പല്ല് കൊഴിയുന്ന നാറ്റോ
text_fieldsലോകത്തെ കൈയിലെടുത്ത് അമ്മാനമാടിയിരുന്ന നോ൪ത് അറ്റ്ലാന്റിക് ട്രീറ്റി ഓ൪ഗനൈസേഷൻ എന്ന സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളുടെ കൂട്ടുമുന്നണി എന്തുമാത്രം ദു൪ബലമായിപ്പോയി എന്നു വ്യക്തമാക്കുന്നതായിരുന്നു മേയ് 20, 21 തീയതികളിൽ അമേരിക്കയിലെ ഷികാഗോയിൽ നടന്ന നാറ്റോ ഉച്ചകോടി. ശക്തമായ എന്തെങ്കിലും തീരുമാനങ്ങളെടുക്കാനോ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാനുള്ള ശക്തി പ്രകടിപ്പിക്കാനോ നാറ്റോക്ക് സാധിച്ചില്ല. അമേരിക്കയടക്കം 28 നാറ്റോ അംഗരാഷ്ട്രങ്ങളുടെ തലവന്മാരെക്കൂടാതെ 50 രാഷ്ട്ര നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. എന്നാൽ, ഉച്ചകോടിയെക്കാൾ പലപ്പോഴും ശ്രദ്ധിക്കപ്പെട്ടത് അതിനെതിരെ ഷികാഗോയിൽ നടന്ന രൂക്ഷവും ശക്തവുമായ ജനകീയ സമരപരിപാടികളായിരിക്കും. 'വാൾസ്ട്രീറ്റ് പിടിച്ചെടുക്കൽ പ്രക്ഷോഭ'ത്തിനുശേഷം അമേരിക്കയിൽ ഉയ൪ന്നുവരുന്ന ജനകീയ സമരങ്ങളുടെ തുട൪ച്ച ഷികാഗോ ഉച്ചകോടി പരിസരത്തും ശക്തമായിരുന്നു. മുതലാളിത്തത്തിന്റെ ഗ൪ഭഗൃഹങ്ങളിൽതന്നെ അതിനെതിരെയുയരുന്ന എതി൪ശബ്ദങ്ങൾ പുതിയ യൂറോ സോൺ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
11 വ൪ഷംമുമ്പ്, നാറ്റോയുടെ മേൽവിലാസത്തിൽ, അമേരിക്കൻ നേതൃത്വത്തിൽ തുടങ്ങിയ അഫ്ഗാൻ അധിനിവേശം അവസാനിപ്പിക്കാൻ ഔദ്യോഗികമായി തീരുമാനിച്ചതാണ് നാറ്റോ ഉച്ചകോടിയെ ശ്രദ്ധേയമാക്കുന്നത്. 2014ഓടെ, അഫ്ഗാനിസ്താനിൽ വിന്യസിച്ചിരിക്കുന്ന 1,30,000 നാറ്റോ സൈനികരെ പിൻവലിക്കാനുള്ള നി൪ദേശത്തിന് ഉച്ചകോടി അംഗീകാരം നൽകിയിരിക്കുകയാണ്. അഫ്ഗാനികളോടുള്ള സ്നേഹംകൊണ്ടോ അധിനിവേശത്തിനെതിരായ താത്ത്വിക നിലപാടുകൊണ്ടോ അല്ല ഈ പിന്മാറ്റ തീരുമാനം. മറിച്ച്, രണ്ടു ദിവസംകൊണ്ട് അഫ്ഗാനിസ്താനെ ഇടിച്ചുപൊളിച്ച് കൈയിൽ കൊടുക്കാം എന്ന ചിന്തയുമായി അവിടെയെത്തിയ നാറ്റോ പടക്കെതിരെ അസാമാന്യമായ ചെറുത്തുനിൽപാണ് താലിബാന്റെ നേതൃത്വത്തിൽ അവിടെയുണ്ടായത്. 11 വ൪ഷം കഴിഞ്ഞിട്ടും തലസ്ഥാനമായ കാബൂളിലെ ഏറ്റവും 'സുരക്ഷിത' കേന്ദ്രങ്ങളെപ്പോലും സംരക്ഷിച്ചുനി൪ത്താൻ അവ൪ക്ക് സാധിച്ചിട്ടില്ല. നിരവധി നാറ്റോ ഭടന്മാ൪ക്ക് ജീവഹാനി നേരിട്ടു. എല്ലാറ്റിലുമുപരി, അധിനിവേശത്തിന്റെ സാമ്പത്തിക ഘടകം അവരെ ശരിക്കും ഉലക്കുകയായിരുന്നു. നാല് ബില്യൻ ഡോളറാണ് ഈ വ൪ഷത്തെ നാറ്റോയുടെ അഫ്ഗാൻ ചെലവ്. പ്രസ്തുത ചെലവിലേക്ക് അംഗരാജ്യങ്ങളുടെ വിഹിതം ആവശ്യപ്പെട്ടുകൊണ്ടുള്ള ഉച്ചകോടിയിലെ അഭ്യ൪ഥനക്ക് വളരെ വിരസമായ പ്രതികരണമാണ് ലഭിച്ചത്. ജൂലൈയിൽ ഈ വിഷയത്തിൽ ടോക്യോവിൽ പ്രത്യേകം യോഗം വിളിക്കാനും തീരുമാനിച്ചിരിക്കുകയാണ്.
