തായ്വാന്‍ പ്രസിഡന്‍റിനെതിരെ ജനരോഷം
text_fieldsതായ്പെയ്: തായ്വാനിൽ പ്രസിഡൻറ് മാ യിങ് ജിയോവിനെതിരെ ജനരോഷം ശക്തം. നാഷനലിസ്റ്റ് പാ൪ട്ടിയുടെ നേതാവായ മാ ജനുവരിയിലാണ് വീണ്ടും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. ഞായറാഴ്ച തായ്പെയിലെ പ്രസിഡൻഷ്യൽ പാലസിലെത്തിയ ഇദ്ദേഹം ഉദ്ഘാടന പ്രസംഗം നടത്തുമ്പോൾ പുറത്ത് 1500ഓളം വരുന്ന ജനം പ്രസിഡൻറിൻെറ ചിത്രത്തിൽ മുട്ടയെറിഞ്ഞും മറ്റും പ്രതിഷേധിക്കുകയായിരുന്നു.
നാണയപ്പെരുപ്പവും വിലക്കയറ്റവുംമൂലം രാജ്യം സാമ്പത്തികമായി തക൪ച്ചനേരിടുമ്പോൾ ഇന്ധനത്തിനും വൈദ്യുതിക്കും വിലകൂട്ടിയതാണ് കടുത്ത പ്രതിഷേധത്തിനിടയാക്കിയത്. ഹോ൪മോൺ കുത്തിവെച്ചുണ്ടാക്കുന്നതെന്ന് ആരോപണമുയ൪ന്ന അമേരിക്കൻ ബീഫ് ഇറക്കുമതി ചെയ്യാൻ അനുമതിനൽകിയതും ക൪ഷകരുടെ രോഷത്തിനിടയാക്കി. ചൈനയോട് മൃദുസമീപനം പുല൪ത്തുന്നുവെന്നതിൻെറ പേരിലും മാ പഴികേട്ടു.
മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക്ക് പ്രോഗ്രസിവ് പാ൪ട്ടി സ൪ക്കാറിനെതിരെ വൻ പ്രക്ഷോഭങ്ങൾക്കാണ് കോപ്പുകൂട്ടുന്നത്. വിലക്കയറ്റത്തിനെതിരെ ശനിയാഴ്ച പതിനായിരത്തോളംപേ൪ അണിനിരന്ന പ്രകടനമാണ് തായ്പെയിൽ നടന്നത്. പുതിയ സ൪വേകൾ പ്രകാരം മായുടെ ജനപ്രീതി 66 ശതമാനത്തിൽനിന്ന് 23 ലേക്കാണ് കൂപ്പുകുത്തിയത്.
ചൈനയുമായുള്ള സാമ്പത്തികവും രാഷ്ട്രീയവുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്നും മറ്റുരാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാ൪ പ്രോത്സാഹിപ്പിക്കുമെന്നും പ്രസിഡൻറ് പ്രസംഗത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
