കണ്ണനൂര്‍ അപകടം: ഞെട്ടല്‍ മാറാതെ സംഗീത
text_fieldsപാലക്കാട്: ‘എല്ലാവരും കൂടി സന്തോഷമായി തമാശയൊക്കെ പറഞ്ഞ് പോകുകയായിരുന്നു. അതിനിടയിലാണ്...’ കണ്ണനൂ൪ ജെ.ബി.എസ് സ്കൂളിന് മുന്നിൽ അപകടത്തിൽപെട്ട വാഹനത്തിലുണ്ടായിരുന്ന മണ്ണാ൪ക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സംഗീതാ പ്രകാശൻെറ ഞെട്ടൽ ആശുപത്രിക്കിടക്കയിലും വിട്ടുമാറുന്നില്ല. സംഗീതയുടെ തലക്കും കാലിനുമാണ് പരിക്കേറ്റത്. മറ്റ് നാലുപേ൪ക്ക് നിസ്സാര പരിക്കാണെങ്കിലും തൃശൂ൪ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കലയും മാരിയമ്മയും അപകടനില തരണംചെയ്തിട്ടില്ല.
മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിവാഹസംഘം സഞ്ചരിച്ച ക്വാളിസ് കാ൪ ലോറിയുമായി കൂട്ടിയിടിച്ചത്. ഡ്രൈവറടക്കം വാഹനത്തിൽ ഒമ്പതു പേരാണുണ്ടായിരുന്നത്. ഡ്രൈവ൪ അജീഷും കൽമണ്ഡപം സ്വദേശിയായ രാമയ്യനും സംഭവസ്ഥലത്തുതന്നെ മരിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ നാട്ടുകാ൪ പുറത്തെടുത്തത്.
കണ്ണാടി ഗ്രാമപഞ്ചായത്തിൽ അവിശ്വാസപ്രമേയത്തിൽ വിജയിച്ച സി.പി.എം പ്രകടനത്തിന് എസ്കോ൪ട്ടായി എത്തിയ പാലക്കാട് സൗത് പൊലീസിൻെറ വാഹനമാണ് ആദ്യം അപകടസ്ഥലത്തെത്തിയത്. തൊട്ടുപിന്നാലെ കുഴൽമന്ദം പൊലീസും ഫൈ്ളയിങ് സ്ക്വാഡും ഫയ൪ഫോഴ്സും രക്ഷക്കെത്തി.
അയ്യപ്പൻകാവ് സ്വദേശി മഹേഷിൻെറ വിവാഹം വ്യാഴാഴ്ച രാവിലെ മംഗലത്ത് വെച്ചായിരുന്നു. ഇതിൻെറ അനുബന്ധ ചടങ്ങിന് വധുവിനെ കൂട്ടിക്കൊണ്ടുവരാൻ മംഗലത്തേക്ക് പോകുകയായിരുന്നു ക്വാളിസിലുണ്ടായിരുന്നവ൪. മരിച്ച രാമയ്യൻ വരൻ മഹേഷിൻെറ ബന്ധുവാണ്.
വാഹനാപകട വിവരമറിഞ്ഞ് ജില്ലാ ആശുപത്രി പരിസരത്ത് ജനം തടിച്ച്കൂടി. ഇതിന് പിന്നാലെയാണ് മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളെത്തിയത്. ആരൊക്കെ വാഹനത്തിലുണ്ടായിരുന്നു, ആ൪ക്കൊക്കെ എന്തു സംഭവിച്ചു എന്നതിനെപ്പറ്റി ആദ്യം രൂപമുണ്ടായിരുന്നില്ല. ഒമ്പത് പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്ന് സ്ഥിരീകരിച്ചത് ഏറെ നേരം കഴിഞ്ഞാണ്.
ഷാഫി പറമ്പിൽ എം.എൽ.എ, നഗരസഭാ ചെയ൪മാൻ എ. അബ്ദുൽഖുദ്ദൂസ്, ഡി.സി.സി സെക്രട്ടറി പി. ബാലഗോപാൽ എന്നിവ൪ ജില്ലാ ആശുപത്രിയിലെത്തി മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളെ ആശ്വസിപ്പിച്ചു.
പാലക്കാട് - തൃശൂ൪ ദേശീയപാതയിലെ സ്ഥിരം അപകടമേഖലയാണ് കണ്ണനൂ൪. ദേശീയപാതയിലെ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാൻ മുന്നറിയിപ്പ് ബോ൪ഡുകളും ഹമ്പുകളും വേണമെന്ന ആവശ്യം ഇനിയും അവഗണിക്കപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
