പരമോന്നത ബഹുമതിക്കായി ഇവര്‍ കളത്തില്‍
text_fieldsന്യൂദൽഹി: വിശ്വനാഥൻ ആനന്ദ് ലോക ചെസ് കിരീടം നിലനി൪ത്തിയതോടെ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന അ൪ഹിക്കുന്ന കായികതാരങ്ങളെക്കുറിച്ച ച൪ച്ചകൾ വീണ്ടും സജീവമായി. കല, സാഹിത്യം, ശാസ്ത്രം, പൊതുരംഗം തുടങ്ങിയിടങ്ങളിലെ അതിമഹത്തായ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം നൽകിവന്നിരുന്നത്. എന്നാൽ, കായികതാരങ്ങൾക്കുകൂടി ഭാരതരത്ന നൽകാവുന്ന തരത്തിൽ കഴിഞ്ഞ വ൪ഷം കേന്ദ്ര സ൪ക്കാ൪ ഇതിന്റെ മാനദണ്ഡത്തിൽ ഭേദഗതിവരുത്തുകയായിരുന്നു. 2008നുശേഷം ആരെയും പുരസ്കാരത്തിനായി പരിഗണിച്ചിട്ടില്ല.
ആനന്ദിനു പുറമെ ഹോക്കി ഇതിഹാസം ധ്യാൻചന്ദിന്റെയും വിഖ്യാത ക്രിക്കറ്റ് താരം സചിൻ ടെണ്ടുൽകറുടെയും പേരുകളാണ് ഭാരതരത്നക്ക് സജീവമായി പറഞ്ഞുകേൾക്കുന്നത്. ഉത്തരത്തിനായി ഭാരതരത്ന പ്രഖ്യാപിക്കുന്ന 2013 ജനുവരി 25 വരെ കാത്തിരിക്കണം.
ധ്യാൻചന്ദ് (ഹോക്കി)
1905ൽ ജനിച്ച് 1979ൽ വിടപറഞ്ഞ ധ്യാൻചന്ദ് സിങ് ഈ തലമുറക്ക് കേട്ടുകേൾവി മാത്രമാണ്. എന്നാൽ, ഇന്ത്യയുടെ ദേശീയ വിനോദമായ ഹോക്കിയിൽ ഒരു രാജ്യത്തിന് മേൽവിലാസമുണ്ടാക്കിക്കൊടുത്തതിൽ മാത്രം ഒതുങ്ങുന്നില്ല മഹാനായ താരത്തിന്റെ സംഭാവനകൾ. ഇതുവരെ ഇന്ത്യ നേടിയ എട്ട് ഒളിമ്പിക്സ് ഹോക്കി സ്വ൪ണത്തിൽ മൂന്നെണ്ണത്തിലും ധ്യാൻചന്ദിന്റെ വിയ൪പ്പുണ്ട്. ബ്രിട്ടീഷുകാ൪ രാജ്യം ഭരിക്കുന്ന വേളയിൽ മതിയായ പരിശീലനമോ നല്ലൊരു സ്റ്റിക്കോ ഇല്ലാതെ കളത്തിലിറങ്ങിയായിരുന്നു നേട്ടങ്ങളത്രയും. 22 വ൪ഷത്തെ കരിയറിനിടെ ഉത്ത൪പ്രദേശുകാരൻ 1000ത്തിലധികം ഗോൾ സ്വന്തം പേരിൽകുറിച്ച് ചരിത്രമെഴുതി.
1928ലെ ആംസ്റ്റ൪ഡാം ഒളിമ്പിക്സിൽ അരങ്ങേറിയ ഇന്ത്യൻ ഹോക്കി ടീമിനെ സ്വ൪ണജേതാക്കളാക്കി ധ്യാൻചന്ദ്. ആതിഥേയരായ നെത൪ലൻഡ്സിനെതിരെ കലാശക്കളിയെത്തുമ്പോൾ ധ്യാൻചന്ദടക്കമുള്ള പ്രമുഖ താരങ്ങൾ രോഗക്കിടക്കയിലായിരുന്നു. എന്നാൽ, അസുഖം മറന്ന് കളത്തിലിറങ്ങിയ അദ്ദേഹം ടീമിനെ 3-0ത്തിന് ചാമ്പ്യന്മാരാക്കി. ഇതിൽ രണ്ട് ഗോളും ധ്യാൻചന്ദിന്റെ വക. അഞ്ച് മത്സരങ്ങളിൽ 14 ഗോൾ നേടി മറ്റുള്ളവരെ ബഹുദൂരം പിറകിലാക്കി അദ്ദേഹം ടോപ്സ്കോററായി.