അഫ്ഗാനിസ്താനിലെ നാറ്റോ സൈനിക൪ക്ക് ചരക്കുകളും വിഭവങ്ങളും എത്തിക്കാനുള്ള പാത പാകിസ്താൻ കഴിഞ്ഞ നവംബ൪ മുതൽ അടച്ചിട്ടിരിക്കുകയാണ്. തങ്ങളുടെ 24 സൈനികരെ നാറ്റോ സേന വധിച്ചതാണ് പാകിസ്താന്റെ പ്രകോപനം. പാക് പ്രസിഡന്റ് ആസിഫലി സ൪ദാരിയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ച് പാത തുറക്കാൻ അഭ്യ൪ഥിച്ചെങ്കിലും പാകിസ്താൻ അതിന് സന്നദ്ധമായിട്ടില്ല. ദു൪ബലനും അമേരിക്കൻ ദാസനുമായ സ൪ദാരിയാകട്ടെ, പാകിസ്താനിലെ കടുത്ത ജനരോഷം ഭയക്കുന്നതുകൊണ്ടാണ് പാത തുറക്കാൻ സന്നദ്ധമാകാത്തത്. ദിഫായെ പാകിസ്താൻ കമ്മിറ്റി എന്ന പേരിൽ ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മത, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ, നാറ്റോ പാത തുറക്കാനുള്ള നീക്കത്തിനെതിരെ ബഹുജന പ്രക്ഷോഭങ്ങൾ അവിടെ നേരത്തേ ആരംഭിച്ചുകഴിഞ്ഞിരുന്നു. അങ്ങനെ നാട്ടിലും മറുനാട്ടിലും ജനങ്ങളാൽ വെറുക്കപ്പെട്ട രാഷ്ട്രാന്തരീയ സംഘടനയായി നാറ്റോ മാറിയിരിക്കുകയാണ്.
റഷ്യൻ പ്രസിഡന്റ് പുടിനെ ഉച്ചകോടിയിൽ പങ്കെടുപ്പിക്കാനുള്ള ശ്രമവും വിജയിച്ചില്ല. താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരെ പറഞ്ഞയക്കുകയാണ് റഷ്യ ചെയ്തത്. അംഗരാജ്യങ്ങളിൽ പുതിയ മിസൈൽ കവച റഡാ൪ സംവിധാനങ്ങൾ സ്ഥാപിക്കാനുള്ള നാറ്റോ തീരുമാനം റഷ്യയെ ചൊടിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ ആണവ, ആയുധ ലക്ഷ്യങ്ങളെ പുതിയ സംവിധാനം ബാധിക്കുമെന്ന് റഷ്യ ഭയക്കുന്നു. എന്നാൽ, റഷ്യയല്ല, ഇറാനാണ് തങ്ങളുടെ ലക്ഷ്യമെന്ന് നാറ്റോ ആവ൪ത്തിച്ചുപറയുന്നുണ്ടെങ്കിലും വിശ്വാസത്തിലെടുക്കാൻ അവ൪ സന്നദ്ധമായിട്ടില്ല. മിസൈൽ കവച പദ്ധതിക്കെതിരെ അതി൪ത്തിയിൽ റോക്കറ്റുകൾ വിന്യസിക്കുമെന്ന് റഷ്യ ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്.
യൂറോസോൺ പ്രതിസന്ധി (യൂറോ വിനിമയ നാണയമായി ഉപയോഗിക്കുന്ന രാജ്യങ്ങളിലെ സാമ്പത്തിക ഉലച്ചിൽ) നാറ്റോയുടെ സാധ്യതകളെ അത്യന്തം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അഫ്ഗാനിസ്താൻ അടക്കമുള്ള ഏറ്റെടുത്ത ദൗത്യങ്ങൾ മാന്യമായി അവസാനിപ്പിക്കാനുള്ള വഴിയെക്കുറിച്ചാണ് അവ൪ ചിന്തിക്കുന്നത്. ലോകത്തെ വിറപ്പിച്ചുനി൪ത്തിയിരുന്ന ഈ സാമ്രാജ്യത്വ സ്ഥാപനത്തിന്റെ പല്ലുകൾ കൊഴിയുന്നതിന്റെ ചിത്രമാണ് ഷികാഗോ ഉച്ചകോടി നൽകിയത്. ഒപ്പം, പുതിയ ലോകക്രമത്തിനായി ലോകത്താകമാനം ഉയ൪ന്നുപൊങ്ങുന്ന ജനകീയ പ്രതിരോധ പ്രസ്ഥാനങ്ങൾ ലക്ഷ്യം നേടിക്കൊണ്ടിരിക്കുന്നു എന്ന ആഹ്ലാദവും. ഏകധ്രുവ ലോകം എന്ന പേരിൽ നമ്മളൊക്കെ ആശങ്കിച്ചിരുന്ന കാര്യങ്ങളൊന്നും അത്ര എളുപ്പത്തിൽ നടക്കാൻ പോകുന്നില്ലെന്നും ലോകം ഒരുപാട് മാറിപ്പോയെന്നുമുള്ള സന്ദേശമാണ് പുതിയ സംഭവഗതികൾ നൽകുന്നത്. ഇനിയും ഏറെ മാറേണ്ട ലോകത്ത് അതിനായി പണിയെടുക്കുന്നവ൪ക്ക് തീ൪ച്ചയായും പ്രതീക്ഷകളുമുണ്ട്.