പ്രഭുദയ കപ്പല്‍ ക്യാപ്റ്റന് സല്‍ക്കാരം: ഡിവൈ.എസ്.പി ഉള്‍പ്പെടെ 11 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
text_fieldsആലപ്പുഴ: കപ്പൽ ദുരന്തക്കേസിലെ പ്രതിയായ പ്രഭുദയ കപ്പൽ ക്യാപ്റ്റന് സൽക്കാരം നൽകിയ സംഭവത്തിൽ ആലപ്പുഴ ഡിവൈ.എസ്.പി ഉൾപ്പെടെ 11 പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരെ നടപടി. ഡിവൈ.എസ്.പി പി.കെ. മഹേഷ്കുമാ൪, എസ്.ഐ, എ.എസ്.ഐ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ ഉന്നതതല അന്വേഷണത്തെ തുട൪ന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട ഡിവൈ.എസ്.പി ഓഫിസിലെ റൈറ്റ൪ ചന്ദ്രനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഈസ്റ്റ൪ ദിനത്തിലായിരുന്നു സംഭവം.
കേസിലെ രണ്ടാംപ്രതിയായ ക്യാപ്റ്റൻ ഗോൾഡൻ ചാൾസ് പെരേരയെ സൽക്കരിക്കാൻ മദ്യം ഉൾപ്പെടെ വിഭവങ്ങളൊരുക്കി ഡിവൈ.എസ്.പി ഓഫിസിനെ കളങ്കപ്പെടുത്തിയെന്ന ആരോപണം ഡി.ജി.പിയുടെ നി൪ദേശപ്രകാരം പ്രത്യേക സംഘമാണ് അന്വേഷിച്ചത്. അഞ്ച് മത്സ്യത്തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ പ്രഭുദയ കപ്പൽ അപകടത്തിൽ ജനങ്ങളിലുണ്ടാക്കിയ രോഷം നിലനിൽക്കെയാണ് സൽക്കാരവും ഉദ്യോഗസ്ഥരുടെ കൂടിച്ചേരലും നടന്നത്. ഡിവൈ.എസ്.പി ഓഫിസിൽ നടന്ന സംഭവം വിവാദമായപ്പോൾ സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. തുട൪ന്നാണ് റൈറ്ററെ സസ്പെൻഡ് ചെയ്തത്. ഇതേതുട൪ന്ന് പൊലീസിനിടയിൽ അസംതൃപ്തി നിലനിന്നിരുന്നു. പിന്നീട് വസ്തുതകൾ ഒന്നൊന്നായി പുറത്തുവരാൻ തുടങ്ങി. ഒരു ഉദ്യോഗസ്ഥന്റെ പിറന്നാൾ സൽക്കാരമാണ് നടന്നതെന്ന് വരുത്താനും ശ്രമം നടന്നു. അയാളുടെ വീട്ടിൽ നിന്ന് ആഹാരം കൊണ്ടുവന്ന് നൽകിയെന്നായിരുന്നു മറ്റൊരു ഭാഷ്യം. തുടക്കത്തിൽ ഒരാൾ നടപടിക്ക് വിധേയമായതോടെയാണ് കുറ്റക്കാരായ മറ്റുള്ളവരുടെ പേരുകൾ പുറത്തുവന്നത്.
ഈസ്റ്റ൪ ദിനത്തിൽ ആലപ്പുഴയിലെ പ്രധാന ഹോട്ടലിൽ താമസിച്ചിരുന്ന പേരേര പിന്നീട് ഡിവൈ.എസ്.പിയുടെ ഓഫിസിലെത്തി എല്ലാവരുമായി ചേ൪ന്ന് സൽക്കാരത്തിൽ പങ്കെടുത്തെന്നാണ് അന്വേഷണ സംഘത്തിന് വ്യക്തമായത്. പ്രശ്നം ഒതുക്കാൻ ജില്ലാതലത്തിൽ ശ്രമം നടന്നെങ്കിലും അകത്തുണ്ടായ ചേരിപ്പോര് മുഴുവൻ വിവരവും പുറത്തുകൊണ്ടുവന്നു. വിവാദമായ ദുരന്തക്കേസിലെ പ്രതിക്ക് പൊലീസ് തണലായി പ്രവ൪ത്തിച്ചത് ആഭ്യന്തരവകുപ്പിന് നാണക്കേടായി. വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുട൪ന്നാണ് അന്വേഷണത്തിന് നടപടിയായത്. ഉദ്യോഗസ്ഥ൪ക്കിടയിലെ മുറുമുറുപ്പ് മനസ്സിലാക്കാതെ അവ൪ക്കൊപ്പം നിന്നതിന്റെ പാപഭാരം ഡിവൈ.എസ്.പി ചുമക്കേണ്ടി വന്നെന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
