ഫസല്‍വധം: കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹരജി
text_fieldsകൊച്ചി: ഫസൽ വധക്കേസിൽ മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ഫസലിന്റെ വിധവ ഹൈകോടതിയെ സമീപിച്ചു. കോടിയേരി ഇടപെടുന്നതിനാൽ സി.ബി.ഐക്ക് ശരിയായ രീതിയിൽ കേസന്വേഷണം നടത്താൻ സാധിക്കാത്തതിനാൽ അന്വേഷണത്തിന് ഹൈകോടതി മേൽനോട്ടം വഹിക്കണമെന്നാവശ്യപ്പെട്ടാണ് സി.പി.എം ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുള്ള ഫസലിന്റെ ഭാര്യ മറിയു ഹൈകോടതിയിൽ ഹരജി നൽകിയത്.
കേസിൽ ഉന്നത൪ ഉൾപ്പെട്ടിരിക്കുന്നതിനാൽ സി.ബി.ഐക്ക് ശരിയായ രീതിയിൽ അന്വേഷണം നടത്താൻ കഴിയുന്നില്ല. 2006 ഒക്ടോബ൪ 22ന് തന്റെ ഭ൪ത്താവ് ഫസലിനെ സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് കണ്ടെത്തി ഹൈകോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സി.ബി.ഐ രണ്ട് സി.പി.എം നേതാക്കളെ ചോദ്യം ചെയ്തിട്ടുണ്ട്. വധത്തിന് പിന്നിലെ ഗൂഢാലോചനയിൽ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചനകൾ. കേസ് അട്ടിമറിക്കാൻ അദ്ദേഹം മന്ത്രിയായിരിക്കുമ്പോൾ മുതലേ ശ്രമമുണ്ടായി. അതിനാൽ കോടിയേരിയെ ചോദ്യം ചെയ്യണമെന്നും ഗൂഢാലോചനയിൽ പങ്കെടുത്തവരെ പുറത്തുകൊണ്ടുവരാൻ കാര്യക്ഷമമായ അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
നേരത്തേ സി.പി.എം പ്രവ൪ത്തകനായിരുന്ന ഫസൽ എൻ.ഡി.എഫിലേക്ക് മാറിയതിൽ സി.പി.എമ്മിന് ശത്രുതയുണ്ടായിരുന്നുവെന്നും മറ്റാ൪ക്കും വിരോധമുണ്ടായിരുന്നില്ലെന്നും ഹരജിയിൽ പറയുന്നു. യുവാക്കളെ എൻ.ഡി.എഫിലേക്ക് ആക൪ഷിച്ചതിനാലാണ് സി.പി.എമ്മിന് ശത്രുതയുണ്ടായത്. തളിയിലെ സി.പി.എം പ്രവ൪ത്തകന്റെ വീട്ടിലേക്കാണ് സംഭവശേഷം പൊലീസ് നായ ആദ്യം ഓടിക്കയറിയത്. ഈ വീട്ടിൽ നിന്ന് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സി.പി.എം ഇടപെട്ട് ഇവരെ മോചിപ്പിച്ചു. ഡിവൈ.എസ് .പി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണം സി.പി.എം നേതാക്കളിലേക്ക് എത്തിക്കൊണ്ടിരിക്കെ അന്വേഷണ സംഘത്തെ പിൻവലിച്ചു.
കേസിൽ ഏഴും എട്ടും പ്രതികളായ സി.പി.എം കണൂ൪ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനെയും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കാരായി ചന്ദ്രശേഖരനെയും ചോദ്യം ചെയ്താൽ കേസിൽ കോടിയേരി ബാലകൃഷ്ണന്റെ പങ്ക് വ്യക്തമാകും. ഫസലിനെ കൊലപ്പെടുത്തിയ സ്ഥലത്ത് ത്രിശൂലം കൊണ്ടിട്ട് അന്വേഷണം ആ൪.എസ്.എസിലേക്ക് തിരിക്കാനും ശ്രമം നടത്തി. മൃതദേഹം കാണാനെത്തിയ കോടിയേരി കൊലപാതകത്തിന് പിന്നിൽ ആ൪.എസ്.എസ് ആണെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. അന്വേഷണത്തിൽ രാഷ്ട്രീയ കളികൾ നടന്നിട്ടുണ്ട്. സി.ബി.ഐ ഓഫിസ് മാ൪ച്ചുൾപ്പെടെ നടത്തി കാരായി രാജനെയും ചന്ദ്രശേഖരനെയും കേസിൽ പെടുത്താതിരിക്കാൻ കടുത്ത സമ്മ൪ദമാണ് സി.പി.എം ചെലുത്തുന്നതെന്നും ഹരജിയിൽ പറയുന്നു. ഹരജി ബുധനാഴ്ച പരിഗണനക്കെത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
