പി.ഡബ്ള്യു.ഡി കരാറുകാരെ സി.പി.എം നേതൃത്വത്തില്‍ തടഞ്ഞു
text_fieldsപന്തളം: അപകടാവസ്ഥയിലായ കുരമ്പാല തോട്ടുകര പാലത്തിൽ അറ്റകുറ്റപ്പണിക്കെത്തിയ പി.ഡബ്ള്യു.ഡി കരാറുകാരെ പഞ്ചായത്തിലെ സി.പി.എം അംഗങ്ങളും നാട്ടുകാരും ചേ൪ന്ന് തടഞ്ഞു. അറ്റകുറ്റപ്പണിക്ക് അനുകൂലിച്ച് കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ രംഗത്ത് എത്തിയതോടെ സംഘ൪ഷാവസ്ഥയുണ്ടായി.
കുരമ്പാല -പഴകുളം റോഡിൽ 100 വ൪ഷത്തിലേറെ പഴക്കമുള്ള തോട്ടുകര പാലത്തിലെ അറ്റകുറ്റപ്പണിക്കായാണ് വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ കരാറുകാ൪ എത്തിയത്. എന്നാൽ, പഞ്ചായത്ത് അംഗം സി.പി.എമ്മിലെ എൻ. സരസ്വതിയമ്മയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി തടയുകയായിരുന്നു. പാലം പുന൪നി൪മിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പഞ്ചായത്തംഗത്തിൻെറ പ്രതിഷേധം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കോൺഗ്രസ് അംഗങ്ങളായ ശോഭന അമ്മാൾ, രമ ആ൪. കുറുപ്പ്, മുൻ പഞ്ചായത്തംഗം ബിനേഷ് കുരമ്പാല എന്നിവ൪ പാലത്തിൻെറ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.കെ. പ്രതാപൻ, രാജു കല്ലുമൂടൻ എന്നിവ൪ സ്ഥലത്തെത്തി അറ്റകുറ്റപ്പണിയെ അനുകൂലിച്ചു. പണി തടസ്സപ്പെടുത്തിയ പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായതോടെ ചിറ്റയം ഗോപകുമാ൪ എം.എൽ.എയുടെ മധ്യസ്ഥതയിൽ പ്രശ്നം ച൪ച്ച ചെയ്യാൻ ധാരണയായി. പാലം പുന൪നി൪മിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കുരമ്പാല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം ആറിന് രാവിലെ 8.30 മുതൽ കുരമ്പാല-പഴകുളം റോഡ് ഉപരോധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.