അവശതകള്‍ മറക്കാന്‍ വാര്‍ധക്യത്തിലൊരു ‘പകല്‍വീട്’
text_fieldsകൊച്ചി: വാ൪ധക്യം നമുക്ക് എങ്ങിനെയെല്ലാം വിനിയോഗിക്കാം. ചില൪ക്കത് ആലസ്യത്തിൻെറ കാലമാണ്. മറ്റുചില൪ കൊച്ചുമക്കളെ നോക്കി കാലം കഴിക്കും. ഇനിയും ചിലരാകട്ടെ ടി.വി കണ്ടും പരദൂഷണം പറഞ്ഞും സമയം കൊല്ലും. എന്നാലിതിൽ നിന്നെല്ലാം വ്യത്യസ്തരായ ചിലരെ നമുക്ക് പരിചയപ്പെടാം.
കച്ചേരിപ്പടിയിലെ ഗാന്ധിഭവൻ കേന്ദ്രമാക്കി പ്രവ൪ത്തിക്കുന്ന പകൽവീട് എന്ന കൂട്ടായ്മയിലെ അംഗങ്ങളാണിവ൪. പി.ജി. കൃഷ്ണൻ നായ൪ എന്ന കൃഷ്ണേട്ടൻ, എം.ആ൪. രാജേന്ദ്രൻ നായ൪ എന്ന രാജേട്ടൻ, പി.കെ. മേരി എന്ന ‘പറഞ്ഞാൽ കേൾക്കാത്ത’ മേരി, കാരണവരായ എബ്രഹാം ഹോ൪മിസ് ഇങ്ങനെ നൂറിലധികം പേരാണ് പകൽവീട്ടിലെ അംഗങ്ങൾ.
ഇനി അൽപ്പം ചരിത്രം. 2010 നവംബ൪ ഒന്നിനാണ് പകൽ വീടിൻെറ ‘പാലുകാച്ചൽ’ ചടങ്ങ് നടന്നത്. എം.ആ൪. രാജേന്ദ്രൻ നായ൪ തൻെറ മനസ്സിലുണ്ടായ ആശയത്തെ മറ്റുള്ളവരുമായി പങ്കുവെക്കുകയും അതൊരു കൂട്ടായ്മയായി വളരുകയുമായിരുന്നു. ആരോഗ്യ വകുപ്പ് മുൻ ജീവനക്കാരി മേരി യാണ് പകൽവീടെന്ന പേര് നി൪ദേശിച്ചത്. മേരിച്ചേച്ചി ആരോഗ്യ വകുപ്പിലുണ്ടായിരുന്ന കാലത്ത് ആശുപത്രിയിൽ ഒരു വല്ല്യമ്മ ഇടക്കിടക്ക് വരും. എന്നാലവ൪ക്ക് കാര്യമായ അസുഖമൊന്നുമുണ്ടായിരുന്നില്ല. ഒരിക്കൽ ഈ വരവിൻെറ രഹസ്യം അവ൪ മേരിയോട് പറഞ്ഞു. വീട്ടിലിരുന്ന് മടുക്കുമ്പോൾ ഒന്ന് പുറത്തിറങ്ങാൻ വല്ല്യമ്മ കണ്ടെത്തിയ മാ൪ഗമായിരുന്നു രോഗം. അന്ന് മേരി എടുത്ത തീരുമാനമാണ് വാ൪ധക്യം നേരിടുന്നവ൪ക്കായുള്ള കൂട്ടായ്മ. അതുകൊണ്ടുതന്നെ ഈ സംഘത്തിലെ ഏറ്റവും സജീവമായ താരം മേരിയാണ്.
ദിവസവും രാവിലെ പത്തരക്ക് സംഘാംഗങ്ങൾ ഗാന്ധിഭവൻ ഓഫിസിലെത്തും. അവിടെ ച൪ച്ചകളും സംവാദങ്ങളുമായി അവ൪ സജീവമാകും. വീട്ടിൽ പറയാൻ പറ്റാത്തതും ഇവിടെ പറയാമെന്നത് കൊണ്ടാണ് താനിവിടെ വരുന്നതെന്ന് മുൻ കസ്റ്റംസ് ഉദ്യോഗസ്ഥൻ ദേവദാസ് പറയുന്നു.
എന്നാൽ, ഇത്തരം സൊറ പറച്ചിലുകളല്ല പകൽവീടിനെ ശ്രദ്ധേയമാക്കുന്നത്. ആരംഭിച്ച് ഒന്നരവ൪ഷം പിന്നിടുമ്പോൾ നിരവധി മുന്നേറ്റങ്ങൾ ഈ ചെറിയ കൂട്ടായ്മയിലൂടെ ഇവ൪ക്ക് ഉണ്ടാക്കാൻ കഴിഞ്ഞു. എല്ലാ ആഴ്ചയും സംവാദങ്ങൾ സംഘടിപ്പിക്കുക, മാസത്തിലൊരിക്കൽ കുടുംബസംഗമങ്ങൾ നടത്തുക, കുട്ടികളെ സംഘടിപ്പിച്ച് സേവന പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകുക.... ഇങ്ങനെ വാ൪ധക്യത്തെ സജീവമാക്കുകയാണ് പകൽവീട്. കുറച്ചുമാസമായി സി.എ. വിജയചന്ദ്രൻെറ പത്രാധിപത്യത്തിൽ വാ൪ത്താ ബുള്ളറ്റിനും പുറത്തിറക്കുന്നു. അടുത്ത ലക്ഷ്യം സ്വന്തം വെബ്സൈറ്റാണ്.
പകൽവീട് ഒരു മാതൃകയാണ്. വാ൪ധക്യത്തിൻെറ അവശതകൾ മറന്ന് ക൪മോത്സുകരാകാൻ എല്ലാവരെയും പ്രേരിപ്പിക്കുന്ന മാതൃക. ആയു൪ദൈ൪ഘ്യം ഏറുകയും സമൂഹത്തിൽ വൃദ്ധരുടെ എണ്ണം വ൪ധിക്കുകയും ചെയ്യുമ്പോൾ പ്രത്യേകിച്ചും അംഗത്വ ഫീസില്ലാതെ വിദേശ ഫണ്ടുകളില്ലാതെ സ്വന്തം കീശയിൽ നിന്ന് പണം മുടക്കിയാണ് ഇവരുടെ പ്രവ൪ത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
