ഇടവപ്പാതി കനിഞ്ഞില്ല; നിളയോരം മരുഭൂമി
text_fieldsകൂറ്റനാട്: ഇടവപ്പാതി കനിയാതിരുന്നത് കടുത്ത ജലക്ഷാമത്തിന് കാരണമായി. വിഷുവിന് മുമ്പും ശേഷവുമായി തക൪ത്തുപെയ്ത മഴ വേനലിൻെറ കാഠിന്യം കുറച്ചിരുന്നു. എന്നാൽ, കാലവ൪ഷത്തിൻെറ തുടക്കംകുറിക്കുന്ന ഇടവമാസം പാതിയും പിന്നിട്ടിട്ടും മഴയെത്താത്തതിൽ ആശങ്ക ഉയ൪ന്നിട്ടുണ്ട്. കിണറുകളും മറ്റുജലാശയങ്ങളും വറ്റിയനിലയിലാണ്.
പഞ്ചായത്തുകളുടെ പൊതുജലവിതരണമാണ് മിക്കപ്രദേശത്തും ആശ്രയം. ഇത് പലയിടത്തും കാര്യക്ഷമമല്ല. വേനലിൻെറ പിടിയിൽനിന്ന് ഭാരതപുഴയോരവാസികളും മുക്തരല്ല.
ഭാരതപുഴയുടെ തൃത്താല വെള്ളിയാങ്കല്ല് പ്രദേശത്ത് ജലം സമൃദ്ധമാണ്. എന്നാൽ, പടിഞ്ഞാറോട്ട് വെള്ളം ഇല്ല. ഇവിടെ പുഴ മരുഭൂമി സമാനമാണ്. പുൽകാടുകൾ നിറഞ്ഞതോടെ നീരൊഴുക്ക് മാത്രമായി പുഴ ചുരുങ്ങി. ഇതോടെ മണലെടുപ്പും തകൃതിയായി. വാഹനങ്ങൾ ഇറക്കിയും അല്ലാതെയും മണൽവാരികൂട്ടുന്നതോടെ പുഴയുടെ പലഭാഗവും കുഴികൾ രൂപപ്പെട്ടു. പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതും പതിവാണ്.ആശുപത്രികൾ,കമ്പനികൾ എന്നിവിടങ്ങളിൽനിന്നടക്കം മാലിന്യം തുറന്നുവിടുന്നുണ്ട്. ഇതോടെ അവശേഷിക്കുന്ന ജലം പോലും ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്.