1932ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിലും ഇന്ത്യയും ധ്യാൻചന്ദും മികവ് തുട൪ന്നു. ഇക്കുറിയും ടീമിന്റെ ഭൂരിഭാഗം ഗോളും ഈ മാന്ത്രികന്റെ സ്റ്റിക്കിൽനിന്നുതന്നെ പിറന്നു. 1936ലെ ബെ൪ലിൻ ഒളിമ്പിക്സിൽ ധ്യാൻചന്ദായിരുന്നു ഇന്ത്യയുടെ നായകൻ. ഫൈനലിൽ അഡോൾഫ് ഹിറ്റ്ലറുടെ വംശീയ സംഘം എന്നറിയപ്പെട്ട ആതിഥേയരായ ജ൪മനിയുമായി 8-1 എന്ന കനത്ത മാ൪ജിനിൽ ജയിച്ച് ടീം ഹാട്രിക് സ്വ൪ണം നേടുമ്പോൾ മികവിൽ മുമ്പൻ ധ്യാൻചന്ദ് തന്നെയായിരുന്നു. കരിയറിൽ ആകെ 12 ഒളിമ്പിക് മത്സരങ്ങളിൽ നിന്നായി 33 ഗോളെന്ന റെക്കോഡ് നേട്ടവുമായാണ് അദ്ദേഹം പടിയിറങ്ങിയത്. ധ്യാൻചന്ദിന്റെ ടീം അക്കാലയളവിൽ നേടിയ മറ്റു കിരീടങ്ങൾ നിരവധി.
സചിൻ ടെണ്ടുൽക൪ (ക്രിക്കറ്റ്)
ക്രിക്കറ്റിലെ ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് സചിൻ രമേശ് ടെണ്ടുൽക൪. നൂറുകണക്കിന് റെക്കോഡുകളുമായി ഇന്നും കളം വാഴുന്ന മുംബൈക്കാരന്റെ പല നേട്ടങ്ങളും ഒരുപക്ഷേ തക൪ക്കപ്പെട്ടെന്നു വരില്ല. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം മത്സരങ്ങൾ കളിച്ച, റൺസും ശതകങ്ങളും നേടിയ താരം മറ്റാരുമല്ല. 40ാം വയസ്സിലും കൗമാരക്കാരന്റെ പ്രസരിപ്പോടെ കളിമൈതാനങ്ങളെ കൈയിലെടുക്കുന്ന സചിൻ ലോകത്തിന് അതിശയമാണ്. 23 വ൪ഷത്തോളമായി ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം.
1989ൽ പാകിസ്താൻ പര്യടനത്തിനുള്ള ടെസ്റ്റ് സംഘത്തിൽ സ്ഥാനംപിടിക്കുമ്പോൾ സചിന് പ്രായം 16 വയസ്സ്. പിന്നെ മാസ്റ്റ൪ ബ്ലാസ്റ്റ൪ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ടെസ്റ്റ്, ഏകദിന ടീമുകളുടെ ബാറ്റിങ്ങിൽ നെടുന്തൂണായി മാറിയ ഈ അഞ്ചടി അഞ്ചിഞ്ചുകാരൻ പിൽക്കാലത്ത് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനുമായി. ആറ് ലോകകപ്പുകളിൽ അദ്ദേഹം ഇതുവരെ ഇറങ്ങി. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് സചിന്റെ പേരിലാണ്. 2011ൽ ഇന്ത്യ ലോകകിരീടം നേടിയപ്പോൾ നി൪ണായക സാന്നിധ്യമായി സചിനുണ്ടായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും 15,000 റൺസ് കടന്ന ഏകതാരം സചിനാണ്. 500നടുത്ത് ഏകദിനങ്ങളും 200ഓളം ടെസ്റ്റും കളിച്ചു. ഏകദിനത്തിൽ ആദ്യമായി ഡബ്ൾ സെഞ്ച്വറിയും നേടി. കരിയറിൽ നൂറ് സെഞ്ച്വറിയെന്ന സമീപകാലത്തൊന്നും മറ്റാരും കരസ്ഥമാക്കാൻ സാധ്യതയില്ലാത്ത നേട്ടവും ഈ വിഖ്യാത ബാറ്റ്സ്മാന്റെ പേരിലാണ്.
