കാഴ്ചകള്‍ ബാക്കിവെച്ച് ആരതി അണഞ്ഞു
text_fieldsകാഴിക്കോട്: ഇരുട്ടിന്റെ ലോകത്തുനിന്ന് മോചനം തേടുന്നവ൪ക്കായി കണ്ണുകൾ നൽകിയശേഷം സഹോദരങ്ങൾക്കൊപ്പം ആരതിയും അണഞ്ഞു. മലാപ്പറമ്പ് അപകടത്തിൽ ഇരു വൃക്കകൾക്കും ഗുരുതരമായി പരിക്കേറ്റ ആരതി ചൊവ്വാഴ്ച രാവിലെയാണ് വിടപറഞ്ഞത്. മെഡിക്കൽ കോളജിന് ദാനം ചെയ്ത ആ കണ്ണുകൾ ഇനിയും ലോകത്തെ കാണും.
ഞായറാഴ്ച രാത്രി തൊണ്ടയാട് ബൈപാസ് റോഡിൽ മലാപ്പറമ്പിനടുത്ത് നേതാജി നഗ൪ ജങ്ഷനിൽ കാ൪ ബൈക്കിലിടിച്ചായിരുന്നു സഹോദരിമാരുടെ മക്കളായ ഗൗതം കൃഷ്ണ (പത്ത്), ആദ൪ശ് (ഏഴ്), ആരതി (12) എന്നിവ൪ അപകടത്തിൽപെട്ടത്.
ആരതിയുടെ സഹോദരനായ ആദ൪ശും ഗൗതം കൃഷ്ണയും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ആരതി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. തിങ്കളാഴ്്ച മസ്തിഷ്ക മരണം സംഭവിച്ചതിനെ തുട൪ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ചേവായൂരിലെ കൊടുവാട്ട് തറവാട്ടുമുറ്റത്ത് ഗൗതം കൃഷ്ണയെയും ആദ൪ശിനെയും അടക്കം ചെയ്തിടത്തു തന്നെയാണ് ആരതിയെയും സംസ്കരിച്ചത്.
കൊടിയത്തൂരിലെ സ൪വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ മുരളീധരനും മെഡിക്കൽ കോളജിലെ നഴ്സായ ബിന്ദുവിനും മകൻ വിട്ടുപോയതിന്റെ നൊമ്പരം അവസാനിക്കുന്നതിന് മുമ്പാണ് മകളും നഷ്ടമായത്. ബിന്ദുവിന്റെ സഹോദരി ബീനയുടെ ഏക മകനാണ് മരിച്ച ഗൗതം കൃഷ്ണ.
ഞായറാഴ്ച രാത്രി ഗൗതം കൃഷ്ണയുടെ പിതാവ് ഗോപകുമാറിനൊപ്പം വേനലവധി ആഘോഷിക്കാൻ ചേവായൂരിലെ തറവാട്ട് വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ കാറിടിക്കുകയായിരുന്നു. ദയാപുരം റസിഡൻഷ്യൽ സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാ൪ഥിനിയാണ് ആരതി. രാഷ്ട്രീയക്കാരും നാട്ടുകാരുമടക്കം വൻ ജനാവലി സംസ്കാര ചടങ്ങിന് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
