ബാര്‍ബര്‍ ഷോപ്പ് ജീവനക്കാര്‍ക്ക് നിര്‍ബന്ധ പരിശീലനം നല്‍കുന്നു
text_fieldsഅബൂദബി: അബൂദബിയിലെ ബാ൪ബ൪ ഷോപ്പ് ജീവനക്കാ൪ക്ക് നി൪ബന്ധ പരിശീലനം നൽകുന്നു. അബൂദബി മുനിസിപ്പാലിറ്റി ഇതിന് പദ്ധതി തയാറാക്കാൻ നടപടി തുടങ്ങി. ബാ൪ബ൪ ഷോപ്പുകളിലും ബ്യൂട്ടി പാ൪ലറുകളിലും ആരോഗ്യ-ശുചിത്വ മാ൪ഗനി൪ദേശങ്ങൾ ക൪ശനമാക്കാനും ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കുന്നത് കണ്ടുപിടിക്കാൻ പരിശോധന വ്യാപകമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ മേഖലയിൽ പ്രവ൪ത്തിക്കുന്ന പല സ്ഥാപനങ്ങൾക്കുമെതിരെ പരാതി ലഭിക്കുന്ന സാഹചര്യത്തിലാണിതെന്ന് ബന്ധപ്പെട്ടവ൪ വ്യക്തമാക്കി.
ഏതാണ്ട് 600 ബാ൪ബ൪ ഷോപ്പുകളാണ് അബൂദബിയിലുള്ളത്. ഇവിടെ ജോലി ചെയ്യുന്ന എല്ലാവ൪ക്കും ചുരുങ്ങിയത് 12 മണിക്കൂ൪ നേരം നി൪ബന്ധ പരിശീലനം നൽകും. ആരോഗ്യ-ശുചിത്വ മാ൪ഗനി൪ദേശങ്ങളെ കുറിച്ചാണ് ക്ളാസ്. 10 കമ്പനികൾക്ക് പുറമെ ചില യൂനിവേഴ്സിറ്റികളെയും ഇതിന് ചുമതലപ്പെടുത്തും.
ക്ളാസിൽ പങ്കെടുക്കാൻ ചെറിയ ഫീസ് നൽകണം. വിജയകരമായി പരിശീലനം പൂ൪ത്തിയാക്കുന്നവ൪ക്ക് സ൪ട്ടിഫിക്കറ്റ് നൽകും. പിന്നീട്, ബാ൪ബ൪ ഷോപ്പിൽ ജോലി ചെയ്യുന്നവ൪ക്ക് ഈ സ൪ട്ടിഫിക്കറ്റ് നി൪ബന്ധമാക്കുമെന്ന് അബൂദബി മുനിസിപ്പാലിറ്റി പൊതുജനാരോഗ്യ വിഭാഗം ഡയറക്ട൪ ഖലീഫ മുഹമ്മദ് അൽ റുമൈതി പറഞ്ഞു.
വളരെ വേഗം പല തരം രോഗങ്ങൾ പടരാൻ ഏറ്റവും സാധ്യതയുള്ള കേന്ദ്രങ്ങളായാണ് ബാ൪ബ൪ ഷോപ്പുകളെ കണക്കാക്കുന്നത്. ഇവിടെ ജോലി ചെയ്യുന്നവരിൽ നിന്നും ഇവിടെ എത്തുന്ന ജനങ്ങളിൽനിന്നും പരസ്പരം രോഗം പടരാൻ സാധ്യതയുണ്ട്. ഇത് തടയാനാണ് ബാ൪ബ൪ ഷോപ്പിലെ വിവിധ തരം ഉപകരണങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ക൪ശന നിയന്ത്രണങ്ങൾ ഏ൪പ്പെടുത്തിയത്. ബ്ളേഡ് ഉൾപ്പെടെയുള്ളവ ഒരു തവണ മാത്രം ഉപയോഗിക്കുക, ഓരോ തവണയും ഉപകരണങ്ങൾ അണുമുക്തമാക്കുക തുടങ്ങിയവ ഇതിൽപ്പെടുന്നു. അബൂദബിയിലെ ബാ൪ബ൪ ഷോപ്പുകളിൽ ഷേവിങ് ഉപകരണങ്ങൾ ഒരു തവണ മാത്രം ഉപയോഗിക്കാനുള്ള നി൪ദേശം ഉടൻ പ്രാബല്യത്തിൽ വരും. ബ്ളേഡ്, ചെറിയ ചീ൪പ്പ് തുടങ്ങിയവ ഉൾപ്പെടുന്ന പ്രത്യേക കിറ്റ് ഓരോ വ്യക്തിക്കും വെവ്വേറെ ഉപയോഗിക്കണം.
