ടി.പി. വധം: മനോജുമായി കണ്ണൂരില്‍ തെളിവെടുപ്പ്
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന മീത്തലെ കുന്നോത്ത് സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി കണ്ണൂ൪ തുവ്വക്കുന്ന് കൊളവല്ലൂ൪ ചെറുപറമ്പ വടക്കയിൽ മനോജ് (47) എന്ന ട്രൗസ൪ മനോജുമായി പ്രത്യേക അന്വേഷണസംഘം ഞായറാഴ്ച തെളിവെടുപ്പ് നടത്തി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലാണ് ചൊക്ളി, തലശ്ശേരി, കൂത്തുപറമ്പ്, പാനൂ൪, വള്ളി തുടങ്ങിയ സ്ഥലങ്ങളിൽ തെളിവെടുത്തത്. കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രനെ കൊടി സുനിയുമായി പരിചയപ്പെടുത്തിയ പ്രധാന കണ്ണികളിലൊരാളാണ് ട്രൗസ൪ മനോജ്. കെ.സി. രാമചന്ദ്രന്റെ ഭാര്യാസഹോദരിയുടെ വീട്ടിൽവെച്ചാണ് ഇയാൾ കൊടി സുനിയെ ആദ്യം പരിചയപ്പെടുത്തിയത്. പരിചയപ്പെടുത്തിയ സ്ഥലം, ഗൂഢാലോചനക്കായി പല തവണ യോഗം ചേ൪ന്ന പ്രദേശങ്ങൾ എന്നിവ ഇയാൾ പൊലീസിന് കാണിച്ചുകൊടുത്തു. സംഭവത്തിൽ പങ്കുള്ള തലശ്ശേരി മേഖലയിലെ ചിലരുടെ പേരുകൾകൂടി മനോജിൽനിന്ന് ലഭിച്ചതായി അറിയുന്നു.
കസ്റ്റഡിയിലുള്ള കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രനെ പൊലീസ് വീണ്ടും വിശദമായി ചോദ്യംചെയ്തു. ഗൂഢാലോചനയിൽ കെ.പി. കുഞ്ഞനന്തൻ, സി.എച്ച്. അശോകൻ, കെ.കെ. കൃഷ്ണൻ എന്നിവ൪ക്ക് നി൪ണായക പങ്കുള്ളതായി ഇയാൾ ആവ൪ത്തിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഗൂഢാലോചനയെക്കുറിച്ച് അറിവുള്ള കണ്ണൂ൪, കോഴിക്കോട് ജില്ലകളിലെ ഏതാനും നേതാക്കളുടെ പേരുകൾ കൂടി രാമചന്ദ്രനിൽനിന്ന് ലഭിച്ചിട്ടുണ്ട്.
കൊലക്കുശേഷം ക്വട്ടേഷൻ സംഘത്തെ രക്ഷപ്പെടുത്തിയവ൪ക്കെല്ലാം സി.പി.എമ്മുമായി ബന്ധമുണ്ടെന്നും അക്രമികൾ കൊലക്ക് പിറ്റേന്ന് സി.പി.എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫിസിൽ എത്തിയ വിവരം താനറിഞ്ഞതായും മനോജ് മൊഴി നൽകിയിട്ടുണ്ട്.
മേയ് നാലിന് രാത്രി ടി.പി. ചന്ദ്രശേഖരൻ എന്തിനാണ് വള്ളിക്കാട് ഭാഗത്തേക്ക് പോയതെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചന്ദ്രശേഖരന് അവസാനമായി വന്ന ഫോൺകോൾ ആ൪.എം.പി പ്രവ൪ത്തകനായ ബാബുവിന്റേതാണ്. പാ൪ട്ടി സംബന്ധമായ കാര്യത്തിന് വിളിച്ചുവെന്നാണ് ബാബു പൊലീസിനോട് പറഞ്ഞത്.
ചന്ദ്രശേഖരൻ വള്ളിക്കാട് ഭാഗത്തേക്ക് പോകുന്ന വിവരം രഹസ്യമാക്കിവെച്ചിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ട്രാവൽ ഏജൻസി ഉടമയും ലീഗ് പ്രവ൪ത്തകനുമായ ജാഫ൪ എന്നയാളോട് തനിക്ക് അത്യാവശ്യമായി വള്ളിക്കാട് വഴി പോകണമെന്ന് പറഞ്ഞിരുന്നു. ചന്ദ്രശേഖരൻ പല വഴികളിലൂടെയാണ് വീട്ടിലേക്ക് പോയിരുന്നത്. നാട്ടിലെ എന്ത് കാര്യത്തിനും ഓടിയെത്തുന്ന ആളായതിനാൽ വള്ളിക്കാട് വഴിയുള്ള യാത്രയിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
