മ്യാന്മറുമായി കൂടുതല്‍ വ്യാപാരത്തിന് ഇന്ത്യ
text_fieldsനയ്പിഡാവ്: മൂന്നു ദിവസത്തെ മ്യാന്മ൪ സന്ദ൪ശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് മ്യാന്മറിന് 50 കോടി ഡോളറിന്റെ വായ്പാസഹായം പ്രഖ്യാപിച്ചു. തിങ്കളാഴ്ച മ്യാന്മ൪ പ്രസിഡന്റ് തൈൻ സൈനുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി തന്ത്രപ്രധാനമായ പല കരാറുകളിലും ഒപ്പുവെച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യോമഗതാഗതം ആരംഭിക്കുന്നതുമായി ഇരു നേതാക്കളും ഒപ്പുവെച്ച കരാറാണ് ഇതിൽ ഏറെ ശ്രദ്ധേയം. കരാറിനെ ഉഭയകക്ഷി സഹകരണത്തിലേക്കുള്ള പുതിയ യാത്രയെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
മ്യാന്മറിന്റെ സാമ്പത്തിക വള൪ച്ചക്ക് ആവശ്യമായ സഹകരണം വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി ഇംഫാലിൽനിന്ന് മ്യാന്മറിലെ മന്ദലയിലേക്ക് ബസ് സ൪വീസ് നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ച൪ച്ച നടത്തി.
എക്സ്പോ൪ട്ട് ഇംപോ൪ട്ട് ബാങ്ക് ഓഫ് ഇന്ത്യയും മ്യാന്മ൪ ഫോറിൻ ട്രേഡ് ബാങ്കും തമ്മിലാണ് 50 കോടി ഡോളറിന്റെ വായ്പാ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ മ്യാന്മ൪ പ്രസിഡന്റ് ഇന്ത്യ സന്ദ൪ശിച്ചപ്പോൾ കരാ൪ സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.
1987ൽ രാജീവ് ഗാന്ധിയുടെ സന്ദ൪ശനത്തിനുശേഷം ഇതാദ്യമായാണ് മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെയെത്തുന്നത്. പ്രധാനമന്ത്രിയെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയും അനുഗമിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് കൃഷ്ണ പറഞ്ഞു. ഇരു രാജ്യങ്ങളും പൊതുവായി നേരിടുന്ന പ്രശ്നം അതി൪ത്തിയിലെ വിമത പ്രവ൪ത്തനമാണെന്ന് നിരീക്ഷിച്ച അദ്ദേഹം, നാഗാ തീവ്രവാദികൾക്കെതിരെ മ്യാന്മ൪ വെടിനി൪ത്തൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്തു.
മ്യാന്മറിലെ ജനാധിപത്യ പോരാളി ഓങ് സാൻ സൂചിയുമായി പ്രധാനന്ത്രി മൻമോഹൻ സിങ് ചൊവ്വാഴ്ച യാംഗോനിൽ കൂടിക്കാഴ്ച നടത്തും. രാജ്യത്ത് ജനാധിപത്യ പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകുന്ന സൂചിക്ക് ഐക്യദാ൪ഢ്യം പ്രകടിപ്പിക്കുന്നതിനാണ് മൻമോഹൻ യാംഗോനിലെത്തുന്നത്.
നേരത്തേ, പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ മ്യാന്മറിലെ ജനാധിപത്യ പ്രക്രിയയിൽ ഇന്ത്യയുടെ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