ആരോഗ്യ-ശുചിത്വ മാ൪ഗനി൪ദേശങ്ങൾ പലരും തുട൪ച്ചയായി ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി അൽ റുമൈതി വ്യക്തമാക്കി. മാ൪ഗനി൪ദേശങ്ങളെ കുറിച്ച് തീരെ അവബോധമില്ലാത്ത പ്രശ്നവുമുണ്ട്. ഈ സാഹചര്യത്തിലാണ് പരിശീലനം നൽകുന്നത്. പ്രത്യേകിച്ച് ഷേവിങ് നടത്തുന്ന ജോലിക്കാ൪ക്ക് ഇത് നി൪ബന്ധമാണ്. ആരോഗ്യ-ശുചിത്വ മാ൪ഗനി൪ദേശങ്ങൾ, ബാ൪ബ൪ ഷോപ്പ് ജോലിക്കാരിൽനിന്ന് ഉപഭോക്താവിലേക്കും തിരിച്ചും രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ, ഒരു ഉപഭോക്താവിൽനിന്ന് മറ്റൊരു ഉപഭോക്താവിലേക്ക് രോഗം പടരാതിരിക്കാനുള്ള നടപടികൾ, ഉപകരണങ്ങൾ സൂക്ഷിക്കേണ്ട രീതികൾ, ഉപകരണങ്ങൾ അണുമുക്തമാക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് പുറമെ പൊതുവായ ആരോഗ്യ, ശുചിത്വ നിയമങ്ങളും ക്ളാസിലുണ്ടാകും.
ബാ൪ബ൪ ഷോപ്പിൽ ജോലി ചെയ്യുമ്പോൾ പ്രത്യേക വസ്ത്രവും മാസ്കും നി൪ബന്ധമായി ധരിക്കണം. ചുമ, കഫക്കെട്ട്, ജലദോഷം തുടങ്ങിയവ ബാധിച്ചവ൪ ജോലിയിൽനിന്ന് വിട്ടുനിൽക്കാനും നി൪ദേശമുണ്ട്. ശരീരത്തിൽ, പ്രത്യേകിച്ച് കയ്യിൽ മുറിവുള്ളവരും ജോലി ചെയ്യരുത്.
മറ്റൊരു പ്രധാന നി൪ദേശം, ബാ൪ബ൪ ഷോപ്പിൽ ഉപയോഗിക്കുന്ന ടവ്വലും ഷീറ്റും മറ്റും വൃത്തിയാക്കാൻ വാഷിങ് മെഷീൻ വേണമെന്നാണ്. ബാ൪ബ൪ ഷോപ്പിലേക്ക് വിവിധ തരം ക്രീമുകളും മറ്റും വാങ്ങുമ്പോൾ ഇവ വ്യാജമാണോയെന്ന് പരിശോധിക്കണം. വ്യാജ ഉൽപന്നങ്ങൾ കണ്ടെത്തിയാൽ ബാ൪ബ൪ ഷോപ്പ് നടത്തിപ്പുകാ൪ക്കെതിരെ ക൪ശന നടപടിയുണ്ടാകും.
പുതിയ നി൪ദേശങ്ങൾ തങ്ങളുടെ ചെലവ് വ൪ധിപ്പിക്കുമെന്ന് പല ബാ൪ബ൪ ഷോപ്പുകാരും പരാതിപ്പെടുന്നുണ്ടെങ്കിലും ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് അൽ റുമൈതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
