വിഗ്രഹത്തിലെ ആഭരണങ്ങള്‍ മോഷ്ടിച്ച പൂജാരിയെ ക്ഷേത്ര ഭാരവാഹികള്‍ പൊലീസിലേല്‍പ്പിച്ചു
text_fieldsപോത്തൻകോട്: അടുത്തിടെ നിയമിതനായ പൂജാരി വിഗ്രഹത്തിൽ ചാ൪ത്തിയിരുന്ന ആഭരണങ്ങൾ കവ൪ന്നശേഷം കടന്നു. ക്ഷേത്രഭാരവാഹികൾ ഇയാളെ തന്ത്രപൂ൪വം വിളിച്ചുവരുത്തി പൊലീസിലേൽപ്പിച്ചു. നന്നാട്ടുകാവ് പിള്ളയമ്മാച്ചൻ ക്ഷേത്രത്തിലാണ് സംഭവം. ആലപ്പുഴ സ്വദേശി സുബ്രഹ്മണ്യംപോറ്റിയാണ് (52) പിടിയിലായത്. പത്രപരസ്യം കണ്ട് കഴിഞ്ഞ ഒന്നിനാണ് ഇയാൾ പൂജാരിയായി ചുമതലയേറ്റത്. ഏഴിന് രാവിലെ വീട്ടിലേക്ക് പുറപ്പെട്ട ഇയാൾ വൈകുന്നേരം ക്ഷേത്രഭാരവാഹികളെ ഫോണിൽ വിളിച്ച് ബന്ധു മരിച്ചതായും വരാൻ വൈകുമെന്നും അറിയിച്ചു. പിന്നീട് തിരിച്ചുവിളിച്ചപ്പോൾ ഇയാൾ വീട്ടിലുണ്ടെന്ന് മനസ്സിലായി.
സംശയം തോന്നിയ ഭാരവാഹികൾ ക്ഷേത്രം തുറന്നുപരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതറിഞ്ഞത്. ആഭരണങ്ങൾക്ക് പകരം ചെമ്പ് കമ്പി വളച്ച് വിഗ്രഹത്തിൽ ചാ൪ത്തിയിരുന്നു. സ്വ൪ണത്തിൽ തീ൪ത്ത പൂണൂൽ, താലി, മാല, പൊട്ട് എന്നിവ ഉൾപ്പെടെ രണ്ട് പവനോളം നഷ്ടപ്പെട്ടു. ആഭരണങ്ങൾ കല്ലറയിലെ ജ്വല്ലറിയിൽ വിറ്റെന്ന സുബ്രഹ്മണ്യംപോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിന്നീട് കണ്ടെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.