Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപുനരര്‍പ്പണം

പുനരര്‍പ്പണം

text_fields
bookmark_border
പുനരര്‍പ്പണം
cancel

മൂല്യാധിഷ്ഠിത പത്രപ്രവ൪ത്തനത്തിൻെറ ഭൂമികയിൽ വാ൪ത്താമാധ്യമങ്ങളിൽ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് യശശ്ശരീരനായ വൈക്കം മുഹമ്മദ് ബഷീറിൻെറ ആശീ൪വാദത്തോടെ പി.കെ. ബാലകൃഷ്ണൻെറ മുഖ്യസാരഥ്യത്തിൽ കെ.സി. അബ്ദുല്ല മൗലവിയും സഹപ്രവ൪ത്തകരും കോഴിക്കോട്ടെ വെള്ളിമാട്കുന്നിൽ ജന്മംനൽകിയ ‘മാധ്യമം’ ദിനപത്രം അതിൻെറ ജൈത്രയാത്രയുടെ കാൽനൂറ്റാണ്ട് പൂ൪ത്തിയാക്കുന്ന ശുഭദിനമാണ് ഇന്ന്. കനത്ത മൂലധനക്കമ്മിയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തിയും പരിചയസമ്പന്നരായ പത്രപ്രവ൪ത്തകരുടെ ദൗ൪ലഭ്യവുമെല്ലാം ചേ൪ന്ന് ‘മാധ്യമം’ എന്ന അതിസാഹസിക പരീക്ഷണത്തിന് ശൈശവ മരണം പ്രവചിക്കപ്പെട്ടതായിരുന്നു. ദേശീയതലത്തിൽ തന്നെ പ്രഥമസ്ഥാനീയരായ മലയാള പത്രങ്ങളുമായി മല്ലിട്ടുവേണം കേരളത്തിൽ പുതിയൊരു മാധ്യമത്തിന് അതിജീവിക്കാൻ എന്ന സാഹചര്യം നിലനിൽക്കുമ്പോൾ വിശേഷിച്ചും. പക്ഷേ, വാ൪ത്തകൾ വാ൪ത്തകളായും വീക്ഷണങ്ങൾ വീക്ഷണങ്ങളായും വായനക്കാ൪ക്ക് നൽകുക എന്ന ധ൪മം കാത്തുസൂക്ഷിക്കുന്ന, മുഖ്യധാര അവഗണിക്കുകയോ തമസ്കരിക്കുകയോ ചെയ്യുന്ന സംഭവങ്ങൾ ജനങ്ങളിലേക്കത്തെിക്കുന്ന, സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും ഫാഷിസത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന, മനുഷ്യാവകാശ ലംഘനങ്ങൾക്കും ജനാധിപത്യ ധ്വംസനത്തിനുമെതിരെ അലറുന്ന, പ്രാന്തവത്കൃത, ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനാ ദത്തവും ന്യായവുമായ അവകാശങ്ങൾക്കുവേണ്ടി വീറോടെ വാദിക്കുന്ന, അഴിമതിക്കും അത്യാചാരങ്ങൾക്കും അധാ൪മികതക്കുമെതിരെ ഗ൪ജിക്കുന്ന, സ൪വോപരി പീഡിതരുടെ കണ്ണീരൊപ്പുന്ന ഒരു വേറിട്ട മാധ്യമത്തിനായി ദാഹിച്ച നാനാജാതി മതസ്ഥരുടെ അഭിലാഷങ്ങൾക്കും പ്രതീക്ഷകൾക്കുമൊപ്പം നിൽക്കാൻ ഈ പത്രത്തിന് സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ അവ൪ ഇതിനോടൊപ്പംനിന്നു. ഉദ്ദേശ്യശുദ്ധിയോ൪ത്ത് അതിലെ പോരായ്മകളും പാളിച്ചകളും പാകപ്പിഴകളും അവ൪ പൊറുത്തു. അതേയവസരത്തിൽ വ്യതിചലനങ്ങളും അബദ്ധങ്ങളും യഥാസമയം ചൂണ്ടിക്കാട്ടി തിരുത്തണമെന്നാവശ്യപ്പെടാൻ പത്രത്തോടുള്ള കൂറും പ്രതിബദ്ധതയും അവ൪ക്ക് തടസ്സമായതുമില്ല.
പോയ കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അനീതിയും അവഗണനയും ചെറുത്ത് ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയ൪ത്താനുള്ള ആത്മവിശ്വാസം ചൂഷിത ജനവിഭാഗങ്ങൾക്ക് പ്രദാനം ചെയ്യാൻ കഴിഞ്ഞതാണ് ‘മാധ്യമ’ത്തിൻെറ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ഞങ്ങൾ കരുതുന്നത്. അത്രതന്നെ പ്രധാനമാണ് നവ മുതലാളിത്ത-സാമ്രാജ്യത്വ അജണ്ടകൾക്കെതിരെ മനുഷ്യാവകാശങ്ങൾക്കും മ൪ദിത ജനങ്ങൾക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലൂടെ ഇരകൾക്കും സാമൂഹിക പ്രവ൪ത്തക൪ക്കും നൽകിയ പ്രചോദനവും പ്രോത്സാഹനവും. നാലു കാശിനായി ഏതറ്റംവരെയും പോകാമെന്നുറച്ച സാമൂഹിക വിരുദ്ധ ശക്തികളെയും അവരെ സംരക്ഷിക്കുന്ന നിയമപാലകരെയും അധികാരി വ൪ഗത്തെയും തുറന്നുകാട്ടാൻ ഈ പത്രം തയാറായതിന് അനന്തമായി നീളുന്ന കോടതി നടപടികൾ സാക്ഷി. പക്ഷേ, നീതിപീഠത്തിൻെറ അവസാനവിധി അഥവാ ദൈവിക നീതി എക്കാലവും പ്രതിക്കൂട്ടിൽനിന്ന് സാഭിമാനം ഇറങ്ങാൻ ‘മാധ്യമ’ത്തെ തുണക്കുകയായിരുന്നു. ഭരണകൂട ഭീകരതയുടെ ഇരകളോടൊപ്പം നിന്നപ്പോൾ സ൪ക്കാറുകളുടെയും പാ൪ട്ടികളുടെയും പ്രതികാര നടപടികൾ ഏറ്റുവാങ്ങേണ്ടിവന്നത് സ്വാഭാവികം മാത്രം. നരവംശത്തിൻെറ നിലനിൽപ്പിനും അതിജീവനത്തിനും കരുണാവാരിധി കനിഞ്ഞരുളിയ വായുവും വെള്ളവും മലകളും പുഴകളും നീ൪ത്തടങ്ങളും മലീമസമാക്കാനും ഇടിച്ചു നിരപ്പാക്കാനും മണ്ണിട്ടുതൂ൪ക്കാനും മണലൂറ്റി ഗ൪ത്തങ്ങളാക്കാനും ആ൪ത്തിപൂണ്ട മനുഷ്യക്കോലങ്ങൾ കച്ചകെട്ടി ഇറങ്ങുമ്പോഴൊക്കെ അരുതേ എന്ന് പറഞ്ഞതിൻെറ പേരിൽ ഈ പത്രം വികസന ശത്രുവെന്ന ബഹുമതി ഏറ്റുവാങ്ങേണ്ടിവന്നതും മറക്കുന്നില്ല. രാജ്യത്തിൻെറ ഐക്യത്തിനും ഭദ്രതക്കും സമാധാനത്തിനും ഭീഷണികളായ വ൪ഗീയതക്കും തീവ്രവാദത്തിനും ഭീകരതക്കുമെതിരെ അക്ഷീണം പൊരുതുന്ന ‘മാധ്യമ’ത്തെ അതേ ശകാരപദങ്ങൾ കൊണ്ടഭിഷേകം ചെയ്യാൻ വൃഥാ ശ്രമം തുടരുന്ന സ്വയം അവരോധിത മതേതര ചാവേറുകളെ ഈയവസരത്തിൽ അവര൪ഹിക്കുന്ന പുച്ഛത്തോടെ ഞങ്ങൾ അവഗണിക്കുന്നു. സന്ദ൪ഭംപോലെ ‘മാധ്യമ’ത്തെ വലതുപക്ഷത്തോ ഇടതുപക്ഷത്തോ തളക്കാൻ മിനക്കെടുന്നവരെ ഒന്നുമാത്രം ഓ൪മപ്പെടുത്തുന്നു. വലതുപക്ഷത്തോ ഇടതുപക്ഷത്തോ അല്ല, ജനപക്ഷത്ത്, സത്യത്തിൻെറയും ധ൪മത്തിൻെറയും നീതിയുടെയും പക്ഷത്ത് മാത്രമാണ് മാധ്യമം ആജീവനാന്തം നിലയുറപ്പിച്ചിരിക്കുന്നത്.
1987 ജൂൺ ഒന്നാം തീയതി കോഴിക്കോട്ടുനിന്ന് പ്രയാണമാരംഭിച്ച് കൊച്ചി, തിരുവനന്തപുരം, കണ്ണൂ൪, മലപ്പുറം, കോട്ടയം, തൃശൂ൪ കടന്ന് ബംഗളൂരുവിലും മംഗലാപുരത്തുമത്തെി ബഹ്റൈൻ, ദുബൈ, ദോഹ, കുവൈത്ത്, ജിദ്ദ, ദമ്മാം, റിയാദ്, മസ്കത്ത് എന്നീ ജി.സി.സി നഗരങ്ങളിൽ ‘ഗൾഫ് മാധ്യമ’മായി അവതരിച്ചു. ഈ അന്താരാഷ്ട്ര ദിനപത്രത്തിൻെറയും സാഹിത്യ-സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമായും സവിശേഷ ഇടപെടലായും സമ്മതിനേടിയ മാധ്യമം ആഴ്ചപ്പതിപ്പിൻെറയും ഇലക്ട്രോണിക് മാധ്യമങ്ങളുടെ അരങ്ങേറ്റം വിപ്ളവകരമായ പരിവ൪ത്തനങ്ങൾക്ക് വഴിയൊരുക്കവെ അവസരത്തിനൊത്ത് ഉയരാൻ വെമ്പുന്ന ഓൺലൈൻ എഡിഷൻെറയും സംവിധാനത്തിലും ഉള്ളടക്കത്തിലും സമൂലമായ മാറ്റങ്ങൾ അനുപേക്ഷ്യമാണെന്ന ബോധം ഞങ്ങൾക്കുണ്ട്. സ൪വശക്തൻെറ കരുണാകടാക്ഷങ്ങളിലും പിന്നെ പ്രതികരണശേഷി അടിയറവെക്കാത്ത പ്രബുദ്ധ സമൂഹത്തിൻെറ നിസ്വാ൪ഥ സഹകരണത്തിലും പ്രതീക്ഷയ൪പ്പിച്ച് ആ ദിശയിലുള്ള പ്രവ൪ത്തനങ്ങൾ പുരോഗമിക്കെ, ‘മീഡിയ വൺ’ ചാനലിൻെറ സംപ്രേഷണമാണ് ‘മാധ്യമം’ കുടുംബത്തിന് ആഹ്ളാദപൂ൪വം ഓഫ൪ ചെയ്യാനുള്ള രജതജൂബിലി ഉപഹാരം. കാൽനൂറ്റാണ്ട് മുമ്പ് പിറവിദിനത്തിൽ വിളംബരം ചെയ്ത എല്ലാ നല്ല ലക്ഷ്യങ്ങൾക്കും മൂല്യങ്ങൾക്കും വേണ്ടി സ൪വശക്തനെ സാക്ഷിയാക്കി സവിനയം പുനര൪പ്പണം ചെയ്യാൻ ഈ അസുലഭാവസരം ഉപയോഗിക്കട്ടെ. സത്യമേവ ജയതേ.

എഡിറ്റ൪

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story