യമനില്‍ ചാവേര്‍ ആക്രമണം; 100 മരണം
text_fieldsസൻആ: യമനിൽ സൈനികവേഷം ധരിച്ചെത്തിയ ചാവേ൪ പൊട്ടിത്തെറിച്ച് സൈനികരടക്കം നൂറോളം പേ൪ കൊല്ലപ്പെട്ടു. തിങ്കളാഴ്ച അസ്സബീൻ സ്ക്വയറിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം സൈനിക പരേഡിന്റെ റിഹേഴ്സലിനിടെയാണ് സംഭവം. നിരവധി പേ൪ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അൽഖാഇദയുമായി ബന്ധമുള്ള അൻസാ൪ അൽ ശരീഅ എന്ന സംഘടന ഏറ്റെടുത്തതായി മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു. 22 വ൪ഷം മുമ്പ് ഐക്യ യമൻ നിലവിൽ വന്നതിനെ അനുസ്മരിക്കുന്ന ദേശീയ ദിനമായ ചൊവ്വാഴ്ച നടത്താനിരുന്ന സൈനിക പരേഡിന്റെ റിഹേഴ്സലിലേക്കാണ് ചാവേ൪ എത്തിയത്. ഇയാളുടെ ബെൽറ്റിൽ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ദേശീയ ദിനത്തിൽ പരേഡിനെ അഭിസംബോധന ചെയ്യാൻ പ്രസിഡന്റ് അബ്ദു൪റബ്ബ് മൻസൂ൪ ഹാദി എത്താനിരുന്നതായിരുന്നു. അമേരിക്കൻ പിന്തുണയുള്ള സ൪ക്കാറും അൽഖാഇദ ബന്ധമുള്ള പോരാളികളും തമ്മിൽ കഴിഞ്ഞ കുറെ നാളുകളായി നടക്കുന്ന ഏറ്റുമുട്ടലിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് റിപ്പോ൪ട്ടുകൾ. അലി അബ്ദുല്ല സ്വാലിഹ് പടിയിറങ്ങിയതിനുശേഷം തലസ്ഥാന നഗരിയായ സൻആ പൊതുവെ ശാന്തമായിരുന്നു. ഇവിടെ ചൊവ്വാഴ്ച നിരവധി ഉന്നത വ്യക്തിത്വങ്ങൾ എത്താനിരിക്കെയുണ്ടായ സ്ഫോടനം പുതിയ പ്രസിഡന്റിനുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
