ആദിവാസിയെ കബളിപ്പിച്ച് ഉദ്യോഗസ്ഥന്‍ ഭൂമി തട്ടിയെന്ന് പരാതി
text_fieldsകൽപറ്റ: ആദിവാസി യുവാവിനെ കബളിപ്പിച്ച് സ൪ക്കാ൪ ഉദ്യോഗസ്ഥൻ ഭൂമി തട്ടിയെന്ന് പരാതി. പനമരം ചുണ്ടക്കുന്ന് സ്വദേശി കുറുമ വിഭാഗത്തിലെ കുമാരൻെറ ഏഴര സെൻറ് ഭൂമി 2000 രൂപയും വസ്ത്രവും നൽകി കോട്ടത്തറ മരവയൽ സ്വദേശിയായ എക്സൈസ് ഉദ്യോഗസ്ഥൻ കൈക്കലാക്കിയെന്നാണ് ആരോപണം. ഭൂമി തിരികെ നൽകിയില്ലെങ്കിൽ കലക്ടറേറ്റ് പടിക്കൽ നിരാഹാരസമരം നടത്തുമെന്ന് കുമാരനും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
2007 ഫെബ്രുവരി എട്ടിന് കലക്ട൪ എം.ഒ.എൻ-3 1824/02 നമ്പ൪ ഉത്തരവ് പ്രകാരം കുമാരൻെറ അമ്മ ചോമിക്ക് അവിവാഹിത അമ്മമാ൪ക്ക് നൽകുന്ന വകയിൽ നൽകിയ ഭൂമിയാണിത്. പനമരം ടൗണിനടുത്ത ഭൂമി അമ്മയുടെ മരണശേഷം മകൻ കുമാരന് ലഭിച്ചു. നിലവിൽ ഇവിടെ സെൻറിന് രണ്ടു ലക്ഷത്തോളം രൂപ വിലയുണ്ട്. കൽപറ്റയിലെ ഒരു ലോഡ്ജിൽ എഴുത്തും വായനയും അറിയാത്ത തന്നെ താമസിപ്പിച്ച് മദ്യം നൽകി പല പേപ്പറുകളിലും ഒപ്പിടുവിച്ചതായി കുമാരൻ പറഞ്ഞു. 21,000 രൂപ നൽകാമെന്നാണ് പറഞ്ഞതെങ്കിലും 2000 രൂപയാണ് നൽകിയത്. മൂന്നു മുണ്ടുകളും നൽകി.
ഭൂമി കൈക്കലാക്കിയശേഷം കുടുംബംവകയുള്ള മറ്റൊരു സ്ഥലത്ത് കുമാരന് ഇവ൪ ഷെഡ് കെട്ടിക്കൊടുത്ത് അതിൽ താമസിക്കാനും പുറത്തിറങ്ങരുതെന്നും ഭീഷണിപ്പെടുത്തി. ആളില്ലാത്ത സമയത്ത് തടവിൽനിന്ന് രക്ഷപ്പെടുകയായിരുന്നുവത്രെ. തിരിച്ചെത്തിയപ്പോഴാണ് തൻെറ സ്ഥലത്ത് കിണ൪ കുഴിച്ചതായി കണ്ടത്.
മന്ത്രിയുടെ ബന്ധുവാണെന്നും തനിക്കെതിരെ നീങ്ങിയാൽ സ്വാധീനമുപയോഗിച്ച് കുടുക്കുമെന്നും കൊന്നുകളയുമെന്നും എക്സൈസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി. ഇതിനാൽ ഏറെക്കാലം ഈ വിവരം പുറത്തുപറഞ്ഞില്ല. പിന്നീട് നാട്ടുകാ൪ ഇടപെട്ടപ്പോഴാണ് വിവരം പുറത്തായതെന്നും ഭൂമി തിരിച്ചുകൊടുക്കുന്നതുവരെ സമരം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
പനമരം സബ്രജിസ്ട്രാ൪ ഓഫിസിൽ കഴിഞ്ഞ ജനുവരി 12ന് ഈ ഭൂമി രജിസ്റ്റ൪ ചെയ്തതായി രേഖയുണ്ട്. 21,000 രൂപക്കാണ് വിൽപനയെന്നാണ് ഇതിലുള്ളത്. ഭൂമിക്ക് നികുതി സ്വീകരിക്കരുതെന്ന് വില്ലേജ് ഓഫിസ൪ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഏപ്രിൽ 24ന് 25 രൂപ ഭൂനികുതി അടച്ചു.
മാനദണ്ഡങ്ങൾ ലംഘിച്ച് ഭൂമി രജിസ്റ്റ൪ ചെയ്തുകൊടുത്ത ഉദ്യോഗസ്ഥ൪ക്കെതിരെയും നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി, മന്ത്രി പി.കെ. ജയലക്ഷ്മി എന്നിവ൪ക്ക് പരാതി നൽകും. ഒരാഴ്ച മുമ്പ് കലക്ട൪ക്ക് പരാതി നൽകിയിരുന്നു.
കമ്മിറ്റി ഭാരവാഹികളായ ജോയി മുടപ്ളാവിങ്കൽ, സി. രാജീവൻ എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
