പ്രധാനമന്ത്രിക്കെതിരായ ആരോപണം: അണ്ണാസംഘത്തില്‍ വീണ്ടും ഭിന്നത
text_fields ന്യൂദൽഹി: പ്രധാനമന്ത്രി മൻമോഹൻസിങ്ങിനും 14 മന്ത്രിമാ൪ക്കുമെതിരെ അഴിമതി ആരോപണമുന്നയിച്ചതിൽ അണ്ണാ സംഘത്തിനുള്ളിൽ ഭിന്നത. മൻമോഹൻസിങ് മാന്യനാണെന്നും അദ്ദേഹത്തിനെതിരെ അഴിമതി ആരോപണമുന്നയിച്ചതിന് സംഘാംഗങ്ങളോട് വിശദീകരണം ചോദിക്കുമെന്നും അണ്ണാ ഹസാരെ പറഞ്ഞു. പ്രധാനമന്ത്രിക്കും മുതി൪ന്ന മന്ത്രിമാ൪ക്കുമെതിരെ ആരോപണമുന്നയിക്കുംമുമ്പ് തന്നോട് ച൪ച്ച ചെയ്തിരുന്നില്ലെന്നും അതിനാൽ പ്രധാനമന്ത്രിക്കെതിരായ ആരോപണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയുകയാണെന്നും അണ്ണാ സംഘാംഗം സന്തോഷ് ഹെഗ്ഡെയും വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രിക്കെതിരായ ആരോപണത്തിന്റെ എല്ലാ വിഷയവും ഹസാരെ അറിയില്ലെന്നും അക്കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തുമെന്നും സംഘാംഗം പ്രശാന്ത് ഭൂഷൺ വിശദീകരിച്ചു.
പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പെടെ 15 മന്ത്രിമാ൪ അഴിമതിക്കാരാണെന്ന് പ്രഖ്യാപിച്ച് അവ൪ക്കെതിരെ അന്വേഷണം വേണമെന്ന് അണ്ണാ സംഘാംഗങ്ങളായ പ്രശാന്ത് ഭൂഷൺ, അരവിന്ദ് കെജ്രിവാൾ, കിരൺ ബേദി എന്നിവ൪ ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതാദ്യമായാണ് അണ്ണാ സംഘം പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്. മൻമോഹൻസിങ് ഖനി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന 2004-06 കാലത്ത് ചുരുങ്ങിയ വിലക്ക് ഖനനത്തിന് ലൈസൻസ് നൽകിയതിൽ ക്രമക്കേടുണ്ടെന്ന സി.എ.ജി റിപ്പോ൪ട്ട് ഉയ൪ത്തിക്കാട്ടിയാണ് അണ്ണാ സംഘം പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നത്. സി.എ.ജി റിപ്പോ൪ട്ട് ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. മാധ്യമങ്ങൾ ചോ൪ത്തിയ റിപ്പോ൪ട്ടിലെ പരാമ൪ശങ്ങൾ പൂ൪ണമായും ശരിയല്ലെന്ന് സി.എ.ജി വിശദീകരിക്കുകയും ചെയ്തിരുന്നു. ഇത്തരമൊാരു റിപ്പോ൪ട്ട് ആധാരമാക്കി പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയുടെ നിലപാട്.
അതേസമയം, പ്രധാനമന്ത്രിയെ പ്രശാന്ത്ഭൂഷൺ ശിഖണ്ഡിയെന്ന് വിളിച്ചതും വിവാദമാവുകയാണ്. പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾക്കെതിരെ ഇത്തരം മോശം പദപ്രയോഗം പാടില്ലെന്നും അണ്ണാ സംഘം വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കണമെന്നും പാ൪ട്ടിഭേദമന്യേ നേതാക്കൾ പ്രതികരിച്ചു. ബി.ജെ.പി, ആ൪.ജെ.ഡി, കോൺഗ്രസ്, ഇടതു പാ൪ട്ടി നേതാക്കൾ ഈ അഭിപ്രായമായാണ് പ്രകടിപ്പിച്ചത്. ഇതേതുട൪ന്ന് പ്രസ്താവന തിരുത്തിയ പ്രശാന്ത് ഭൂഷൺ, പ്രധാനമന്ത്രിയെ ശിഖണ്ഡിയെന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹത്തെ അഴിമതിക്ക് മറയാക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നാണ് പറഞ്ഞതെന്നും വിശദീകരിച്ചു. അതിനിടെ, തനിക്കെതിരെ അഴിമതി ആരോപണമുന്നയിച്ചതിന് അണ്ണാ സംഘാംഗം അരവിന്ദ് കെജ്രിവാളിനെതിരെ മന്ത്രി എസ്.എം. കൃഷ്ണ വക്കീൽ നോട്ടീസ് അയച്ചു. കേസ് നേരിടുമെന്നും ക൪ണാടക മുഖ്യമന്ത്രിയായിരിക്കെ, എസ്.എം. കൃഷ്ണ നടത്തിയ ഖനന അഴിമതിക്കും അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചതിനും തെളിവുണ്ടെന്നും അണ്ണാസംഘാംഗം അഡ്വ. പ്രശാന്ത് ഭൂഷൺ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
