ദുബൈ റോഡുകളില്‍ ഇനി ക്ളാസിക് ടച്ച്
text_fieldsദുബൈ: മുപ്പത് വ൪ഷത്തിലേറെ പഴക്കമുള്ള ക്ളാസിക് വാഹനങ്ങളെ ദുബൈയിലെ റോഡുകളിൽ പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകാൻ റോഡ്സ് ആൻഡ് ട്രാൻസ്പോ൪ട്ട് അതോറിറ്റി (ആ൪.ടി.എ) തീരുമാനിച്ചു. വാഹനങ്ങൾ പരിശോധിച്ച ശേഷം കാര്യക്ഷമതയനുസരിച്ച് പല വിഭാഗങ്ങളിലാക്കിയാണ് ഇതിന് അനുമതി നൽകുക. ഇതിൻെറ ലൈസൻസിങ് സ൪വീസ് ആരംഭിച്ചതായി ആ൪.ടി.എ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹമ്മദ് ബഹ്റൂസിയാൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ക്ളാസിക് കാറുകൾക്ക് നമ്പ൪ നൽകുന്നതിനുള്ള നമ്പ൪ പ്ളേറ്റ് ലേലം ഈ മാസം ഏഴിന് ആരംഭിക്കും. 14നും ലേലം നടക്കും. ഇൻറ൪നാഷനൽ ഫെഡറേഷൻ ഓഫ് ക്ളാസിക് വെഹിക്കിൾസിൽ അംഗമായ ദുബൈയിലെ യു.എ.ഇ ഓട്ടോമൊബൈൽ ആൻഡ് ടൂറിങ് ക്ളബുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഏ൪പ്പെടുത്തുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ അഹമ്മദ് ബഹ്റൂസിയാനും ഓട്ടോമൊബൈൽ ആൻഡ് ടൂറിങ് ക്ളബ് പ്രസിഡൻറ് മുഹമ്മദ് ബിൻ സുലായവും ഒപ്പുവെച്ചു.
ആ൪.ടി.എയുടെ ‘സുരക്ഷിത ഡ്രൈവ൪, സുരക്ഷിത വാഹനം, ലോകോത്തര സേവനം’ എന്ന നയത്തിൻെറ ഭാഗമായാണ് പുതിയ സംവിധാനമെന്ന് അഹമ്മദ് ബഹ്റൂസിയാൻ പറഞ്ഞു. എമിറേറ്റിലെ ക്ളാസിക് വാഹനയുടമകളുടെ നീണ്ട നാളത്തെ ആവശ്യം കൂടിയായിരുന്നു ഇത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടിയാണ് ഇത്തരം വാഹനങ്ങളെ വിവിധ വിഭാഗങ്ങളായി തിരിക്കുന്നത്.
‘എ’ വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് എല്ലാ റോഡുകളിലൂടെയും തെരുവുകളിലൂടെയും യാത്ര ചെയ്യാം. പക്ഷേ, 10,000 കിലോമീറ്ററിൽ കൂടുതൽ ആകാൻ പാടില്ല. ‘ബി’ വിഭാഗത്തിനും എല്ലാ റോഡുകളിലൂടെയും തെരുവുകളിലൂടെയും യാത്ര ചെയ്യാമെങ്കിലും പരമാവധി ദൂരം 5,000 കിലോമീറ്ററായി ചുരുക്കിയിട്ടുണ്ട്. ‘സി’ വിഭാഗത്തിന് ഹൈവേകളിൽ സഞ്ചരിക്കാൻ അനുവാദമില്ല. ‘ഡി’ വിഭാഗം വാഹനങ്ങൾ പകൽ മാത്രമേ നിരത്തിലിറക്കാനാകൂ. ‘ഇ’ വിഭാഗത്തിന് ഉൾറോഡുകളിലൂടെയും സ൪വീസ് റോഡുകളിലൂടെയും മാത്രമേ പോകാനാകൂ. ‘എഫ്’ വിഭാഗത്തിൽപ്പെട്ടവ പ്രദ൪ശിപ്പിക്കാൻ മാത്രമേ അനുവാദമുള്ളൂ, നിരത്തിലിറക്കാനാവില്ല. പരിശോധനക്കും ഇൻറ൪നാഷനൽ ഫെഡറേഷൻ ഓഫ് ക്ളാസിക് വെഹിക്കിൾസിൻെറ രജിസ്ട്രേഷനും ശേഷമേ നമ്പ൪ പ്ളെയ്റ്റ് ലഭിക്കുകയുള്ളൂയെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ ബെൽറ്റുകൾ, ഇന്ധനം, ബ്രേക്ക് എന്നിവയുടെ തരം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ഓരോ വിഭാഗങ്ങളാക്കി തിരിക്കുന്നത്. 1950ന് മുമ്പ് നി൪മിച്ച വാഹനങ്ങൾ ആണ് ‘ബി’ വിഭാഗത്തിൽപ്പെടുന്നത്.
1950നും 1980നും ഇടക്ക് നി൪മിച്ചവ ‘എ’ വിഭാഗത്തിൽപ്പെടും. മരം കൊണ്ടുള്ള ടയറുകൾ ഉള്ള വാഹനങ്ങൾ പരിശോധനക്ക് ശേഷം കാര്യക്ഷമതയനുസരിച്ച് ‘എഫ്’, ‘ഇ’, അല്ലെങ്കിൽ ‘സി’ വിഭാഗത്തിൽപ്പെടുത്തും. വേഗത കുറഞ്ഞവയെ ‘സി’ അല്ലെങ്കിൽ ‘എഫ്’ വിഭാഗത്തിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
