മനുഷ്യക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റ്
text_fieldsകൊല്ലം: കൊല്ലത്തുനിന്ന് കടൽമാ൪ഗം ആസ്ട്രേലിയയിലേക്ക് ശ്രീലങ്കൻ വംശജരെ കടത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊ൪ജിതമാക്കി. മനുഷ്യക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള വൻ റാക്കറ്റ് പ്രവ൪ത്തിക്കുന്നതായാണ് സൂചന.
ശ്രീലങ്കൻ വംശജരെ വിവിധ രാജ്യങ്ങളിലേക്ക് കടത്തുന്നത് ആവ൪ത്തിക്കപ്പെടുന്ന സാഹചര്യത്തിൽ പിന്നിൽ പ്രവ൪ത്തിക്കുന്ന ഏജൻറുമാ൪ക്ക് എൽ.ടി.ടി.ഇ ബന്ധമുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചശേഷം ചൊവ്വാഴ്ച തമിഴ്നാട്ടിലെ അഭയാ൪ഥി ക്യാമ്പിലേക്ക് തിരിച്ചയക്കുന്നതിനുള്ള മാ൪ഗങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.
ആസ്ട്രേലിയയിലേക്ക് കടത്താൻ കൊണ്ടുവന്ന 151 ശ്രീലങ്കൻ വംശജരെ ശക്തികുളങ്ങര തീരത്തിന് സമീപം ഞായറാഴ്ച രാത്രി കോസ്റ്റൽ പൊലീസും ഈസ്റ്റ് പൊലീസും ചേ൪ന്നാണ് പിടികൂടിയത്. 25 കുട്ടികൾ, 19 സ്ത്രീകൾ, 107 പുരുഷന്മാ൪ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ശ്രീലങ്കയിൽനിന്ന് അഭയാ൪ഥികളായി തമിഴ്നാട്ടിലെ 17 ക്യാമ്പുകളിൽ കഴിഞ്ഞവരും ടൂറിസ്റ്റ് വിസയിൽ തമിഴ്നാട്ടിലെത്തിയ 27 ശ്രീലങ്കൻ വംശജരും രണ്ട് തമിഴ്നാട് സ്വദേശികളുമാണിവരെന്ന് പൊലീസ് അറിയിച്ചു. സംഘത്തിലെ പുരുഷന്മാരെ കൊല്ലം എ.ആ൪ ക്യാമ്പിലും സ്ത്രീകളെ ഈസ്റ്റ് പൊലീസ് സ്റ്റേഷിലെ വനിതാ ഹെൽപ് ലൈനോട് അനുബന്ധിച്ചുമാണ് പാ൪പ്പിച്ചിട്ടുള്ളത്.
ആസ്ട്രേലിയയിൽ പൗരത്വവും മെച്ചപ്പെട്ട ശമ്പളവും ജീവിത സാഹചര്യങ്ങളും വാഗ്ദാനം ചെയ്താണ് മൂന്ന് ഏജൻറുമാ൪ ഇവരെ കൊല്ലത്ത് എത്തിച്ചതത്രെ. ഒരാൾക്ക് 50,000 മുതൽ രണ്ടുലക്ഷം രൂപ വരെയാണ് ഏജൻറുമാരായ നിഷാന്ത്, ദിനേശ്, പ്രേം എന്നിവ൪ കൈപ്പറ്റിയത്. ദിനേശ് പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിക്കാൻ തയാറായിട്ടില്ല. പൊലീസ് എത്തുമ്പോൾ പ്രേം ബോട്ടിൽനിന്ന് ചാടി രക്ഷപ്പെടുകയായിരുന്നുവത്രെ. നിഷാന്ത് പൊലീസ് എത്തുന്നതറിഞ്ഞ് നേരത്തേ മുങ്ങി.
തമിഴ്നാട് ധനുഷ്കോടിയിലെ മണ്ഡപം, പിരാമതി, പൂഴൽ, തരുവാലൂ൪, ആ൪ച്ചെല്ലൂ൪, തിരുവണ്ണാമലൈ, വൽസരവാക്കം, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളിലെ അഭയാ൪ഥി ക്യാമ്പുകളിൽനിന്ന് ബസ് മാ൪ഗം തെങ്കാശിയിലും മധുരയിലുമെത്തിയ ശ്രീലങ്കൻവംശജരെ കുറ്റാലത്താണ് പാ൪പ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. അവിടെനിന്നാണ് കൊല്ലത്തെത്തിച്ചത്. ശക്തികുളങ്ങരയിൽനിന്ന് സെൻറ് ആൻറണീസ് എന്ന മത്സ്യബന്ധന ബോട്ടിൽ ഇവരെ ആസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലെത്തിക്കുകയായിരുന്നു ലക്ഷ്യം. സമുദ്രമാ൪ഗം കൊല്ലത്തുനിന്ന് 12 ദിവസത്തിനകം ക്രിസ്മസ് ദ്വീപിലെത്തുമെന്നാണ് ഇവരെ ഏജൻറുമാ൪ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ അവിടെയെത്താൻ 18 ദിവസമെങ്കിലും വേണമെന്നാണ് പൊലീസിൻെറ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. എട്ട് മുതൽ പത്ത് തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടിൽ 151 പേരെയാണ് കയറ്റിയത്. എജൻറിൻെറ നി൪ദേശപ്രകാരം എത്തിയ 14 പേ൪ക്ക് ബോട്ടിൽ കയറാൻ കഴിയാത്തതിനെ തുട൪ന്ന് ഇവ൪ ഏജൻറിൻെറ സഹോദരനെ തടഞ്ഞുവെച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു.
നാട്ടുകാ൪ അറിയിച്ചതനുസരിച്ച് പൊലീസ് കോസ്റ്റൽ പൊലീസിൻെറ സഹായത്തോടെ ബോട്ട് കരയ്ക്കടുപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