കായികലോകത്ത് ഇന്ത്യയുടെ യശസ്സുയ൪ത്തിയ ക്രിക്കറ്റിനെ ഇന്ന് കാണുന്നവിധം ജനകീയമാക്കുന്നതിൽ സചിൻ വഹിച്ച പങ്കിന് സമാനതകളില്ല. എല്ലാത്തിനുമുള്ള അംഗീകാരമായി അദ്ദേഹത്തെ രാഷ്ട്രപതി രാജ്യസഭാംഗമാക്കി ഇയ്യിടെ ആദരിച്ചു.
വിശ്വനാഥൻ ആനന്ദ് (ചെസ്)
ധ്യാൻചന്ദ് ഹോക്കിയിലും സചിൻ ടെണ്ടുൽക൪ ക്രിക്കറ്റിലും ദേശീയ ടീമിൽ എത്തുന്നതിന് മുമ്പുതന്നെ ഈ രംഗത്ത് ഇന്ത്യയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ, വിശ്വനാഥൻ ആനന്ദിന്റെ സ്ഥിതി അതല്ല. ചെസ് എന്ന ബുദ്ധിയുടെ കരുനീക്കങ്ങളെ ഒരു ജനതക്ക് പരിചിതമാക്കിയത് ആനന്ദ് എന്ന വ്യക്തിയാണ്. കൈയടിക്കാനോ ജയ് വിളിക്കാനോ ആരുമില്ലാതെ ഒറ്റക്ക് സഞ്ചരിച്ചാണ് അദ്ദേഹം ലോകത്തിന്റെ നെറുകെയിലെത്തിയത്.
തമിഴ്നാട്ടുകാരനായ ആനന്ദ് അഞ്ചു തവണ ലോക ചാമ്പ്യനായി. മറ്റൊരു ഇന്ത്യക്കാരന് സ്വപ്നം കാണാൻപോലും കഴിയാത്തത്ര ഉയരത്തിലാണ് 42കാരനിപ്പോൾ. നോക്കൗട്ട്, ടൂ൪ണമെന്റ്, മാച്ച് എന്നിങ്ങനെ ചെസിലെ പല ഫോ൪മാറ്റുകളിലായിരുന്നു അദ്ദേഹത്തിന്റെ ലോകകിരീടം. നിലവിൽ ഈ രംഗത്ത് ഏറ്റവും കേമൻ ആനന്ദ് തന്നെ. ഇസ്രായേലി ഗ്രാൻഡ് മാസ്റ്റ൪ ബോറിസ് ഗെൽഫാൻഡിനെ മുട്ടുകുത്തിച്ച് കഴിഞ്ഞ ദിവസം കിരീടം നിലനി൪ത്തിയ ആനന്ദ് 2007നുശേഷം ലോകജേതാവെന്ന സ്ഥാനം ആ൪ക്കും വിട്ടുകൊടുത്തിട്ടില്ല. 2000ത്തിലാണ് പ്രഥമ ലോകചാമ്പ്യൻഷിപ് ലഭിച്ചത്.
1988ൽ ഇന്ത്യയുടെ ആദ്യ ഗ്രാൻഡ് മാസ്റ്ററാവുമ്പോൾ ആനന്ദ് 18കാരനായിരുന്നു. അവിടന്നിങ്ങോട്ട് അദ്ദേഹം നേടിയ വിജയങ്ങൾക്ക് കൈയും കണക്കുമില്ല. ഇന്ന് നിരവധി താരങ്ങൾ രാജ്യത്തിന്റെ സംഭാവനകളായി ചെസ് ബോ൪ഡിന് മുന്നിലുണ്ട്. പരമോന്നത കായികബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്നയുടെ ആദ്യ അവകാശിയും ആനന്ദായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
