥാനത്തിനും രക്ഷയില്ല. കാലം ചെല്ലുംതോറും സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയും ചെയ്യും. ഇങ്ങനെയുള്ള വൻദോഷങ്ങൾ ദൗ൪ബല്യമായിക്കഴിഞ്ഞവരുടെ കൈയിൽ നാടിൻെറ ക്രമവും സമാധാനവും എൽപിച്ചാലുണ്ടാവുന്ന ഭവിഷ്യത്തിനെക്കുറിച്ചോ൪ക്കുമ്പോൾ ദീപസ്തംഭം മഹാശ്ചര്യം എന്നേ പറയാനുള്ളൂ. വേലിതന്നെ വിളതിന്നുതുടങ്ങിയാൽ എവിടെയത്തെും കാര്യങ്ങൾ. കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങേണ്ടിവരുന്ന അവസ്ഥയിൽനിന്ന് പൗരന്മാ൪ക്ക് മോചനം കിട്ടേണ്ടതുണ്ട്. അതിന് നിയമപാലകരുടെ പ്രവ൪ത്തനങ്ങൾ ക൪ശനമായ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുകയും അവരുടെ വ്യക്തിജീവിതം നിരീക്ഷിക്കപ്പെടുകയും ചെയ്തെങ്കിലേ രക്ഷയുള്ളൂ. നിയമം പാലിച്ചതുകൊണ്ടു മാത്രമായില്ല തങ്ങൾ നീതിനിഷ്ഠരുമാണെന്ന് നികുതിദായക൪ക്ക് ബോധ്യപ്പെടേണ്ടതുണ്ട്.
പൊതുഖജനാവിൽനിന്ന് പ്രതിഫലം പറ്റി പകരം സുരക്ഷിതത്വം വാഗ്ദാനം ചെയ്തിരിക്കുന്നവരുടെ പ്രതിബദ്ധത സമൂഹത്തോട് തന്നെയായിരിക്കണം. മറ്റാ൪ക്കും അത് പണയപ്പെടുത്താനാവരുത്. ഒരു ന്യൂനപക്ഷത്തിൻെറ കാര്യമെടുത്ത്് സാമാന്യവത്കരിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്. ‘നഞ്ഞെന്തിന് നാനാഴി’ എന്ന ചൊല്ല് ഇക്കാര്യത്തിലും പ്രസക്തമാണ്. ഏതാനും കള്ളനാണയങ്ങളുടെ സാന്നിധ്യം മൊത്തത്തിൽ സേനാസംവിധാനത്തിൻെറ ആത്മവീര്യംകെടുത്തും. സമൂഹത്തിന് ഇത് നൽകുന്ന സന്ദേശം വിപരീതദിശയിലുള്ളതുമായിരിക്കും. അതിനാൽ അത്തരം കള്ളനാണയങ്ങളെ മുഖംനോക്കാതെ പുറത്തെടുത്തിട്ടേ പറ്റൂ. അവിടെ ജോലിയുടെയും കുടുംബത്തിൻെറയും പേരുപറഞ്ഞ് വേണ്ടാത്ത ദൗ൪ബല്യങ്ങൾക്ക് വശംവദരായിപ്പോകുന്നത് താൽക്കാലിക നേട്ടങ്ങൾക്കപ്പുറം ദീ൪ഘകാലാടിസ്ഥാനത്തിൽ ദോഷം വരുത്തിവെക്കും. പക്ഷേ, പലപ്പോഴും സംഭവിക്കുന്നത് മറിച്ചാണ്. എത്രതന്നെ പരാക്രമങ്ങൾ കാട്ടിക്കൂട്ടിയാലും ഒന്നും സംഭവിക്കില്ളെന്ന തോന്നലാണ് പലരെയും ക്രിമിനൽ ബന്ധത്തിലെ കണ്ണികളാക്കുന്നത്. ഒടുവിൽ എല്ലാ പാപക്കറകളും നൊടിയിടയിൽ മായ്ച്ചുകളയാൻതക്ക വീര്യമുള്ള രസതന്ത്രം അവ൪ക്കറിയാം. അതിൻെറ പേരാണല്ളോ രാഷ്ട്രീയ ഇടപെടൽ. അതില്ലാതാവണമെങ്കിൽ സിവിൽ സൊസൈറ്റി സദാ ജാഗരൂകമായേ തീരൂ. രാഷ്ട്രീയം മൂല്യബോധത്തിൻെറ ചുണ്ണാമ്പുവെള്ളത്തിൽ സ്ഫുടം ചെയ്തെടുക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
